Monday, 9 December 2013

നാല്പതാം വെള്ളി

കോഴിക്കൂടിന്‍റെ അടുത്ത് നില്ക്കുന്ന കപ്പളത്തിനാണെങ്കില്‍ നല്ല നീളമുള്ളകൈകളാണ്. നീല നിറവും. അതിന്‍റെ പഴങ്ങളും നീണ്ടതാണ്. പഴം നീളത്തില്‍ കീറി കൈയിലെടുത്താല്‍ മുട്ടുവരെ എത്തിനില്ക്കും.

ഒരു ചെറിയ കമ്പുമായി 39-ം വ്യാഴാഴ്ച വൈകിട്ട് കപ്പളത്തിന്‍റെ ചുവട്ടില്‍ ഞാന്‍ നില്ക്കുന്നത് കപ്പളങ്ങ കുത്തിച്ചാടിക്കാനല്ല. പഴുത്ത് അടര്‍ന്ന് വീഴാന്‍ ഒരുങ്ങിനില്ക്കുന്ന  കപ്പളത്തണ്ടിനെ ഒന്ന് തൊടാനാണ്. തൊടുമ്പോള്‍തന്നെ അത് താഴേക്ക് പോരുന്നു, പരിക്ക് പറ്റാതെ കൈയില്‍ പിടിച്ചെടുത്ത് ഇലഭാഗം മുറിച്ചുമാറ്റി ഒരു കുഴലാക്കുന്നു. കൈ കപ്പളത്തോട് ചേരുന്ന അടിഭാഗത്ത് ഒരു നാച്ചുറല്‍ അടപ്പുണ്ട്. ഈ കുഴലില്‍ മണ്ണെണ്ണ നിറച്ച്, അമ്മ ഉടുത്തുപേക്ഷിച്ച ഒരു തുണിയുടെ കഷണം കീറി മുകളില്‍ തിരുകി, തീപ്പന്തം തയ്യാറാകുന്നു, മുറ്റത്തെ ഈന്തിന്‍ ചുവട്ടില്‍ ഒളിച്ച ചാരി വച്ചിട്ട് ആരും കണ്ടില്ലെന്ന് ആശ്വസിക്കുന്നു. അങ്ങനെ ആശ്വസിക്കുന്നത് വെറുതെയാണ്. പെങ്ങന്മാരുള്‍പ്പെടെ എല്ലാ കള്ളക്കൂട്ടങ്ങളും കണ്ടുകഴിഞ്ഞു കാര്യങ്ങള്‍.

അല്പം ഉപ്പെടുത്ത് പരസ്യമായി ഒരു കടലാസില്‍ പൊതിയുന്നതോടെ 40-ം വെള്ളിയാഴ്ച മല കയറ്റത്തിന്‍റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. അമ്മേ... ചോറ്....  ഉണ്ട് നേരത്തെ ഉറങ്ങി രാവിലെ നാലിന് പന്തം കൊളുത്തി, ഉപ്പെടുത്ത് മടിയില്‍ തിരുകുമ്പോഴേക്കും തലേന്ന് പറഞ്ഞുറപ്പിച്ച കൂട്ടുപന്തങ്ങളുമെത്തുന്നു. പുറപ്പെട്ടു.

പൂഞ്ഞാറിന് കിഴക്ക് കുറേ മലകളുണ്ട്. അതിലൊരു മലയിലാണ് ഞാനുറങ്ങിയുണരുന്നത്.
അല്പം കൂടെ കിഴക്കോട്ട് പോയാല്‍ പുഴകളും കഥകളും ഉറവയെടുക്കുന്ന വാഗമണ്‍ മലനിരകള്‍. അവിടെ ഒരു കൂറ്റന്‍ പാറപ്പുറത്ത് സ്ഥാപിച്ചിട്ടുള്ള കുരിശിന്‍ചുവട്ടിലേക്കാണ് മനുഷേരെല്ലാം തിരി തെളിച്ച് ഭക്തിയോടെയും , വെറും ഭൌതികമായ ടൂറിസ്റ്റ് ചിന്തകളോടെ കുറെ പന്തങ്ങളുമായി ഞങ്ങളും പോകുന്നത്. അടിവാരത്ത് നിന്നുള്ള കാട്ടുപാതയില്‍ മുക്കാല്‍ കി.മീ. അകലത്തില്‍ 14 കുരിശുകള്‍ വേറെയും നാട്ടിയിട്ടുണ്ട്. ആറാം കുരിശിനു മുകളിലോട്ട് നല്ല തൈമാവുകള്‍ ഏപ്രില്‍ കായകളുമായി നില്പുണ്ടാവും. ആ പുളിയോട് ചേര്‍ക്കാനാണ് മടിയില്‍ തിരുകിയിട്ടുള്ള ഉപ്പ്കല്ലുകള്‍. 

മനുഷ്യര്‍ മൂന്ന് മണിക്കൂര്‍ കൊണ്ട് കയറുന്ന ഈ കയറ്റയാത്ര പന്തങ്ങള്‍ ഒന്നര മണിക്കൂറിനെത്തും. വീതി കുറഞ്ഞ കാട്ടുവഴിയില്‍ പാലിക്കേണ്ട മുന്‍പിന്‍ മര്യാദ പന്തക്കാര്‍ക്ക് ബാധകമല്ല. ചെരിഞ്ഞ് വളഞ്ഞ് മലയെ ചുറ്റുന്ന ചുറ്റുകോണി ഭാഷയിലാണ് വഴിയെങ്കിലും പന്തങ്ങള്‍ പോകുന്നത് ഈ ഭാഷയിലല്ല. അത് നേരെ മുകളിലേക്കാണ്. ദ ഷോര്‍ട്ടസ്റ്റ് വേ.. കല്ല് , പുല്ല്, എല്ലാം വഴിയില്‍ തോറ്റ് കിടന്നോളും.


ഒടുവില്‍ ഞങ്ങളെത്തുന്നു, കിഴക്കന്‍ കുരിശുമലയുടെ അടിഭാഗേ. പാറപ്പരപ്പുകളുടെ വിശാലതയാണ്. ആകാശപ്പരപ്പിന്‍റെ വിശാലതയെ വേണമെങ്കില്‍ കൈ പൊക്കി തൊടാം. കോതപ്പുല്ലുകള്‍ അവസാനിക്കുന്നു. വഴിയില്‍ ഉണങ്ങിയ ബ്രൌണ്‍ നിറത്തിലുള്ള പായല്‍ പിടിച്ച ഉരുളന്‍ കല്ലുകള്‍. 

അകലെ അറേബ്യന്‍ നാടുകളില്‍ നിന്നും , ഈന്തപ്പനകളുടെ ജിബ്രാന്‍ നാട്ടില്‍ നിന്നും ഒരു തടസ്സവുമില്ലാതെ വരുന്ന ഭൂഖണ്ഡാന്തര കാറ്റ് പന്തങ്ങളെ കെടുത്തുവാന്‍ എന്നോട് പറയുന്നു. ദുര്‍ഗമപാതകളിലെല്ലാം കൂട്ടായി നിന്ന പ്രിയകൂട്ടുകാരോട് ഇടഞ്ഞ് ഞാന്‍ വഴി പിണങ്ങുന്നു.

കാറ്റ് എന്നെ തൊടുന്നു, വിളിക്കുന്നു, വഴിമാറിപ്പോകാന്‍ ചെവിയില്‍ രഹസ്യപ്പെടുന്നു. കറുത്തൊരു പാറപ്പിളര്‍പ്പിലേക്ക് , കൂര്‍ത്തൊരു അഗ്രത്തിലേക്ക് ഒരു മലയാളി കവയിത്രി എനിക്ക് കൂട്ട് വരുന്നു.

നീലവിശാല ഗഭീരം ഗഗനം,
ചൂഴെ വസന്തോല്ലസിതം വിപിനം...

44 വര്‍ഷങ്ങള്‍ക്കുശേഷം കഴിഞ്ഞ ഏപ്രിലില്‍ പഴയ കൂട്ടുകാരുടെ മക്കള്‍ക്കൊപ്പം വീണ്ടും കയറി ഞാന്‍. ഒരു കൊതിയുടെ വഴിയിലൂടെ... കുറേ കൊതിക്കണക്കുകള്‍ തീര്‍ക്കാന്‍.
അന്ന് മുകളിലെത്തിയപ്പോഴും കാറ്റ് എന്നെ പിടിച്ചുനിര്‍ത്തി. ലബനോനില്‍ മര്‍മ്മരിക്കാന്‍ കൊള്ളുന്ന പാട്ടുകള്‍ അറിയുമെങ്കില്‍ ഒന്ന് വേണമെന്നും പറഞ്ഞു.

ശരിക്കും.... നേര്...