Friday, 9 May 2014

യേതാണ് കാടെന്നാലും കാട്ടിലൊരു പട്ടി വേണ്ടിവന്നു....

പത്രത്തിലും വന്നിരുന്നു ആ പട്ടിയുടെ വിശേഷം. ഉറങ്ങിപ്പോയ മനുഷ്യത്വത്തെ പലപ്പോഴും യജമാനന്മാരുടെയുള്ളില്‍ ഊതിയുണര്‍ത്തുന്നത് പട്ടികളാണെന്ന് പറഞ്ഞാല്‍ തെറ്റുകയൊന്നുമില്ല.
തൊടുപുഴയില്‍നിന്ന് ചെറുതോണിയിലേക്കുള്ള 60 കി.മീയില്‍ പകുതിയിലധികം വനമാണ്.രണ്ട് കൊല്ലം മുമ്പ് ഒരു വെളുത്ത പട്ടിയെ ആരോ ഈ കൊടുംവനത്തിലുപേക്ഷിച്ചു. കാറില്‍ കൊണ്ടുവന്നായിരിക്കണം ഇറക്കിവിട്ടത്. ആ പാവം ഏതു ദിക്കിലേക്ക് എത്ര ഓടിയാലും അണച്ചാലും ഒരു മനുഷ്യവീട്ടിലും എത്തില്ലാന്ന് ഉറപ്പ്. അതു ദീനമായ ഒരു സത്യമെന്ന് രണ്ടോ നാലോ ദിവസം കരഞ്ഞോടിയപ്പോള്‍ അവന് മനസിലായി. മൃഗമല്ലേ... അതാ കാട്ടിനോട് സമരസപ്പെട്ടു.
എന്നാലും ആ കാട്ടില്‍ അതാരോട് വാലാട്ടും.... അതിനാണെങ്കില്‍ വാലില്‍ ഒരുപാട് സ്നേഹം ബാക്കി നില്ക്കുന്നുമുണ്ട്. കാറുകള്‍ ആ വഴി വന്നാല്‍ രാത്രിയില്‍ പോലും വിജനമായ ആ കാട്ടില്‍ ഒരു വെളുത്ത പട്ടി ഇറങ്ങിവരുമെന്ന് പലരും അങ്ങോട്ടുമിങ്ങോട്ടും പറഞ്ഞു.
ഒരു ദിവസം ഒരാള്‍ കാര്‍ നിര്‍ത്തി മിച്ചമുണ്ടായിരുന്ന ബ്രഡ്ഡും ബിസ്കറ്റും കൊടുത്തു. ഐസ്ക്രീം പാത്രത്തില്‍ കുറച്ച് വെള്ളവും കൊടുത്തു.സ്ഥിരമായി അങ്ങിങ്ങ് ഓടുന്ന പട്ടി അന്ന് എല്ലാം കഴിച്ച് ആശ്വാസത്തോടെ കിടന്നു. എവിടെയാണെന്നു ചോദിക്ക്.... അയാളുടെ കാല്‍പാദത്തില്‍ ചുറ്റിവളഞ്ഞ്. ഇടക്കിടക്ക് തലയുയര്‍ത്തി നോക്കും അതൃപ്തിയുണ്ടോ യജമാനന് എന്നറിയാന്‍.
പിന്നെ പലരും ഇതാവര്‍ത്തിച്ചു. സ്ഥിരം യാത്രക്കാര്‍ അതിരാവിലെ വീട്ടില്‍ നിന്നിറങ്ങുംമുമ്പേ ഓര്‍മ്മിച്ച് പട്ടിക്കുള്ള ഭക്ഷണം എടുക്കാനാരംഭിച്ചു. കപ്പ, മീന്‍കഷണം, അപ്പം, അങ്ങനെ പലതും. ഒരഗതിയോട് എങ്ങനെ മനുഷ്യനാകണമെന്ന് കാട്ടില്‍പെട്ടുപോയ പട്ടി മനുഷ്യരെ പഠിപ്പിച്ചു.
ബൌ... എന്ന് ആ സ്നേഹിതന്‍ മനുഷ്യന്‍റെ മനങ്കാട്ടിലേക്ക് കുരച്ച് കയറി. കുളമാവ് ഡാമിനോട് ചേര്‍ന്ന് പട്ടികളുടെ ഗ്രൂപ്പ് തന്നെയുണ്ടെങ്കിലും അവരോടൊന്നും തോന്നാത്ത ഇഷ്ടവും കരുതലും യാത്രക്കാര്‍ ഈ പട്ടൂസനുവേണ്ടി കൊണ്ടുനടന്നു.
മീമ്മുട്ടിക്ക് സമീപം അവനങ്ങനെ റോഡില്‍ കാത്തുനിന്നും ചുമ്മാ നടന്നും പലരുടെയും പെറ്റായി. നിങ്ങള്‍ ബൈക്കിനോ കാറിലോ മറ്റ് ചെറുവാഹനങ്ങളിലോ വന്നാല്‍ ആ സ്നേഹിതനെ കണ്ടില്ലാന്ന് വച്ചുപോകാന്‍ കഴിയില്ല. അങ്ങനെ കണ്ടില്ലാന്ന് വയ്ക്കാന്‍ കഴിയാത്തതിനാല്‍ പത്രക്കാരും അവനെ കണ്ടു. ഒന്നരക്കൊല്ലം മുമ്പ് അവന്‍ പത്രത്തില്‍ പടം സഹിതം കയറി. ഇതാണ് ആ പട്ടിയെന്നും അതാണ് ഈ പട്ടിയെന്നും വീട്ടിലുള്ളവര്‍ക്ക് സ്ഥിരംയാത്രക്കാര്‍ പത്രത്തിലെ പടം സഹിതം
പരിചയപ്പെടുത്തി.
ഇത്രയും കാര്യം പത്രത്തില്‍ വന്നതല്ലേ... പിന്നെന്തിനാണ് പിന്നേം ഒരു പറച്ചില്‍... അതോ, ആ പട്ടിയെ ഇപ്പോള്‍ കാണാനില്ല. ആ സ്നേഹിതന്‍ മരിച്ചുപോയിട്ടുണ്ട്. ഏതെങ്കിലും ഒരു കാറിന്‍റെ ഡോറിലേക്ക കാലുയര്‍ത്തിവച്ച്, അകത്തേക്ക് തലയിട്ട് ഹോമോസാപ്പിയനെ ഊതിയുണര്‍ത്തുന്ന ആ വാലാട്ടിയെ ഇല്ല, ഇപ്പോള്‍ കാണുന്നില്ല.

Sunday, 4 May 2014

ഈ ഭൂതത്തിന് കുടമില്ല

മെര്‍ച്ചന്‍റ് എന്നും ബിഷോപ്പ് എന്നും രണ്ട് ഇംഗ്ളീഷ് വാക്കേ എന്‍റെ അപ്പന്‍ പറഞ്ഞ് ഞാന്‍ കേട്ടിട്ടുള്ളൂ. എന്നാല്‍ കത്തിന്‍റെ അഡ്രസൊക്കെ ഇംഗ്ളീഷിലെഴുതും, scaria എന്ന് ഇംഗ്ളീഷിലെഴുതി കുരിശ് ചേര്‍ക്കാതെ ഒപ്പിടും.

അപ്രകാരമെല്ലാമുള്ള അപ്പന്‍, ഞാന്‍ വല്ലപ്പോഴും വീട്ടില്‍ ചെന്നിട്ട് തിരിച്ചിറങ്ങാന്‍നേരം പറയും, എടാ നീ വണ്ടിയേലല്ലെ വന്നേ.... എട്ടോ പത്തോ തേങ്ങയും കൂടെ അതിനകത്തെടുത്തിട്ടോ. അവിടെ എല്ലാം കാശു കൊടുത്തല്ലേ വാങ്ങുന്നേ...

ഒവ്വ.

പിന്നേയ്.. ആ വരിക്കന്‍റെ ചൊവട്ടിത്ത്ന്നെ ഒരെണ്ണം പഴുത്ത് കിടപ്പുണ്ട്.അതും പിന്നെ ഒരു പച്ചയും കൂടെ കൊണ്ടുപോയാല്‍ പഴോം തിന്നാം പച്ച പുഴുങ്ങുവേം ചെയ്യാം.

ഒവ്വ.

അപ്പോഴാണ് അമ്മ ഒരു കാപ്പിത്തോട്ടി തോളേലും അഞ്ച് കടച്ചക്ക കൈയിലും പിടിച്ച് പറമ്പീന്ന് കേറിവന്നത്. നീ ഇതും കൂടെ കൊണ്ട്വൊക്കോ.

ഒവ്വ.

കുറച്ച് കാപ്പിപ്പൊടീം പൊതിഞ്ഞുതരാം.

എത്ര ഒവ്വകള്‍ അങ്ങനെ പറയാറുണ്ടായിരുന്ന എന്നെ, ബിഷോപ്പ് എന്നും മെര്‍ച്ചന്‍റ് എന്നും മാത്രം ഇംഗ്ളീഷ് പറഞ്ഞിട്ടുള്ള അപ്പന്‍ ഇന്നലെ ഞെട്ടിച്ചുകളഞ്ഞു. ഒരിംഗ്ളീഷ് വാക്കത്തികൊണ്ട് എന്നെ കണ്ടിച്ച് തുണ്ടംതുണ്ടമാക്കിക്കളഞ്ഞു.

"മൈ സണ്‍, ദേര്‍ വോണ്ട് ബി എനി ഡിറക്ട് ട്രാന്‍സാക്ഷന്‍ ബിറ്റ്വീന്‍ അസ് ഫ്രം റ്റുമോറോ. യു മേ അപ്രോച് റിലയന്‍സ് ഹോം ഔട്ട്ലെറ്റ് ഫോര്‍ ഫര്‍ദര്‍ ട്രാന്‍സാക്ഷന്‍സ്..O.K വി ഹാവ് സൈന്‍ഡ് എ മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്‍റിംഗ് ഫോര്‍ ദ ഫ്യൂച്ചര്‍ ഡീല്‍സ്."

ഞാന്‍ റിലയന്‍സ് ഔട്ട്ലെറ്റില്‍ എത്തി. മേശക്കല്‍ ഒരു പെണ്ണ്. നീല നെയില്‍പോളീഷ്, ചുവന്ന ചുണ്ടില്‍ രാവിലെ ധരിച്ച ചിരി.
വാട് കേന്‍ ഐ ഡു ഫോര്‍ യു സേര്‍..... ?

ആണ്ടില്‍ ഒരു നാല്പതു തേങ്ങ കുടുബത്തൂന്ന് കിട്ടാറുണ്ടായിരുന്നേയ്...

യാ റൈറ്റ്. ലിമിറ്റഡ് ടു തേര്‍ട്ടി. 30 @8 Rs per തേങ്ങ , 240 രൂപ തന്‍റെ അക്കൌണ്ടില്‍ ഇന്നു ക്രഡിറ്റുചെയ്യും മി. ഓള്‍ഡ്മേന്‍


ഒവ്വ.

ഒരു വരിക്കച്ചക്കപ്പഴം....?

നോ. നാറ്റക്കേസ് ഞാന്‍ ഡീല്‍ ചെയ്യാറില്ല.

ഒവ്വ.

ഇത്തിരി പ്രായമുള്ള സ്ത്രീകളാരെങ്കിലും...?
ണ്ടോ ഇവിടെ ?

യൂ ഓള്‍ഡ് ബാസ്റ്റാര്‍ഡ്...

യ്യോ, അതല്ല. എന്‍റെ അമ്മ അഞ്ചാറ് കടച്ചക്ക തരാറുണ്ടായിരുന്നേ...

ദാറ്റ്സ് റൈറ്റ്. ഒരു രൂപാ പ്രകാരം അഞ്ച് രൂപാ അക്കൌണ്ടിലിടാം.

ഒവ്വ.

വീട്ടീന്നിറങ്ങുമ്പോള്‍ അപ്പന്‍ വേരിക്കോസ് വെയിനുള്ള കാലും വലിച്ച് അടുത്തുവന്ന് എന്‍റെ മകളെ എടുത്തുയര്‍ത്തി... എടീ കുഞ്ഞിക്കറുമ്പീ..... ന്ന് വിളിച്ച് കുറേ ഉമ്മ വയ്ക്കാറുണ്ടായിരുന്നു. അവളാണെങ്കില്‍ തുലാമഴപ്പിറ്റേന്നത്തെ കൈത്തോടുപോലെ കൊളുകൊളോന്ന് ചിരിച്ചും കൂട്ടുമായിരുന്നു. ഇനിയിപ്പോ ഏതായാലും ആ ഉമ്മയുടെ പൈസാ ചോദിക്കണ്ട.

ഒവ്വ. തൃപ്തിയായി. ഓള്‍ഡ്മേന്‍ ഈസ് ഗോയിങ്ങേ... എന്തിനേയും പണത്തിലേക്ക് ട്രാന്‍സ്ലേറ്റ് ചെയ്യുന്ന ഈ ലോകത്ത് എനിക്ക് തീരെ അഡ്ജസ്റ്റ് ചെയ്യാന്‍ പറ്റണില്ല. വരാന്‍ പോകുന്ന വസന്തത്തിന് മുമ്പായി ബൈ....

Friday, 18 April 2014

അവസാനത്തെ അത്ഭുതം

12 കുട്ടയൊക്കെ മിച്ചം വരാന്‍ മാത്രം ധാരാളിത്തത്തോടെ അത്ഭുതം കാണിക്കുന്നവനെ അടുത്ത് കിട്ടിയപ്പോള്‍ ഹേറോദ് രാജന് മുഴുത്ത സന്തോഷം വന്നു എന്നാണ് പുസ്തകം പറയുന്നത്.
പീലാത്തോസിനും ഇതേ ചിന്ത വന്നെങ്കിലും കൌശലക്കാരന്‍ അത് പുറത്തോട്ടെടുത്തില്ല. അത്ഭുതം കണ്ട് തങ്ങളുടെ ഭാര്യമാര്‍ തല ചുറ്റി വീഴുന്നതും,മണ്ടന്മാരായ പട്ടാളക്കാരുടെ മൂക്കും മുഞ്ഞിയും മുറിച്ചെടുക്കുന്നതും വീണ്ടും ഒട്ടിക്കുന്നതും, കൊട്ടാരം വൈദ്യന്‍റെ വലിവ് മാറ്റുന്നതും,പിന്നെ മുറ്റത്ത് വന്നു കൂടിയിരിക്കുന്ന വയ്യാവേലികളും ദുഷ്ടന്മാരുമായ യഹൂദപ്പരിഷകളെ ചൊറിത്തവളകളാക്കി മാറ്റുന്നതും... അവന്മാര്‍ വൃത്തികെട്ട ഒച്ചകളൊക്കെ കേള്‍പ്പിച്ച് കൊട്ടാരം ഭിത്തിമേലും ഗെയ്റ്റേലും വലിഞ്ഞുകയറി പുറത്ത് ചാടി ഓടുന്നതും.... അങ്ങനെ നിറംകൂടിയ ആശകളായിരുന്നു രാജന്മാരുടേത്.
ഒന്നും നടക്കാതെ വന്നപ്പോള്‍ സാമ്രാജ്യത്തിലെ മികച്ച അടിക്കാരെ വരുത്തി ലോഹാഗ്രങ്ങളുള്ള ചമ്മട്ടി കൊണ്ട് പണിതുനോക്കി. ചോര വന്നതല്ലാതെ അത്ഭുതമൊന്നും വന്നില്ല.
ഒരു പാറപ്പുറത്താണ് അക്കാലത്ത് കൊലക്കുള്ള സ്ഥലം മാറ്റി വച്ചിരുന്നത്. അങ്ങോട്ട് പോകുമ്പോള്‍ നല്ല മിടുക്കുള്ള മര്‍ദ്ദനം കൊണ്ട് ഒടിഞ്ഞുനുറുങ്ങിയ താടിക്കാരന്‍ വേണ്ട... വേണ്ടാന്ന് വച്ചിരുന്നതും കണ്ണീര് കണ്ടാല്‍ പിടിവിട്ട് പോകുന്നതുമായ ഹൃദയം തുറന്ന് തന്‍റെ യാത്രയുടെ ഇടത്തും വലത്തും ഓരോ അത്ഭുതം എടുത്തിട്ടു.റോമന്‍ അടിക്കാരുടെ കാര്യഗ്രഹണശേഷിയുടെ കൂടുതല്‍ കാരണം അവര്‍ക്കിത് പിടി കിട്ടിയുമില്ല.
ഒന്ന് ആ മഹാകണ്ണീരിനിടയില്‍ക്കൂടെ ഇടതുവശത്ത് നിന്നിരുന്ന കുറേ ജറൂസലം പെണ്ണുങ്ങളുടെ കണ്ണീര് തുടച്ചു. അവരോട് കരയണ്ട, കുഞ്ഞുങ്ങളേ എന്നും പറഞ്ഞു.
കുറച്ചൂടെ നടന്നപ്പോള്‍ വലതുവശത്തും ഒരു പെണ്ണ് കരഞ്ഞോണ്ടുനില്ക്കു്ന്നത് കണ്ടു. അവളടുത്ത് വന്ന് വെള്ളക്കൈലേസിനാല്‍ മുഖത്തെ ചോരയൊക്കെ തുടച്ചുതീരും വരെ അവളോട് ചിരിച്ച് നിന്നു.
അല്ല ആര്‍ക്കു പറ്റും താന്‍ കത്തുമ്പോഴും ഇങ്ങനെ വെള്ളമൊഴിക്കാന്‍
Like ·  · 

Friday, 28 February 2014

രണ്ടു കാഴ്ചകള്‍

വണ്ടിക്കാലം

ഒരു മനുഷ്യനെ ഇന്ന് കണ്ടു. റോഡിലും കടയിലും ചന്തയിലും ബസിലുമായി ദിനവും ആയിരം പേരെയെങ്കിലും കാണുന്നതിനിടയിലാണ് ഇന്ന് ആ ഒരു മനുഷ്യനെ കണ്ടുപോയത്.

നല്ല തൂവെള്ളമുടി ഒട്ടും ചുരുളാത്തത് തോളൊപ്പം. നല്ല തൂവെള്ള താടിമീശ, അതും തോളൊപ്പം.‍തിലകന്‍റെ തലപോലെ വലിപ്പം, എന്നാല്‍ വെള്ളനിറം. ആഢ്യന്‍, വയസ് 95നു മേല്‍. ഇടുക്കി രാജാക്കാട്ടുള്ള ഒരിടത്തരം ഹോട്ടലിലിരുന്ന് ഉണ്ണുന്നു, ഞാനിന്ന് കാണുമ്പോള്‍.

അന്വേഷിച്ചു, ആരാണാ തൂവെള്ളയപ്പൂപ്പന്‍... ഇരുപതു കൊല്ലം മുമ്പ് 10 ബസുകള്‍ സ്വന്തമായുണ്ടായിരുന്നു. അടിമാലി- ബോഡിമെട്ട്, ഇടുക്കി-ബോഡിമെട്ട്, കോതമംഗലം- രാജാക്കാട് എന്നിങ്ങനെ പെര്‍മിറ്റുകള്‍. മത്തായിപ്പിള്ള ട്രാവല്‍സ് അഥവാ നാട്ടുകാരുടെ പ്രിയ M P T ബസുകള്‍.

ഇടുക്കിജില്ലയിലെ മോഹിപ്പിക്കുന്ന പേരുള്ള ഒരു കൊച്ചുസിറ്റിയായ രാജകുമാരിയില്‍ താമസം. ബസുകള്‍ വൈകുന്നേരങ്ങളില്‍ അഴിച്ചുപണിയുന്നത് പിള്ളയും പെണ്‍മക്കളും ആയിരുന്നുപോല്‍.

ഇന്നദ്ദേഹം ദാരിദ്ര്യത്തിന്‍റെ പടുകുഴിയില്‍ എന്നാണ് ഞാന്‍ പറഞ്ഞുവരുന്നത് എന്നല്ലേ മനസില്‍.... അല്ല. മത്തായിപ്പിള്ള ഇന്നും വെല്‍പ്ളേസ്ഡ്. ക്ഷീണിക്കാത്ത 95 പ്ളസ്.

ഇതൊക്കെ ഭൂമിയിലെ സാധാരണ കാഴ്ചയല്ലേ... മത്തായിപ്പിള്ള ഒരു ഓര്‍ഡിനറി മാത്രം.

കൊല്ലങ്ങള്‍ക്കുമുമ്പത്തെ ബസുകളുടെ അഴിച്ചിട്ട പാര്‍ട്സുകളും ബോര്‍ഡുകളും തുരുമ്പോ ആക്രിമോഹങ്ങളോ കൈവയ്ക്കാതെ അദ്ദേഹം മുറ്റത്ത് സൂക്ഷിക്കുന്നു. ഒരു കാലഘട്ടത്തെ, കുടിയേറ്റഗ്രാമങ്ങളില്‍ ഏറെക്കാലം മുഴങ്ങിയ ഹോറണ്‍ വിളികളെ ,ഇടുക്കിയുടെ കൊടുംവളവുകളെ വളച്ചെടുത്ത സ്റ്റിയറിംഗ് വീലുകളെ, കുത്തുകേറ്റങ്ങളില്‍ ഇരപ്പിച്ച ഗിയര്‍ബോക്സുകളെ ഇന്നും ആ മുറ്റത്ത് സ്നേഹത്തോടെ സൂക്ഷിക്കുന്ന മത്തായിപ്പിള്ള സാധാരണപിള്ളയല്ല.

ആയിരമല്ല. അയാള്‍ ഒരാളാകുന്നു.





തഹസീല്‍ദാരുടെ അമ്മ ചെയ്ത ചതി



കുറെ നാളായി തഹസില്‍ദാരുടെ അമ്മരോഗിയായിരുന്നു. മരിച്ചൂന്ന് കേട്ട അപ്പോള്‍ തന്നെ ആഫീസ് ജീവനക്കാര്‍ വിവിധ സംഘടനകളുടെ പേരെഴുതിയ പുഷ്പചക്രങ്ങളുമായി വാഹനത്തില്‍ പുറപ്പെട്ടു. വഴി പകുതി കഴിഞ്ഞപ്പോള്‍ മരിച്ചത് അമ്മയല്ല, തഹസീല്‍ദാര്‍ തന്നെയെന്ന് അറിഞ്ഞ് ജീവനക്കാര്‍ ആദരാജ്ഞലികളൊക്കെ പുറത്തേക്കെറിഞ്ഞ് വീടുകളിലേക്ക് തിരിച്ചുപോയത്രേ . അങ്ങേരെ കാണിക്കാനല്ലേ ഈ വേഷമെല്ലാം കെട്ടി കഷ്ടപ്പെട്ടത്... അങ്ങേര് മരിച്ചാല്‍ പിന്നെ ആര് കാണാനാ..

ആഘോഷം, കെട്ടുകാഴ്ച, പുറംമോടി... അതാണ് കാര്യം. ഹൃദയം, സ്നേഹം ഇതൊന്നും ഇപ്പോള്‍ വിസിനസ് അട്മിനിസ്ട്രേഷന്‍ സിലബസിലില്ല.

വേണ്ടത് അഗ്രങ്ങള്‍ മാത്രം. കണ്ണിന്‍റെ അഗ്രമുണ്ടെങ്കില്‍ കരഞ്ഞുനേടാം. ചുണ്ടിന്‍റെ അഗ്രമുണ്ടെങ്കില്‍ ചിരി വരുത്തി വയ്ക്കാം. കൈകൂപ്പി ചിരിക്കേണ്ടതെങ്ങനെയെന്ന് പഠിപ്പിക്കുന്ന സിലബസില്‍ അത്രേയുള്ളൂ..

ഹൃദയത്തില്‍ നിന്ന് പുറപ്പെട്ട് ഒരു ഗദ്ഗദമായി തള്ളി കണ്ണിലെത്തി തുള്ളിയായ് വീഴുന്നത് സങ്കടമെന്നും, ഹൃദയത്തില്‍ നിന്ന് എടുത്ത് ചാടി വന്ന് മുഖപേശികളില്‍ ആഘോഷമാകുന്നത് ചിരിയെന്നും.... ഇപ്പോള്‍ സിലബസിലില്ല. ഹൃദയംഇല്ലാതെ എങ്ങനെ ചിരിച്ച് മറിയാമെന്നും, ദൈവമില്ലാതെ എങ്ങനെ ആത്മീയഘോഷങ്ങളെ കെട്ടിയെഴുന്നള്ളിക്കാമെന്നും പഠിച്ചുകൊള്‍ക.

അല്ലാത്തവര്‍ ചൊവ്വയിലേക്ക് പോകട്ടെ..


Thursday, 6 February 2014

ചില പൂഞ്ഞാറന്‍ ചിന്തകള്‍


ആശാന്‍ X   ആശാന്‍
---------------------------

ഗുണനപ്പട്ടിക ചൊല്ലിച്ചൊല്ലി പൂഞ്ഞാര്‍ പെരുവഴിയേ നടന്നിരുന്ന അന്നത്തെ ആശാന് ശരിക്കും ഭ്രാന്തായിരുന്നോ... അല്ല എന്നാണ് ആലോചിച്ചപ്പോഴൊക്ക ഉത്തരം കിട്ടിയത്.

സംഖ്യകളെ ഗുണിച്ച് ബോറടിച്ച ആശാന്‍ റോഡിനെ റോഡ് കൊണ്ടും പാലത്തെ പാലം കൊണ്ടും ഗുണിച്ചുതുടങ്ങിയപ്പോള്‍ ഞങ്ങള്‍ പൂഞ്ഞാറുകാര് കിറുക്കനാശാന്‍ എന്ന് വിളിച്ചു എന്നത് ശരി.

കുഞ്ഞുങ്ങളെ എഞ്ചുവടിയും ഗണിതവും പഠിപ്പിച്ചിരുന്ന സാത്വികനായ കൊച്ചുമനുഷ്യന്‍ . പഠിപ്പിച്ചും വായിച്ചും തനിയെ ചിന്തിച്ചും ശരാശരി റേഞ്ചിനപ്പുറത്ത് വ്യാപരിച്ചിരുന്നു എന്നതും ശരി. ഗുണനമേ ജീവിതം. പാലം X പാലം = നാത്തനാല്‍പാലം. നാത്തനാല്‍പാലത്തിനെ പൂഞ്ഞാറ്റില്‍ തന്നെയുള്ള കാട്ടറാത്ത്പാലം കൊണ്ടു ഗുണിച്ചാല്‍ പാലാ വലിയ പാലം എന്നാണ് ഉത്തരം.

ഗുണിച്ചുത്തരം കിട്ടുമ്പോള്‍ കൈയുയര്‍ത്തി പിടിക്കും. സ്കൂള്‍കുട്ടികളെ കണ്ടാല്‍ രണ്ടു കണ്ണുകള്‍ക്കിടയിലുള്ള മര്‍മ്മസ്ഥലത്തേക്കു സൂക്ഷിച്ചുനോക്കി ഗുണനശേഷി മനസ്സിലാക്കും. പ്രശസ്തയായ പൂഞ്ഞാറ്റില്‍ അമ്മാമ്മ എന്ന മെമ്പറോട് സുബുദ്ധിയോടെ ഞായം പറയും.
മരിച്ചില്ലായിരുന്നെങ്കില്‍ ആശാന്‍ കൈ വയ്ക്കുമായിരുന്ന ചില
പെരുക്കങ്ങള്‍........

സ്നേഹം X സ്നേഹം = അടുക്കളയിലെ അമ്മ
നന്മ X നന്മ = തണലും  പഴവും തരും മരം
കരുണ X കരുണ = കല്‍ക്കത്ത
കാശ്മീര്‍ സില്‍ക്ക്X ചെന്നൈ സില്‍ക്ക് = നീലബോര്‍ഡറുള്ള വെള്ളസാരി
തഴക്കം X പഴക്കം = ആശാരി വേലുവേട്ടന്‍

കുഴപ്പങ്ങള്‍

തന്ത്രംX കുതന്ത്രം = കപട ആത്മീയത
അഭ്യാസം X അഭ്യാസം = തരവഴിരാഷ്ട്രീയം

ചിലരെയൊക്കെ ബഹുമാനിക്കേണ്ടതുണ്ട്.... ചിലരെ തിരിച്ചറിഞ്ഞ് ഒഴിവാക്കേണ്ടതുമുണ്ട്.






സുമിതേച്ചിയുടെ വിശ്വം
--------------------------------

ഇക്കാര്യത്തില്‍ സുമിതേച്ചി പറയുന്നത് തന്നെയാണ് എന്‍റെ ശരി. വിശ്വം ആരാണ്? സുമിതേച്ചിയുടെ ഭര്‍ത്താവാണ്. 

വിശ്വം ഇന്നലെ വൈകുന്നേരം സാധാരണയില്‍ കവിഞ്ഞ സന്തോഷത്തോടെ ടൌണിലേക്ക് ഒന്ന് പോയതാണ്. എന്നും സന്ധ്യക്ക് വിശ്വം അങ്ങനെ പോകാറുണ്ട്. സുഹൃത്തിന്‍റെ പഴക്കടയിലോ അല്ലെങ്കില്‍ വായനശാലയിലോ പോയിരുന്ന് ഇരുട്ട് കൂട്ടി തിരിച്ചുംവരും.

എന്നാല്‍ വിശ്വം ഇരുട്ടുകനത്തു വെളുത്തിട്ടും, ഇതുവരെ തിരിച്ചുവന്നില്ല. നാട്ടുകാര്‍ അതിന് പല വ്യാഖ്യാനങ്ങളാണ് പറയുന്നത്. എന്നാല്‍ എല്ലാവരും ഒന്നുതന്നെ പറയുന്നു. വിശ്വന്‍ ശ്യാമിനെ കാണാന്‍ പോയി. ഇത്ര നേരത്തെ പോകേണ്ടിയിരുന്നില്ല.

ശ്യാം എന്നൊരു സുഹൃത്ത് വിശ്വത്തിനുള്ളതായി സുമിതേച്ചിക്കറിയില്ല. അതുകൊണ്ട്തന്നെ വിശ്വം ശ്യാമിനെ കാണാന്‍ പോകില്ല. സുമിതേച്ചിക്കറിയില്ലെങ്കിലും ശ്യാമിന് വിശ്വത്തെയും തിരിച്ചും കാണാവുന്ന ലോകമാണ് ചുറ്റുവട്ടത്ത് മൂളിപ്പായുന്നത്.

മുറ്റം കൂടെ കൊത്തിക്കിളച്ച് കപ്പ നടാന്‍ വെറി കൂട്ടി നടന്ന തനിപ്പൂഞ്ഞാറുകാരനാണ് വിശ്വം. അതിനു മുമ്പ് പൂച്ചട്ടികള്‍ വരുത്തി മുറ്റം ഭരണങ്ങാനമാക്കുന്നതിനെക്കുറിച്ചും , അതിനും മുമ്പ് നെടുങ്കണ്ടത്തുപോയി അഞ്ചുകിലോ വരെ വളരുന്ന ചാരനിറമുള്ള മുയല്‍ക്കുഞ്ഞുങ്ങളെ വരുത്തി കൃഷി ചെയ്യുന്നതിനെക്കുറിച്ചും ഇളംതിണ്ണയിലിരുന്ന് ഉറക്കെ ആലോചിച്ചവനുമാണ് വിശ്വം.

ഒരു വലിയ ചുറ്റിക ഇരുമ്പു പൈപ്പില്‍ ആഞ്ഞടിക്കുന്ന ഒച്ച കേട്ടാണ് സുമിതേച്ചി മുറ്റത്തിറങ്ങി വന്നത്. മുറ്റത്ത് കൂട്ടിയിട്ടിരിക്കുന്ന നീലപ്പടുതകള്‍, സാമഗ്രികള്‍, ചകിതമനസ്സുകള്‍... എല്ലാം കണ്ട് സുമിതേച്ചി അകത്തേക്ക് തന്നെ കയറിപ്പോയി. പാവങ്ങള്‍... ഒളിച്ചാല്‍ എല്ലാം ഒളിഞ്ഞിരുന്നോളുമെന്ന് ധരിച്ചിരിക്കുകയാണ്. അങ്ങനിരിക്കട്ടെ. പിറകിലെ വേലിക്കല്‍ മിണ്ടാതിരിക്കുന്ന കാക്കയ്ക്കുപോലുമറിയാവുന്നതൊക്കെ ഞാനുമറിഞ്ഞു മക്കളേ..

ശ്യാമസുന്ദരാ മൃത്യുവും നിന്‍റെ നാമം....... വിശ്വം ശ്യാമിനെ അങ്ങോട്ടുചെന്ന് കാണുകയായിരുന്നില്ല. മറിച്ച് ശ്യാം മരണമുഴക്കമുള്ള ഒരു ഇരുചക്രത്തില്‍ മരണവേഗത്തില്‍ വന്ന് വിശ്വത്തെ കണ്ടു മുട്ടുകയായിരുന്നു. അപ്പോള്‍ അദ്ദേഹം വഴിയോരത്തുകൂടെ ഗ്രാമകലാ വായനശാലയുടെ അടുത്തെത്തിയിരുന്നു.

( ഏറ്റവും ആധുനിക കാറുകളെപ്പോലും തുളച്ചുകയറി പിന്നിലാക്കി റോഡില്‍ തീ പാറിക്കുന്ന ശ്യാമിനെ എറിഞ്ഞുപിടിച്ചുകൂടെ പോലീസെ... അതോ തലയില്‍ ചട്ടി ഇല്ലാത്തവരിലേക്ക് കര്‍ത്തവ്യങ്ങളൊതുങ്ങുകയോ..
അമ്മമാരേ പഴയ കിണറ്റുകയറെടുത്ത് ശ്യാമിനെ കെട്ടിയിട്ടോ.. നല്ലതതാണ്)






കുനിഞ്ഞുനിവരുന്ന പുണ്യം
-------------------------------------




നിഷ്ഠയുള്ള ഒരു കൊട്ടാരം സേവകനായിരുന്നു അയാള്‍. രാവിലെ പെണ്ണുങ്ങളുടെ അടിച്ചുതളിയും വാരലും കഴിഞ്ഞ് കൊട്ടാരമുറ്റത്ത് വീഴുന്ന ഇലകള്‍ അപ്പപ്പോള്‍ പെറുക്കിമാറ്റുന്നതാണ് ജോലി. 

മൂന്ന് പ്ളാവില വീണത് കുനിഞ്ഞെടുത്ത് നിവരുമ്പോള്‍ തെക്കേ മുറ്റത്ത് ബദാമിന്‍റെ പഴുത്ത ഇലകള്‍ വീഴുന്നത് കാണുന്നു. അവിടേക്ക് പോകണമെങ്കില്‍ പൊന്നുതമ്പുരാന്‍റെ തിരുവടി മുറിച്ചുകടക്കണം. അവിടെ ബഹുമാനത്തോടെ താണുകുമ്പിട്ട് ബദാമിന്‍ ചുവട്ടിലേക്ക്. അവിടെ കുനിഞ്ഞ്നിവര്‍ന്ന് വീണ്ടും കുമ്പിട്ട് ക്ഷേത്രമുറ്റത്തെ ആലിന്‍ചുവട്ടിലേക്ക്. വീണ്ടും കുമ്പിട്ട് മാവിന്‍ചുവട്ടിലേക്ക്.

ഒരു ദിവസം കുമ്പിട്ട് നിവര്‍ന്നപ്പോള്‍ ഉള്ളിലെവിടെയോ ഒരു ലൈറ്റ് കെട്ടുപോയി. ഓര്‍മ്മകളൊക്കെ ഇരുളില്‍ ഒളിച്ചു. പോയ പ്രകാശം പിന്നീട് തെളിയാഞ്ഞതിനാല്‍ രാജ്യം രാജഭരണത്തില്‍ നിന്ന് പ്രജാഭരണത്തിലേക്ക് മാറിയതോ, കൊട്ടാരം ഒരു കെട്ടിടം മാത്രമായിപ്പോയതോ അറിഞ്ഞില്ല.

പൂഞ്ഞാറിലൂടെ അങ്ങനെ നടന്നു. കൊട്ടാരമുറ്റം തന്നെയെന്നും പൊന്ന്തമ്പുരാന്‍ ഇരുന്നരുളുന്ന ഇടമെന്നും നിനച്ച് , കൊവേന്ത സ്കൂള്‍പടി മുതല്‍ പഞ്ചായത്ത് ലൈബ്രറി വരെയുള്ള റോഡിലെ ഇലകളപ്പടി, കടലാസ്, പഴത്തൊലി, അടക്കാത്തൊണ്ട്, സിനമാനോട്ടീസ്, അപ്പടി പെറുക്കിമാറ്റും. ഓരോ പത്തടി നടന്നുകഴിയുമ്പോഴും രാജസന്നിധിയിലെന്നപോലെ കൈ കൂപ്പി നെറ്റിയോട് ചേര്‍ത്ത് നിലംതാണ് കുമ്പിടും .ആരോടും ഒരിക്കല്‍ പോലും സംസാരിക്കാതെ , സ്വന്തമായി പേരുപോലുമില്ലാത്ത ആ മഹാനും എന്‍റെ ഹൈസ്കൂള്‍, കോളേജ് കാലം മുഴുവന്‍ പൂഞ്ഞാറില്‍ നിറഞ്ഞുനിന്നു. പിന്നെ ഞാന്‍ നാടുവിട്ടുപോയതിനാല്‍ അവസാനത്തെ കുമ്പിടല്‍ എന്നു നടന്നു എന്ന് അറിഞ്ഞില്ല.

ഓരോ ചായക്കടക്കാരും പണം വാങ്ങാതെ മാറിമാറി ഇയാളെയും ഭ്രാന്തനാശാനെയും ഒക്കെ തീറ്റി. ബോധപൂര്‍വമല്ലെങ്കിലും സമൂഹത്തില്‍ വളരെയേറെ ഇടപെട്ട് ജിവിച്ച ഇവരെ ഓര്‍മ്മിക്കുന്ന ഒരുപാട് പേര്‍ പൂഞ്ഞാറില്‍ ഇപ്പോഴുമുണ്ടാകും.

അവനവന്‍ദേശത്ത് ഓരോരുത്തരും കുനിഞ്ഞ്നിവര്‍ന്നാല്‍ ഈ നാട് തീര്‍ച്ചയായും വൃത്തിയായി കിടക്കും. അതിന് പക്ഷേ വണക്കം വേണം സമൂഹത്തോട്... കണ്ണടച്ച് , നെറ്റിയോട് കൂപ്പുകൈ ചേര്‍ത്ത്.....




Monday, 27 January 2014

നുറുങ്ങുകള്‍


  1. നെറ്റിയിടിച്ച കല്ല്
  2. നെറ്റിയില്‍ ഇടതുപുരികത്തിന് മുകളില്‍, പഴുതാരരൂപത്തില്‍ മുറിവുണങ്ങിയ പാട് തൊട്ടുകാണിച്ച് നാളെ മകന്‍ നിങ്ങളോട് ചോദിക്കും. അമ്മേ... ഞാന്‍ കുഞ്ഞായിരുന്നപ്പോള്‍ വീണ് നെറ്റി പൊട്ടിയ കല്ലെവിടെ അമ്മേ... ന്ന്.

    അവന്‍ അത് മുമ്പും ചോദിക്കാറുള്ളതാണ്. ക്രിസ്മസ് അവധിക്ക് പൂട്ടി വരുമ്പോള്‍ അടുക്കളനടയില്‍ അമ്മയോടൊപ്പമിരുന്ന് സ്വീറ്റ് മമ്മി, ക്യൂട്ട് മമ്മി, വാവ മമ്മി എന്നെല്ലാം വിളിച്ച്, ഈ കല്ലിന്‍റെ ഈ മൂലേലാണോ, ദേ മൂലേലാണോ അമ്മേ എന്‍റെ നെറ്റിയിടിച്ചത്? ഒന്നൂടെ പറ മമ്മി..

    അമ്മ സ്ഥലം തൊട്ടുകാണിക്കും. പിന്നെ അച്ഛന്‍ അവനെയെടുത്ത് ഒരു തൂവാല കൊണ്ട് മുറിവ് പൊതിഞ്ഞുപിടിച്ച് മുമ്പേ ഓടിയത്, വേവലാതിക്കരച്ചിലുമായി അമ്മ പിറകേ വന്നത്, ആട്ടോയില്‍ ആശുപത്രിയില്‍ ചെന്നത്, തുന്നിയത്,മരുന്ന് വച്ചത്, ഉമ്മ വച്ചത്, കുറേ ദിവസങ്ങളിലേക്ക് ഐസ്ക്രീമിന് തടസ്സം പോയത്...

    ആ വലിയ പരിഗണനയുടെ നാളുകള്‍ കേട്ടുകൊണ്ടിരിക്കാന്‍ എല്ലാ മക്കള്‍ക്കും വലിയ ഇഷ്ടമാണ്.

    ജീവിതത്തില്‍ അവന്‍ പോലീസുകാരനോ, പോസ്റ്റ്മാനോ, സിലിക്കണ്‍വാലിയിലെ കൂലിക്കാരനോ ആയി വളര്‍ന്നേക്കാം. വീട്ടില്‍ വരുമ്പോള്‍ മോന്‍ നരച്ചുതുടങ്ങിയല്ലോന്ന് കണക്കെടുക്കുന്ന അമ്മയുടെ മടിയിലേക്ക് തല വച്ച് ( ഇപ്പോഴത്തെ മക്കള്‍ക്ക് സ്നേഹിക്കാന്‍ തീരെ നാണമില്ല) ആ കല്ലെന്തിനാമ്മേ എടുത്ത് കള്ഞ്ഞേ... പുത്തന്‍ വീട് വച്ചപ്പോള്‍ ഒരു നടയായി എവിടെയെങ്കിലും ആ കല്ല് കൂടെ വച്ചിരുന്നെങ്കില്‍ ഇനിയുമെനിക്ക് ചോദിക്കാമായിരുന്നു. ആ
    മൂലേലാണോ...

    ന്‍റെ പുസ്തകങ്ങളും ഞാനെഴുതിവച്ച നോട്ടുകളും, ന്‍റെ കുഞ്ഞുമേശയും,മാടത്തയെ ചരട് കെട്ടിയിട്ടിരുന്ന ജനല്‍ കമ്പിയും കൂടെ ചില മക്കള്‍ ചോദിച്ചേക്കാം.

    അമ്മയും പേരമ്മയും പോകും.
    അടയാളങ്ങളും അനുഭൂതികളും
    നിന്നോട്ടെ അല്ലേ......?

  3. അവനൊന്നും അവാര്‍ഡ് കൊടുക്കരുത്


  4. -----------------------------------------------------
    രൂപഭംഗിയെന്ന സാമാന്യമലയാളി കാഴ്ചപ്പാടിനെ കുട്ടിക്കാനം വളവിലെ ബസപകടം പോലെ പല തവണ കീഴ്മേല്‍ മറിച്ചാണ് ശ്രീനിവാസന്‍ ഓരോ സിനിമയും ചെയ്തിറങ്ങുന്നത്. സ്വന്തം സ്ട്രക്ചറിന്‍റെ തെല്ലൊരു കോമാളിരൂപത്തെ ഒരു പ്ളസ് അഭിനയസാദ്ധ്യതയാക്കി, തനിയെ എഴുതിയുണ്ടാക്കിയ ചിന്തച്ചിരിബോംബായ കഥയിലെ ഏറ്റം വള്‍ഗര്‍ കഥാപാത്രത്തെഎടുത്ത് ജനഹൃദയങ്ങളിലേക്ക് ഓടികയറിയ ഈ നടന് ഒരിക്കലും അവാര്‍ഡ് കൊടുക്കരുത്.

    ശ്രീനിക്ക് ആദ്യം കാക്കിനിക്കര്‍ തയ്ച്ചത് ജി.അരവിന്ദനായിരുന്നു. ചിദംബരം എന്ന സിനിമയില്‍ മുനിയാണ്ടി വേഷത്തില്‍ ചെന്ന് സ്മിതാ പാട്ടീലിനെ കെട്ടിക്കൊണ്ടുവരാനായിരുന്നല്ലോ അത്. പിന്നീട് ആ കാക്കിനിക്കര്‍ ഇട്ടാണ് കുണ്ടിക്കുള്ളേ ഉണ്ട ഇറുക്ക് സാറേ ... എന്ന് കരഞ്ഞോടി മലയാളിയെ ചിരിപ്പിച്ച് ചിരിപ്പിച്ച് ചിരിക്കപ്പുറത്തേക്ക് കടത്തിക്കൊണ്ടുപോയത്.പ്രിയദര്‍ശന്‍റെ തേന്മാവിന്‍ കൊമ്പത്തെ അപ്പക്കാള ഏന്‍റെ ചെറ്യേ ബുദ്ധീല്‍ തോന്നിയ കാര്യങ്ങള്‍ പറയുമ്പോളും സ്വയം ചിരിക്കാതിരിക്കാനായി കട്ടിയുള്ള കാക്കിയാണ് ചുറ്റിക്കെട്ടിയിരിക്കുന്നത്.

    കല്യാണം കഴിച്ചോണ്ടു വന്ന് നാട്ടുകാര്‍ക്കും മലയാളിക്കും പണി കൊടുക്കുന്ന മഹത്തായ പണി ശ്രീനി തന്നെ തിരക്കഥയെഴുതി സംവിധാനം ചെയ്ത വടക്കുനോക്കിയന്ത്രത്തിലാണ് പിന്നെ നടപ്പാക്കിയത്. തളത്തില്‍ ദിനേശന്‍ പാര്‍വതിയെ കെട്ടേണ്ടിയിരുന്നില്ല എന്ന് അറുനൂറ് വട്ടം തോന്നിപ്പോകും. മഹത്തായ ആ കല്യാണഫോട്ടോ സീനിനെക്കുറിച്ച് കടലിനടിയില്‍ മരിച്ചുകിടക്കുന്ന മലയാളിയോട് ചോദിക്കൂ... അവനവിടെക്കിടന്ന് ചിരിക്കും. മനസ്സിന്‍റകത്തോട്ട് കയറി അവിടെ കപ്പയും വാഴയും ഇഞ്ചിയും നട്ടേച്ച് ആ കൃഷിയെല്ലാം മലയാളിക്ക് കാട്ടിക്കൊടുത്തപ്പോള്‍ ഞെട്ടിയത് K S David, P.M Mathew Velloor എന്നീ സ്ഥിരം പംക്തിക്കാരായ രണ്ട് മനശാസ്ത്രജ്ഞരായിരുന്നു. എത്രയെഴുതിയിട്ടും തുറന്ന് കിട്ടാതിരുന്ന മനസിന്‍റെ എസ്റ്റേറ്റ് വാതിലാണ് ഒറ്റ ചവിട്ടിന് തളത്തില്‍ ദിനേശന്‍ തുറന്നത്.

    ഒരുപാട് വര്‍ഷം ഏറ് കൊണ്ട ഒരു തെരുവ് നായുടെ
    മെയ് വഴക്കത്തോടെ , കൊഴുത്ത കള്ളത്തരങ്ങളോടെ ഒരു തിരക്കഥ മോഷ്ടിച്ചോടുന്ന ഈ മഹാനെ മലയാളി മറക്കൂല..

    പുട്ടില്‍ തട്ടുദോശക്കാരനായ, ഒഴിമുറി എഴുത്തുകാരനായ, ലാല്‍ എന്ന സ്മാര്‍ട് ബോയ്ക്കും ഒരിക്കലും ഒരവാര്‍ഡ് എറിഞ്ഞുപോലും ഇട്ട് കൊടുക്കരുത്.

    കഴുത്തില്‍ അഡീഷണലായി ഒരു സ്പ്രിംഗ് ഘടിപ്പിച്ചിട്ടുള്ള മഹാനായ ഇന്നച്ചന്‍ ഒരു സിനിമയില്‍ പോലും അഭിനയിച്ചില്ല എന്ന കാരണത്താല്‍, ലോട്ടറിയടിച്ച സീനില്‍ അഭിനയകുലപതിയായ തിലകനെ നിഷ്പ്രഭനാക്കികളഞ്ഞതുപോലുള്ള ഒരുപാട് കുറ്റങ്ങളാല്‍ അയാള്‍ക്കും കൊടുക്കരുതരുതവാര്‍ഡൊന്നും...

    അഭിനയിച്ചോ... ഞാനോ... എപ്പം?
    അവാര്‍ഡോ... എനിക്കോ എന്‍റെ ഫ്രാന്‍സീസ് പുണ്യാളാ...


  5. മണ്ണാങ്കട്ട
    എല്ലാ പെരുമഴയത്തും മണ്ണാങ്കട്ടയെ പൊതിഞ്ഞുസൂക്ഷിക്കുകയും മഴക്കുപിന്നെ യാത്ര തുടരുകയും ചെയ്തിരുന്ന കരിയില മഴക്കു മമ്പേ കാറ്റ് വന്ന ഒരു സന്ധ്യയില്‍ പറന്നുപോകുന്നതും ആവരണമില്ലാത്ത മണ്‍ദേഹം കുതിര്‍ന്ന് പൊടിഞ്ഞ് മഴയുടെ ശേഷഘോഷത്തിനൊപ്പം ഒഴുകി അപ്രത്യക്ഷമാകുന്നതും കണ്ടിരുന്നു , ഈ കഥ ഒരു വലിയ പെരുമഴയത്ത് ആദ്യമായി കേട്ട അന്ന് തന്നെ.

    പിന്നെ തെളിഞ്ഞ വെയിലത്ത് ദേഹമുണക്കി കരിയില യാത്ര തുടര്‍ന്നു കാണുമെന്നും ഒരു ദുഷ്ടനാണവനെന്നും കഥ പറച്ചിലുകാരന്‍ കാണാതെ മനസ്സില്‍ അന്ന് എഴുതുകയും ചെയ്തു.

    അല്ല ദുഷ്ടനല്ല. വീഴുന്നവര്‍ വീഴട്ടെ. വീണേടം അവര്‍ക്ക് കാശി.

    വീഴാത്തവര്‍ തുടരട്ടെ യാത്ര


  6. അരികുജീവിതങ്ങള്‍
    --------------------------------
    ശക്തയായ അമ്മയുടെ മകന്‍ സഞ്ജയഗാന്ധിയുടെ നേതൃത്വത്തില്‍ ബുള്‍ഡോസറുകള്‍ ഒറ്റ രാത്രി കൊണ്ട് ലക്നോ നഗരത്തിലെ അരികുജീവിതങ്ങളെയും, തുടര്‍ന്നു ജീവിക്കാനുള്ള അവരുടെ അവകാശത്തെയും, അവരുടെ ഉറക്കപ്പുരകളെയും തകര്‍ത്തുകളഞ്ഞു.

    തകരപ്പാട്ട, ചാക്കുമറ,അവരെത്രയോ തവണ ജയ് വിളിച്ചിട്ടുള്ള രാഷ്ട്രനേതാക്കന്മാരുടെ കൈകൂപ്പി് പുഞ്ചിരിക്കുന്ന ചിത്രം ചേര്‍ത്ത പരസ്യത്തുണികള്‍ എന്നിവകൊണ്ട് ഉണ്ടാക്കിയ മനോഹര രമ്യഹര്‍മ്മ്യങ്ങള്‍. ബലവത്തായ വാതിലുകള്‍ക്കു പകരം കുടുംബനാഥന്‍റെ,നാഥയുടെ നാക്കിന്‍റെ കവചം മാത്രമുള്ളവ.

    ലക്നോ ഒരു മനോഹരനഗരമായി ലിപ്സ്റ്റിക്കിട്ടുനില്ക്കാന്‍ അധികനാളുകള്‍ എടുത്തില്ല. വളരെ വീതിയേറിയ മഹാനഗരറോഡുകള്‍, ആസൂത്രണമികവ് എഴുന്നള്ളിക്കുന്ന കെട്ടിടസമുച്ചയങ്ങള്‍. ഇതിന്‍റെയെല്ലാം ക്രെഡിറ്റ് ആ ധീരപുത്രനുള്ളതാണ്. ആയുസെത്താതെ ഒടുങ്ങിയ ആ ധീരാത്മസ്മരണക്കായി ലക്നോവില്‍ സഞ്ജയഗാന്ധി പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ആഫ് മെഡിക്കല്‍ സയന്‍സസ് എന്ന നക്ഷത്ര ജീവന്‍രക്ഷാ സമുച്ചയം പരിലസിക്കുന്നു.

    രാത്രി തുടച്ചുനീക്കിയ ആ അരിക്ജീവിതങ്ങള്‍ എവിടെ പോയി? വൃത്തികേടുകളും അവശിഷ്ടങ്ങളും ഗോമതിനദിക്കരയില്‍ ഡംപ് ചെയ്തതിന്‍റെ അടിയില്‍ അവരുണ്ടോ... അതോ മിച്ചം കിട്ടിയ ശരീരഭാഗങ്ങളും അര്‍ദ്ധശ്വാസവുമായിഅവരെങ്ങോട്ടെങ്കിലും ഇഴഞ്ഞുപോയോ....

    പല വികസനങ്ങളുടെയും പേരില്‍ അരികുജീവിതങ്ങള്‍ ഉന്മൂലനം ചെയ്യപ്പെടുന്നു. അതിലോലപ്രദേശസംരക്ഷണം, വനപൂജ, റോഡുവികസനം, സ്പെഷല്‍ ഇക്കണോമിക് സോണുകള്‍, പറക്കുംവണ്ടി ഇറങ്ങാന്‍താവളം, നഗരസൌന്ദര്യവല്‍കരണം, വൈദ്യുതിലൈന്‍നീട്ടല്‍, ഇങ്ങനെ ആധുനികലോകത്തെ ഒഴിച്ചുകൂടാനാവാത്ത എല്ലാ മോടികളും നടപ്പാക്കുമ്പോള്‍ അവര്‍ ഇല്ലാതാകുന്നു. വെറും ശബ്ദം മാത്രമായിരുന്നവരുടെ ശബ്ദവുംകൂടെ നാമിങ്ങെടുക്കുന്നു.

    നമ്മള്‍ വികസിച്ചപ്പോള്‍ കെല്പ്,ബുദ്ധി, വക്രത എന്നിവയുടെ കുറവ് കൊണ്ട് മാത്രം അരികിലേക്ക് ഒതുക്കപ്പെട്ടവര്‍. ഒരിക്കലും ഒന്നിക്കാത്ത നാം എന്നെങ്കിലും ഒന്നിക്കുന്നെങ്കീല് അന്ന് ഇവരെ ഉന്മൂലനം ചെയ്യാം. പറപ്പിച്ചിട്ട് കാര്യമില്ല. ദാരിദ്ര്യവും വൃത്തികേടുകളുമായി എവിടെയെങ്കിലും വീണ്ടും പുണ്ണ് പിടിച്ച് വളരും. എന്തായാലും അവരുടെ ശ്വാസം ഈ നാടിന് അത്യന്താപേക്ഷിതമല്ല. കണ്ണുംവെട്ടത്തൂന്ന് പോയാല്‍ അരികിലൊതുക്കിയതിന്‍റെ കുറ്റബോധം നമ്മളെ മാന്താതെയുമിരിക്കും.

    എന്നിട്ട് മഹത്തായ ഭാരതയുദ്ധത്തിലെ ഓരോ ദിവസാവസാനവും കൌരവ,പാണ്ഡവപ്പാളയങ്ങളില്‍ നടന്ന കണക്കെടുപ്പ് പോലെ നമുക്ക് കണക്കെടുക്കാം. ഞാനിന്ന് 20 തലയെടുത്തു, 110 കാലൊടിച്ചു. നീയോടാ ഉവ്വേ...

    ഇറങ്ങിനടക്കാനൊക്കെ എന്തുരസം.... നാടെത്രയോ ഭംഗിയായി....




  7. അമ്മവീട്
    ചേന്നാടിന് നടത്തിയാണ് അമ്മ എന്നെ കൊണ്ടുപോകാറ്. പൂഞ്ഞാര്‍ വളതൂക്ക് വഴി അന്നത്തെ എന്‍റെ കാലിന് ഒരു മണിക്കൂര്‍ നടന്നാല്‍ മുറ്റത്ത് കിണറുള്ള, കിണര്‍ക്കരെ കല്‍ത്തൊട്ടിയുള്ള, നിറയെ തൈത്തെങ്ങുകളുള്ള, ചൂണ്ടയിട്ടാല്‍ വാള കൊത്തും തോടുള്ള അമ്മവീട്.

    അമ്മാവന് കൊമ്പനാമൊരു മീശയുണ്ട്, ടൌണില്‍ കടയുണ്ട്, കടയില്‍ പഴമുണ്ട്, വൈകിട്ട് വേണോടാ എന്ന് ചോദിച്ചിട്ട് എനിക്കും അര ഗ്ളാസ് പനയുണ്ട്.

    അമ്മായിക്ക് മുറ്റം നിറയെ കോഴിയുണ്ട്, ഞങ്ങളെത്തും വൈകിട്ട് ഒരു കോഴിക്ക് മരണമുണ്ട്.

    ദിവസം നാലഞ്ചു കഴിഞ്ഞാല്‍ തിരികെ ചിലപ്പോള്‍ ATS ബസിലാവും മടക്കം. കടയുടെ മുമ്പില്‍ കൊമ്പന്‍മീശ വിരിച്ച് നിന്ന് അമ്മാവന്‍ ബസ് തടയും, കയറ്റിവിടും. ബസ് ഈരാറ്റുപേട്ടക്കുള്ളതാണ്. പേട്ട ജംഗ്ഷനില്‍ മുരിക്കോലില്‍ മെഡിക്കത്സിനെതിര്‍വശം തൌഫീക്ക് ഹോട്ടലുണ്ട്, അവിടെ അപ്പമുണ്ട്, കറി പഞ്ചസാരയാണ്. അമ്മ ഇരുപത്തഞ്ചു പൈസ തന്ന് റോഡ് കടത്തിവിടും. അമ്മ കടയില്‍ കയറില്ല.

    സപ്ളയര്‍ അന്തുക്കായ്ക്ക് കാലിന് ഏന്തുണ്ട്, ഠേ ... എന്ന് പൊട്ടിച്ചാണ് മേശപ്പുറത്ത് ചായ വയ്ക്കുന്നത്. ഒരപ്പം,നിറയെ ചെറു സുഷിരങ്ങളുള്ളത്, നല്ല മണമുള്ളത്, പഞ്ചസാര കൂട്ടുള്ളത് തിന്നു കഴിഞ്ഞാല്‍ ... ചായ ഒന്നേ, വെള്ളേപ്പം ഒന്നേ, ഇരുപത്തഞ്ചേ... പറയുമ്പോള്‍ എനിക്ക് നടന്ന് ചെന്ന് പൈസ കൊടുക്കാം. കുഞ്ഞുമുഖമുള്ള ആ ഇരുപത്തഞ്ച് പൈസ വാങ്ങുമ്പോള്‍ മാനേജര്‍ ചിരിക്കില്ല. മുഖം കണ്ടാലല്ലേ ചിരിക്കാന്‍ പറ്റൂ... ഉയര്‍ന്ന ഇരിപ്പുമേശക്കു താഴെ നിന്ന് ഒരു ചെറുകൈ പൊങ്ങിവന്ന് പൈസ ഇട്ട് ഓടുകയാണല്ലോ.

    ഇന്ന് കയറിയാല്‍ ഒരപ്പത്തിനൊന്നും പഞ്ചസാരയിട്ട് തരില്ല. ഇരുപത്തഞ്ച് ഇരുപത്തഞ്ച് പൈസ കൊടുക്കാമെന്ന് വച്ചാലും ആ കുഞ്ഞനെ ആര്‍ക്കും വേണ്ട താനും.


Wednesday, 22 January 2014

പൂച്ചമരണം


പൂച്ചമരണം

കുഞ്ഞിലെ മുറ്റത്ത് ഒരു തുളസിയുണ്ടായിരുന്നു. അതിന്‍റെ പിറകില്‍ കൊലുമ്പ് കുത്തി കയറ്റിയിരുന്ന പയറും കുറെ വെണ്ടയും ചീരയും.

വീട്ടിലെ കണ്ടന്‍പൂച്ച ആ തുളസിയുടെ ചുവട്ടിലാണ് ഒരിക്കലും മറക്കാന്‍ വയ്യാത്ത ചില കളികള്‍ അവതരിപ്പിച്ചു കാണിച്ചത്. 

എവിടെ നിന്നോ അവന്‍ വിഷം കഴിച്ചു. എലിക്കോ പുലിക്കോ ആരെങ്കിലും വച്ചതാവണം. പരവശനായി വീടിനുള്ളില്‍ ഓടിനടന്നു. അമ്മയുടെ അടുത്തും ഞങ്ങളുടെ അടുത്തും മാറിമാറി വന്ന് എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു. എന്നാടാ... എന്നാടാ എന്ന് അമ്മ ചോദിച്ചു.

ഒരു നിമിഷത്തില്‍ വീടും അവകാശങ്ങളും സ്വയം ഉപേക്ഷിച്ച് മുറ്റത്തേക്ക് ചാടി. തുളസിച്ചുവട്ടില്‍ കിടന്നു. ഉറക്കെ കരഞ്ഞു, വളരെ ഉറക്കെ. അമിതവേദനയില്‍ പൊങ്ങിച്ചാടി, തുളസിയോളം ഉയരത്തില്‍. പിന്നെ അനങ്ങാതെ കിടക്കും. വീണ്ടും ചാടും.

മരണത്തിനു മുമ്പുള്ള ചാട്ടങ്ങള്‍ ഊക്കേറിയതായിരുന്നു. പന്തുപോലെ സ്വയം മുകളിലേക്കെറിഞ്ഞു ആറേഴുതവണ. പിന്നെ മീശയുള്ള മുഖം വീട്ടിലേക്ക് തിരിച്ച് വച്ച് സമാധാനത്തിലെത്തി. ഹൃദയം ആയിരിക്കണം പൊട്ടിപ്പോയത്.

മൂത്തോരില്‍ നിന്ന് വാങ്ങിയ എട്ടാം ക്ളാസിലെ പുസ്തകങ്ങള്‍ പൊതിഞ്ഞു റെഡിയാക്കിക്കൊണ്ടിരുന്നപ്പോഴാണ് വല്യമ്മച്ചിക്ക് നെഞ്ചുവേദന ആരംഭിച്ചത്. കരയുകയും ഞെളിപിരി കൊള്ളുകയും ചെയ്തപ്പോള്‍ എന്നെ അയല്‍വീട്ടിലേക്ക് ഓടിച്ചു. വീട്ടിലിരുന്ന് ഹോമിയോചികിത്സ ചെയ്യുന്ന വൈദ്യന്‍ എന്‍റെ കൂടെ വന്ന് ഓടിച്ചെന്ന് രോഗിയെ പൊതിഞ്ഞുപിടിച്ചു. മരണം കാണാന്‍ എനിക്ക് തന്നില്ല. ഒരു കടലാസില്‍ മരുന്ന് കുറിച്ച് വീണ്ടും വൈദ്യരുടെ വീട്ടിലേക്ക് എന്നെ ഓടിച്ചു. മരുന്നൊന്നും കിട്ടിയില്ല. തിരിച്ചുവന്നപ്പോഴേക്കും എല്ലാം സമാധാനത്തിലെത്തിയിരുന്നു.

ഒരു മരുന്ന് കൂടെ ഉണ്ടെന്നും അത് വന്നുകൊണ്ടിരിക്കുകയാണെന്നും രോഗിയ്ക്ക് പ്രതീക്ഷ കൊടുക്കുന്നതും ചെറിയ പിള്ളേരെ രംഗത്തുനിന്ന് മാറ്റുന്നതും നല്ല ഹോമിയോ ചികിത്സ തന്നെ.



അരകല്ല്


വലതുകൈയില്‍ ഒരു പിഞ്ഞാണവും ഇടതുകൈയിലെ പാത്രത്തില്‍ അരനിറവ് വെള്ളവും കൊണ്ടാണ് അമ്മിക്കലേക്ക് പോകേണ്ടത്, മറന്നിട്ടില്ലല്ലോ..

പലകയുടുപ്പ് പൊക്കിമാറ്റി, ഉറുമ്പുകളെ തോണ്ടിയെറിഞ്ഞ് , അഴുക്കും ചെളീമൊക്കെ വെള്ളം കൊണ്ട് കഴുകിഅരകല്ലിന് ദേഹശുദ്ധി വരുത്തണം.
അരകല്ലിന്‍റെ പിള്ളയെ നാട്ടിനിര്‍ത്തി വേണം കുളിപ്പിക്കാന്‍.

പിഞ്ഞാണത്തില്‍ വേറെ വേറെ സ്ഥലങ്ങളില്‍ ഇരുത്തിയിട്ടുള്ള തേങ്ങ, കാന്താരി, ഉള്ളി, ഉണക്കമഞ്ഞള്‍ എന്നിവയില്‍ മഞ്ഞളാണ് ആദ്യം എടുക്കേണ്ടത്.

അരകല്ലിന്‍റെ ഒത്ത നടുവില്‍ വച്ച ഉണക്കമഞ്ഞളിനെ പിള്ളക്കല്ലിന്‍റെ ചുവട് കൊണ്ട് ചതക്കുന്നു. ആ ചതക്കലില്‍ രാവിലെ കിണറ്റുകപ്പിയോട് തീര്‍ത്തതിന്‍റെ ബാക്കി നിസ്സഹായതകള്‍ കൂടി അമ്മ ഇടിച്ചുതീര്‍ക്കും. പറയാനവസരം കിട്ടാതെ പോകുന്ന വാക്കുകളൊക്കെ ഇങ്ങനെ ഉള്ളിമുളകുകളോടൊപ്പം അരഞ്ഞുചേരും.

ഉന്മാദകാലത്ത് ഭൂമിയമ്മ തുപ്പിയ ലാവ തണുത്തുറഞ്ഞ അമ്മിക്കല്ലിനുള്ളില്‍ നിന്ന് ആ അമ്മയുടെ രുചികളും ചേര്‍ന്ന് നാലുമണിക്കപ്പയ്ക്കുള്ള മുളകരക്കൂട്ട് പിഞ്ഞാണത്തിലാകുന്നു.

സ്കൂള്‍ വിട്ടു വരുമ്പോഴേക്ക് പുഴുക്കായും മൊരിഞ്ഞ മീനായും പുഞ്ചിരിയായും അമ്മ വാതില്‍ ചാരിനില്പുണ്ട്.



ആകാശദൂത്



ആകാശദൂത് എന്ന പുണ്യം പോലൊരു സിനിമയിലെ പിഞ്ചുകുഞ്ഞുങ്ങളെയും ആ കഥയെയും അതേ പേരിലൊരു സീരിയല്‍ പിടിച്ച് അതിക്രൂരമായും തവണതവണയായും നശിപ്പിച്ചെടുക്കുന്നത് പാവം മലയാളി കണ്ടുകഴിഞ്ഞു. മലയാളിക്കവകാശപ്പെട്ട ആ പേരിനെപ്പോലും വെറുതെ വിട്ടില്ല,ശുംഭന്‍. 

മൂന്ന് തവണ ജനല്‍കര്‍ട്ടന്‍ വലിച്ചുകീറിയത് ആ ചപ്പ് എന്റെ പുരക്കാത്ത് വന്നു കേറിയപ്പോഴാണ്.

രതിനിര്‍വേദം രണ്ടാമത് വന്നത് പ്രശസ്തമായ ഒരു ദേഹത്തെ മലയാളിക്ക് വിളമ്പാനല്ലായിരുന്നോ...

പാറക്വാറി പൊട്ടിച്ച് പൊട്ടിച്ച് വിറ്റ് പണമാക്കുന്ന പോലെ

ഇരട്ടക്കുട്ടികളുടെ അച്ഛന്‍ എന്ന സി.വി ബാലകൃഷ്ണന്‍റെ പടത്തെയും രണ്ടാം ഭാഗമാക്കാം. കുഞ്ഞുങ്ങള്‍ രണ്ടല്ലേ... രണ്ടു വീട്ടിലല്ലേ... എന്തെല്ലാം സാദ്ധ്യതകള്‍.

പൊട്ടിച്ച് പൊട്ടിച്ച് ലോറിയേല്‍ കേറ്റാം നമുക്ക്.

നന്ദി. ആ സാധനം ഉണ്ടാവണം അന്തസുള്ള ആര്‍ക്കും. തന്ത, തള്ള, തറവാട്, തമ്പുരാന്‍ എന്നിവ സ്വന്തമായുള്ളവര്‍ക്ക് സ്മരണകള്‍ വേണം.

ഒരച്ഛന്‍റെ ഗന്ധം, അമ്മയുടെ ആ ചെറിയ കട്ടില്‍, അവര്‍ തന്ന കരുത്തുറ്റ ജീവന്‍, മണ്‍പൊത്തില്‍ ചെറുതേന്‍പറവ കാത്തുവച്ച ഇത്തിരി തേന്‍, നല്ല പുസ്തകങ്ങള്‍, നല്ല കഥകള്‍, അപൂര്‍വമായി പിറക്കുന്ന നല്ല സിനിമകള്‍...
പൊട്ടിച്ച് പൊട്ടിച്ച് ലോറിയേല്‍ കേറ്റരുത്.



തീരുമാനം


തൊടുപുഴയില്‍ സ്വകാര്യവാഹനങ്ങള്‍ ഉള്ളവര്‍ പത്തോ പന്ത്രണ്ടോ മാത്രമുള്ള കാലത്തെ ഒരു വര്‍ക് ഷോപ്പുടമ, അഥവാ വണ്ടിപ്പണിക്കാരന്‍. അദ്ദേഹത്തിന് ബഹു. ആനവണ്ടി വകുപ്പില്‍ അന്ന് ഡ്രൈവറായി ജോലി കിട്ടുന്നു.

അമ്പലമുറ്റത്ത് അറിയാതെ മുറുക്കിത്തുപ്പിയതിന് കോപിച്ച കൃഷ്ണന്‍ തന്ന ശിക്ഷയാണതെന്ന് മനസിലാക്കാതെ, കുഞ്ഞുങ്ങളുടെ ഭാഗ്യമായി കരുതി പാവം ആ ജോലിയിലേക്ക് കാല്‍ പൊക്കിവച്ചു.

ടൌണില്‍ സ്വന്തമായുള്ള സ്ഥലവും കെട്ടിടവും വര്‍ക് ഷോപ്പ് സാമഗ്രികളും ഒരു സുഹൃത്തിന് വിശാലഹൃദയം ചേര്‍ത്ത് വിലയിട്ട് കൊടുത്തൊഴിഞ്ഞു. ഡബിള്‍ബെല്ല് കേള്‍ക്കുമ്പോള്‍ ഇടത് ചവിട്ടി, ഗിയര്‍ അടിച്ച് വീഴ്ത്തി, വലതു ചവിട്ടി എരപ്പിക്കുന്ന പണിക്ക് യൂണിഫോറമിട്ടു.

പൊതികെട്ടി ഉന്മേഷത്തോടെ പുറപ്പെട്ട് വൈകുന്നേരങ്ങളില്‍ തളര്‍ന്ന് തിരിച്ചെത്തിയെത്തി ജീവിതം സന്ധ്യയോടടുത്തു.

തല നരച്ച് വെളുത്തു. പെന്‍ഷനാകാന്‍ സമയമെത്തി. എന്നു പറഞ്ഞാല്‍ കൊച്ചിക്കുപോകാന്‍ സമയമായി, വക്കീലിനെ കാണണം, കേസുകൊടുത്താലേ പെന്‍ഷന്‍പണം കീട്ടൂ. ആനപ്പെട്ടീല്‍ കാശില്ല,പാപ്പാന്‍റെ പെന്‍ഷന്‍ കൊടുക്കാന്‍.

ജോലിക്കുമുമ്പേ കല്യാണിച്ചതുകൊണ്ട് അതു നടന്നു. മക്കളുടെ കല്യാണം
നടക്കണേല് പുളിമൂട്ടില്‍ കവലേല് ഓംലറ്റടിക്കണ തട്ടുകട ഒരെണ്ണം തുടങ്ങണം. സ്ഥിര വരുമാനിക്കേ അന്തസുള്ള ബന്ധങ്ങള്‍ വരൂ. അല്ലാത്തവന്‍റെ ബന്ധം കിട്ടാവുന്നിടത്തെല്ലാം കടംവാങ്ങുന്ന, മുഖത്തുനോക്കാന്‍ സുഖമില്ലാത്ത ബന്ധമാണ്.

ചില കാലത്തെടുക്കുന്ന ഓരോ മണ്ടന്‍ തീരുമാനങ്ങളേ... ടൌണിലെ കെട്ടിടം ഇരുന്ന സ്ഥലത്തൂടെ പോകുമ്പോള്‍ സങ്കടത്തിന് ഡബിള്‍ ബെല്ലല്ല, കൂട്ടമണിയാണ് പൊട്ടുന്നത്. അതിന്‍റെ ഇന്നത്തെ വില ഓര്ത്താല്‍ മരണപ്പെട്ടേക്കുമോ എന്ന് പേടിയുള്ളതിനാല്‍ ഓര്‍ക്കുന്നേയില്ല.

ഇപ്പറഞ്ഞതെല്ലാം ഇന്ന് പുറപ്പെടാന്‍ അഞ്ച് മിനിട്ടുള്ള ഒരു ആനയില്‍ കയറിയിരുന്നപ്പോള്‍ രണ്ടു KSRTC പാവങ്ങള്‍ സങ്കടിക്കുന്നത് പിറകിലൊതുങ്ങിയിരുന്ന് കേട്ടെടുത്തതാണ്. ഇതിലും എത്രയോ വലിയ സങ്കടങ്ങളീ ഭൂമിയിലുണ്ടെന്നത് മാത്രം ഒരു ആശ്വാസം..


Friday, 17 January 2014

വിലപ്പോകുന്ന നേരും മീനമ്മ പറഞ്ഞ കഥയും




നമ്മുടേതല്ലാത്ത പണി

അമ്മേ സമ്മതിച്ചു. നമ്മളിങ്ങനെ നീന്തിനടക്കണം,
 ഒഴുകി വരുന്ന പുഴ വിളമ്പിത്തരുന്ന ഇരകള്‍ തിന്നണം. 
വലുതാവുമ്പോള്‍ മുട്ടയിടണം, വിരിയിക്കണം, വളര്‍ത്തണം.
 മുമ്പേ നീന്തി, പിറകേ മക്കളെ നീന്തിക്കണം.

എന്നിട്ട് എന്തെന്നല്ലേ ചോദിക്കാന്‍ പോണത് നീ മകനേ.. 
ദേയ് ആ തൊണ്ടിമരത്തില്‍ കാത്തിരിക്കും കൊക്കിന്‍റെ മുഖപ്രസാദമാകണം. തീര്‍ന്നു.

ഉദ്ദേശിക്കുന്നതുപോലെ ഒന്നും ബുദ്ധിമുട്ടുള്ളതല്ല, മക്കളേ.. ഈ പുഴ പോലെ ഒഴുകിയാല്‍ മാത്രം മതി. ചെന്നെത്തുക എന്നത് ഒരിക്കലും നമ്മുടെ പണിയേയല്ല.




നേരല്ലേ ... വിലപ്പോകും.


ആരു പറഞ്ഞിതുപോലൊരു ഭൂമിയില്‍
നേരു വിലപ്പോകില്ലെന്ന്?

പോരു മറന്ന് വിളമ്പുക നിന്നെയൊ-
രായിരമാള്‍ വന്നുണ്ണട്ടെ.

സാന്ധ്യവിളക്ക് തെളിക്കാനിത്തിരി 
സ്മേരമുഖം, ലാവണ്യമനം.

പോരേ പ്രതിഫല, മിതിലും വലി-
യൊരു ഫലമെന്താണിനി കൈവരിക?

Monday, 13 January 2014

പെണ്‍കുട്ടി, നഗരം, ഡയറി

നഗരങ്ങളെ കഴുകേണ്ടതുണ്ട്


രണ്ടു സഹോദരരെ പെണ്‍ചെന്നായ മുല കൊടുത്ത് വളര്‍ത്തി . അതിലൊരുവനായ റോമുളൂസ് റോമാനഗരം സ്ഥാപിച്ചു എന്ന് കഥ. അങ്ങനെ ഒരു ചെന്നായ് പാരമ്പര്യം നഗരത്തിനുണ്ട്. 

കലാകാരന്മാരാണ് കൂടുതലും. ഭൂലോകത്തെ വിസ്മയിപ്പിച്ച കൊത്തുരൂപങ്ങളുടെ നഗരം. പുത്രന്‍ മടിയില്‍‍ മരിക്കുന്നോരമ്മ തന്‍ ഇറ്റിറ്റുവീഴുന്ന കണ്ണുനീരാണ് റോം.

സംഗീതോപകരണങ്ങള്‍ അനവസരത്തില്‍ ഉപയോഗിക്കും. ഉദാ : വീണ. ചക്രവര്‍ത്തിമാര്‍ പ്രജകളുടെ തീവയ്പ്പ് കലകളില്‍ ഇടപെടാറേയില്ല. മര്‍ദ്ദന,,പീഡനയന്ത്രങ്ങള്‍ രൂപകല്പന ചെയ്യുന്നതില്‍ വിദഗ്ധരായിരുന്നു. കുരിശുകള്‍,കൊരടാവുകള്‍... പരമാവധി വേദന, സ്ളോ ഡെത്ത്. എന്നാലേ കൊലയില്‍ ഒരു കലയുള്ളൂ.

കൊലയിലെ കല സംരക്ഷിക്കുന്നതിനായി ഒരു വിസ്തൃതപ്രദേശം മുഴുവന്‍ കൊളോസിയം എന്ന പേരില്‍ കൊട്ടിയടച്ച് പണിയും. അവിടത്തെ കളികള്‍ക്കായി നൂറ്കണക്കിന് സിംഹങ്ങളെ തീറ്റിപ്പോറ്റും. സിംഹത്തിനോട് പരസ്യമായി ഇടപെട്ട് രസം ചീറ്റിക്കുന്നതിനായി ഗ്ളാഡിയേറ്റര്‍മാര്‍ എന്ന പേരില്‍ നല്ല തടിമിടുക്കുള്ള അടിമകളെയും തീറ്റിവളര്‍ത്തും .

സ്പാര്ട്ട ക്കസ് ഒരു ഗ്ളാഡിയേറ്ററായിരുന്നു. അവിടെ നിന്ന് ചാടി കുറെയേറെ അടിമകളോടൊപ്പം റോമിനെതിരെ ചെറിയ വഴക്കുകള്‍ നയിച്ചു. ഫലമോ.. റോമില്‍ നിന്ന് കപ്പുവായിലേക്കുള്ള പാതയോരത്ത് നാട്ടിയ 6000-ത്തിലധികം കുരിശുകളില്‍ വിപ്ളവം പിടഞ്ഞുമരിച്ചു. ആ കാഴ്ച കൂടെ റോമില്‍ കൊത്തിവയ്ക്കണം.

ചോദ്യംചെയ്യലിന്‍റെ ആള്‍ രൂപമായി സ്പാര്‍ട്ടക്കസ് ഉയിര്‍ത്തെഴുന്നേറ്റു.

പിന്നെയും 105 വര്‍ഷങ്ങള്‍ കഴിഞ്ഞാണ് അധിനിവേശപ്രദേശമായ യൂദയായിലെ ഒരു മരപ്പണിക്കാരന്‍റെ മോനെ റോം കുരിശിലേറ്റിയത്. റോമിന്‍റെ നാള്‍ വഴികളില്‍ ഒരു സാധാരണസംഭവം. ഇത്തിരി ചോര, ഭരണച്ചെലവിലെ കുറേ തുട്ടുകള്‍... തീര്‍ന്നു .

റോമിലെ മഴ ആരംഭിക്കുന്നത് മരിച്ച മകനെ മടിയില്‍ കിടത്തിയ മറിയത്തിന്‍റെ കണ്ണുകളില്‍ നിന്നാണ്. ( സച്ചിദാനന്ദന്‍)

റോമിന് പെരുമയില്ലാത്തത് റോമില്‍ മാത്രം. നേരാണ്, ടൂറിസ്റ്റുകളുടെ മുഖത്ത് മാത്രമേ വിസ്മയത്തിന്‍റെ തിരതള്ളലുള്ളൂ. നാട്ടുകാരായ ഇറ്റലിക്കാര്‍ നമ്മുടെ എ.കെ ആന്റണിയുടെ മുഖഭാവത്തോടെ ഒഴുകുകയാണ്. (മാങ്ങാട് രത്നാകരന്‍ - യാത്രാനുഭവം)

അളവില്ലാത്ത നന്മകള്‍ കൊണ്ട് കഴിയുമെങ്കില്‍ റോം അതിന്‍റെ ഭൂതകാലത്തെ കഴുകട്ടെ.



ഡയറി
രണ്ടുകൊല്ലം കൂടി വീട്ടില്‍ വരുമ്പോളൊക്കെ എനിക്ക് ആ നാണം ഉണ്ടാകാറുണ്ട്. ബാഗ് തിണ്ണയിലേക്ക് നീട്ടി എറിഞ്ഞിട്ട് അമ്മേ എന്ന് വിളിച്ച് നേരെ മുറ്റത്തിറങ്ങി കിണറ്റിലേക്ക് കുനിഞ്ഞുനോക്കിനിന്നുകളയും. ആ നില്പിന് കുറെ സൌകര്യങ്ങളുണ്ട്. പിറകില്‍ വന്നുകൂടുന്ന സ്നേഹങ്ങളെ തിരിഞ്ഞുനോക്കാതെ എണ്ണിയെടുക്കാം, ഗുരുലഘുത്വങ്ങള്‍ പഠിക്കാം. മുഖം സുരക്ഷിതമായി നമ്മുടെ കൈവശത്തിലും ആര്‍ദ്രമായിപ്പോയേക്കാവുന്ന ഹൃദയം ഷര്‍ട്ടിനുള്ളിലും ഇരുന്നോളും.

അങ്ങനെ ഒരു ജനുവരിയില്‍ നാട്ടില്‍ വന്നിട്ട്, അകലെ നിന്ന് ഹിമാലയം കാണാവുന്ന സംസ്ഥാനത്തെ ജോലിസ്ഥലത്തേക്ക് ഞാന്‍ തിരികെ പോയില്ല.

തിരികെ പോകാന്‍ സാധിക്കാതെ, ഒരു സര്‍ക്കാര്‍ സ്കൂളില്‍ എനിക്കുണ്ടായിരുന്ന ജോലി പോയി; കൊന്തുംഗോ, രമ്പേംതംഗ്,രംബാമോ, മേരിയാനി എന്നിങ്ങനെ പേരുള്ള കുറെ സഹാധ്യാപകര്‍ പോയി, അങ്ങനെതന്നെയൊക്കെ പേരുള്ള എന്നെക്കാള്‍ വലിയ പുള്ളാര് പോയി, സോളിറ്ററി റീപ്പര്‍ എന്ന ഒറ്റ കവിതയെഴുതിയതിന്‍റെ പേരില്‍ വേഴ്സ്വര്‍ത്തിനോട് ശത്രുത പ്രഖ്യാപിച്ച ( അര മണിക്കൂറോളം അര്‍ത്ഥം പറഞ്ഞുകൊടുക്കാന്‍ ഞാന്‍ ശ്രമിച്ചുനോക്കി ) പ്രിയപ്പെട്ട ഹെഡ്മാസ്‍റ്റര്‍ക്ക് എന്നോടുണ്ടായിരുന്ന ആ കൂട്ടും പോയി.

പിന്നെയും പോയി കുറെ പുസ്തകങ്ങള്‍. അന്തര്‍ജനത്തിന്‍റെ അഗ്നിസാക്ഷിക്ക് അപ്പുറവുമിപ്പുറവുമായി ചാരിയടുക്കിയിരുന്ന മലയാളികള്‍.....

തരംഗിണി അന്നുവരെ ഇറക്കിയ കാസറ്റുകള്‍ ... അതിന്‍റെ പൊട്ടുന്ന വള്ളി ഒട്ടിക്കാനുള്ള പശ...

ഒരു ഡയറിയും പോയി . ആ ഡയറിയിലായിരുന്നു ഞാന്‍.

പച്ച നിറമായിരുന്നു.


യാത്ര , പെണ്‍കുട്ടി
ഞാനോര്‍ക്കുന്നു ഒരു പെണ്‍കുട്ടിയെ. ഒരു ബസ് യാത്രയും.

ആവശ്യത്തിലേറെ വളവുകളും മലകളും ഒപ്പം സ്പീഡും. എല്ലാം കൂടെയായപ്പോള്‍ വൊമിറ്റ് ചെയ്തു. അതിന്‍റെ അപമാനവും ക്ഷീണവും കൂടി തളര്‍ന്നിരിക്കുമ്പോള്‍ തൊട്ടടുത്തിരുന്ന പെണ്‍കുട്ടി എത്രയും അലിവോടെ പുറം തലോടി തലോടി ആശ്വസിപ്പിച്ചു. ആരാണവളെ എന്‍റടുത്തേക്ക് പറഞ്ഞയച്ചത് ... തളര്‍ന്ന ഒരു നോട്ടമാണ് ആ സ്നേഹത്തിന് മറുപടിയായി നല്‍കിയത്. അവളെങ്ങോട്ടു പോയിയെന്നോ അവളിപ്പോള്‍ എവിടെയാണെന്നോ ഒന്നുമറിയില്ല. എന്നാലും തണുപ്പാര്‍ന്ന ഒരു ഓര്‍മ്മയായി അവളിപ്പോഴും എന്‍റെ മനസ്സിലുണ്ട്.

അതുപോലെ യാത്രയില്‍ കണ്ടുമുട്ടുന്ന, കൂടപ്പിറപ്പുകളെപ്പോലെ പെരുമാറുന്ന, അപരിചിതരായ മനുഷ്യര്‍ ആ യാത്രകളെ എത്രയോ ഉന്മേഷമുള്ളതാക്കി. ഇങ്ങനെ എത്രയോ പേരുടെ കനിവിലും കരുണയിലും കരുതലിലുമൊക്കെയാണ് നമ്മുടെ ഈ കൊച്ചുജീവിതം വലിയ പരുക്കൊന്നുമേല്ക്കാതെ മുന്നോട്ടു പോകുന്നത്.

എന്നെങ്കിലുമൊക്കെ ഇതൊന്ന് ഓര്‍ത്തുനോക്കുന്നത് അപാരമായ തൃപ്തിയിലേക്കും സ്വസ്ഥതയിലേക്കും നമ്മുടെ ജീവിതത്തെ കൂട്ടിക്കൊണ്ടു പോകും.

ഞാനറിയാതെന്‍ വീഥിയിലെ
കു ഴികള്‍ മൂടാന്‍ മുമ്പേ പോയ്,
ഞാനറിയാതെന്‍ വീഥിയിലെ
ദീപമുയര്‍ത്താന്‍ മുമ്പേ പോയ്.

( അമ്മ എന്നു പേരുള്ള കുടുംബമാസികയുടെ ജനുവരി 13-ലെ മുഖപ്രസംഗത്തില്‍ നിന്ന്)