Sunday, 21 April 2013

കോലാഹലമേട്



                   കുളി കഴിഞ്ഞ് കാച്ചിയ വെളിച്ചെണ്ണയുടെ മണം പരത്തി പുതിയ ചട്ടയും മുണ്ടുമണിഞ്ഞ്
 'ഒന്നു പോടാ നീ ' എന്ന് കണ്ണിലെഴുതി മുറ്റത്ത് മുടി ഉണക്കാന്‍ നടക്കുന്ന രൂപത്തെ ഇപ്പോള്‍ ഓര്‍ക്കാന്‍ കാരണം കാറ്റു കൊണ്ടുവന്ന ഈ മണമാണ്. ഇതേത് പൂവാണ് ?

                  വിളിക്കാതെ തന്നെ ചങ്കില്‍ കയറി ,  ഇപ്പോള്‍ കാച്ചിയെടുത്ത കൊച്ചരിവാള്‍ പോലെ , അകം മൂര്‍ച്ചപ്പെടുത്തുന്ന ഈ മണം അത്ര അപരിചിതമല്ല. ഒരു ജന്മത്തിന്‍റെ പുകില്‍വട്ടങ്ങള്‍ക്കൊടുവില്‍ ഒരുനാള്‍ ഈ മടിയില്‍കിടന്ന് മരിച്ചവളുടെ  നാവിനും കണ്ണിനും കാച്ചരിവാള്‍ തിളക്കമുണ്ടായിരുന്നു.

                 ലക്ഷണം കാട്ടുന്നതും അല്ലാത്തതുമായ പശുക്കള്‍ക്കു പിറകെ കുട്ടപ്പന്‍ മൂരി ഇന്ന് വിശേഷാല്‍ ഓടുന്നുണ്ട്. പശുക്കളെ പുല്ല് തിന്നാന്‍ സമ്മതിക്കാത്തതും ഈ വാഗമണ്‍ കാറ്റിനൊപ്പമെത്തിയ മണത്തിന്‍റെ  കുന്നായ്മ തന്നെയോ ? പശുക്കളും പല പ്രായത്തിലുള്ള കിടാങ്ങളും കുട്ടപ്പനും കൂടെ ആകെ ഇരുപതെണ്ണമുണ്ട്. കൂടാതെ ഒരു പുതിയ ചങ്ങാതി വന്നു കൂടിയിട്ടുമുണ്ട്. ഒരു കേഴയാട്ടിന്‍കുട്ടി. പേരിട്ടത് കുട്ടു എന്നാണ് . എന്തിനെയോ പേടിച്ച് വെകിളി പിടിച്ച് ഓടിയ പശുക്കള്‍ക്കിടയില്‍ പെട്ടുപോയതാണ് പാവം. ഒരു കാലൊടിഞ്ഞ പിഞ്ചിനെ വച്ച് കെട്ടി പാല്കുടിപ്പിച്ച് ജീവിപ്പിച്ചെടുത്തതാണ്. പിന്നെ അവന്‍ നേരിട്ട് പശുക്കളുടെ കൂടെ നടന്ന് അകിട്ടില്‍നിന്ന് കുടി തുടങ്ങി. കിടാങ്ങളുടെ കൂടെ ഓടിനടന്ന് ഇളംപുല്ല് തിന്ന് ഇന്നവന്‍ ഒരു മുക്കാല്‍ കേഴയായി കഴിഞ്ഞു.

                 പക്ഷേ ഇന്നവനെ കാണുന്നില്ല. കുട്ടു എവിടെഎന്ന് കുട്ടപ്പന്‍ മൂരിയോട് ചോദിച്ചാല്‍ അറുപതായിരം വര്‍ഷങ്ങളില്‍ കാട് പെറ്റുകൂട്ടിയ എല്ലാ പുരുഷജീവികളുടെയും വീര്യം സമാഹരിച്ച് അമറിയടുത്തുകളയും അവനിന്ന്. സംശയം വേണ്ട. ഇന്നവന്‍റെ പരുവമതാണ്
                  വെയില്‍ പടിഞ്ഞാറും പശുക്കള്‍ ആലയിലേക്കും ചെരിഞ്ഞു.  വൈകുന്നേരം ചെലവഴിക്കാനായി പതിവ് കാറ്റുകള്‍ പുള്ളിക്കാനത്തുനിന്ന് കോലാഹലമേട് വഴി തങ്ങള്‍പാറയിലുരഞ്ഞ് നാടുനോക്കനിലേക്ക് വീശിത്തുടങ്ങി. അപ്പോള്‍ ഒറ്റമരംമേടിന്‍റെ രണ്ടുമേട് അപ്പുറം ഒരു മിന്നായം.   കുട്ടുവാണോ ?  മേടുകള്‍ക്കിടയിലെ ചതുപ്പില്‍ വളരുന്ന പന്നല്‍തണുപ്പിലേക്ക് വീണ്ടും ഒന്നല്ല... രണ്ടല്ല.... കുട്ടുമാര്‍ കുറെയേറെ പായുന്നു !!

                  കുരുവിപ്പെടാം. അതാണ് നല്ലത്. കേഴക്കുട്ടിയുടെ വേഗത്തിനൊപ്പം കുരുവിവേഗമേ നില്ക്കൂ . കണ്ടാലുടനെ പോക്കറ്റില്‍ പിടിച്ചിട്ട് കാലത്തിന്‍റെ ഉല്പത്തി മുതലുള്ള കഥകള്‍ പറയുന്ന ബാവായെയും ഇന്ന് കാണുന്നില്ല. കാണാത്തത് നന്നായി. കാച്ചുവെളിച്ചെണ്ണയുടെ ഗന്ധത്തോട് നരച്ച താടിക്കാരന്‍ ബാവ തീരെ യോജിക്കില്ല.

                  പുള്ളിക്കാനം കാറ്റിനെ തുളച്ച്,  ഒറ്റമരംമേടും മരമില്ലാമേടുകളും ഒരു മിഴിചിമ്മുംനേരം കൊണ്ട്
തീര്‍പ്പാക്കിയപ്പോള്‍ കേഴകളുടെ പെരുന്നാളാണ് മുന്‍പില്‍ കണ്ടത്. ഒന്നും പത്തും നൂറുമല്ല. ഓടുകയാണ്. ആരുടെയും പുറകെയല്ല. എങ്ങോട്ടും അല്ല . ചുമ്മാ മേടിന് മുകളിലേയ്ക്ക് . ഉടനെ താഴെ പന്നല്‍കാട്ടിലേക്ക് . കുറെ തെക്കോട്ടും കുറെ വടക്കോട്ടും , യാതൊരു ബോധലക്ഷണങ്ങളും കാണിക്കാത്ത ഈ പോക്കിന് പിരാന്ത് എന്നുതന്നെയാണ് പേര് !! അതുതന്നെ പേര് എന്ന് ഉറപ്പിക്കാന്‍ തുടങ്ങിയപ്പോളാണ് എവിടെനിന്നോ  വിസില്‍മുഴക്കം പോലെ ഒരു സ്വരം കേട്ടത്. ഒരു പന്നല്‍കാട് മുഴുവന്‍ തകര്‍ത്ത് തരിപ്പണമാക്കി വിസില്‍ മുഴങ്ങിയ ദിക്കിലേക്ക് പിരാന്തുകള്‍ ഓടി മറഞ്ഞു.

                  ദിശയറിഞ്ഞ് കുരുവി ചിറകെറിഞ്ഞു. കോലാഹലമേടിന്‍റെ വടക്കേചെരിവിലെ ചെരിഞ്ഞ പാറവക്കത്തെ ഇത്തിരിപ്പുല്ലില്‍ കുരുവി താണു .

                 പിന്നെയും ആ മണം.  മണം കൊണ്ട് ഈ പാറ കഴുകിത്തുടച്ചതുപോലെയുണ്ട്. ചങ്കിലേക്ക് നേരെ കയറുന്ന ഗന്ധത്തില്‍ കണ്ണുകള്‍ അടഞ്ഞുപോകാതെ കുരുവി ഘനപ്പെട്ടിരുന്നു. വളരെയേറെ ചുവപ്പു വാരിയെറിഞ്ഞ് അസ്തമയദിക്കില്‍ ഒരു നാടകതിരശ്ശീലയും സജ്ജമാക്കിയിട്ടുണ്ട്,  ആരോ !

                  മദം കൊണ്ട കേഴയാടുകള്‍ ആരോ വാരിയെറിഞ്ഞ ചരല്‍ക്കല്ലുകള്‍ പോലെ പാറപ്പുറത്തേക്ക് വന്നു നീണുകൊണ്ടിരുന്നു. ഒത്ത നടുവില്‍തന്നെ കുട്ടുവും വന്നു വീണു . ഈരണ്ടുപേരുടെ ഇണക്കൂട്ടങ്ങളായി തിരിഞ്ഞ് വിശാലമായ പാറയുടെ ഞെളിവുകളിലും മടക്കുകളിലും കാലുറപ്പിച്ച് , ആദാദികാലത്തു നിന്നിങ്ങോട്ടു  തലമുറകളെ പകര്‍ത്തിയെഴുതുന്ന പുണ്യകര്‍മ്മത്തിനായി അവര്‍ രണ്ടു ജീവികളല്ലാതായി. അപ്പോള്‍ വീണ്ടും വിസില്‍ മുഴക്കിയതാരാണ് ??

                 ആ കാഴ്ച മങ്ങുകയാണ്. കണ്ണു തെളിയുന്നില്ല. രാവിലെ പല്ലുതേപ്പിനെടുക്കുന്ന ഉമിക്കരിയിലും പിശുപിശുക്ക് കാണിക്കുന്ന മഹാപിശുക്കനായി മാറി അന്തിസൂര്യന്‍ . തമ്പുരാന്‍ വിത്തുണങ്ങാന്‍ വിരിച്ച അനേകം പനമ്പുകള്‍ പോലത്തെ മലകള്‍ക്കപ്പുറം അവന്‍ കളമൊഴിഞ്ഞു . അരസികന്‍ !

                 ഇരിപ്പുറക്കാത്ത കുരുവി പാറയ്ക്കു മുകളില്‍ കറങ്ങിപറന്നുനടന്നു . ഇടയ്ക്കെപ്പോഴോ നിലാവുദിച്ചു. നിലാപ്പെരുമയില്‍ സ്വപ്നത്തിലെ നിറങ്ങളില്‍ , സ്വപ്നത്തിലെ താളത്തില്‍ ഈ കാണുന്നത് നൃത്തച്ചുവടുകള്‍ തന്നെ.             നാളെ കിളിര്‍ക്കേണ്ട ഇളംപുല്ലുകള്‍ക്കിടയിലേക്ക്   ആയിരം
 കേഴക്കൂത്താട്ടങ്ങളായി , ആയിരം കേഴക്കുഞ്ഞുങ്ങളായി ഈ നിമിഷങ്ങള്‍ രൂപമെടുക്കുമെന്ന് ഓര്‍ത്തപ്പോള്‍ കുരുവിക്ക് ഉന്മാദം വന്നു. കുരുവി വിസിലടിച്ചു.  

 പൂയ്....!      പുപ്പൂയ്....!!         പുപ്പുപ്പൂയ്....!!!

                 നാലാമത്തെ വിസിലിന് മുമ്പ് താനാരുടെയോ പോക്കറ്റിലേക്ക് വീണു എന്ന് കുരുവിയറിഞ്ഞു. താടിക്കാരന്‍ ബാവയുടെ പോക്കറ്റിലാണ് !  പോക്കറ്റിന് പുറമേ കൈയോടിച്ച്  തന്നെ തടവുന്നുമുണ്ട്. ഇയാളെവിടെയായിരുന്നു ??  അപ്പോള്‍ വീണ്ടും വിസില്‍ ശബ്ദം !ഇത് പിരാന്ത് പിടിച്ച കേഴയാടുകളെ കോലാഹലത്തിന് പാറയിലേക്ക് വിളിച്ച വിസില്‍ തന്നെ. അപ്പോള്‍ താടിക്കാരാാാ...., തമ്പുരാന്‍ ബാവേ... ഇയാളാണ് പടിഞ്ഞാറ് ചുവന്ന കര്‍ട്ടന്‍ വിരിച്ച് വിസിലടിച്ച് തുടങ്ങിയ നാടകത്തിന്‍റെ സംഘാടകനും സംവിധായകനും?
 മനസ്സിലായി കേട്ടോ .......... !!!!!!

2-ം ഭാഗം അടുത്താഴ്ച

Friday, 19 April 2013

ഉലാത്തല്‍




           അവന്‍ കുരുവിപ്പെട്ടതിന്‍റെ മൂന്നാം ദിനം മുതല്‍ മുഴുവന്‍ ഭംഗിതന്നെയായ പുല്‍മേടുകളില്‍ തനിക്കൊപ്പം ആരോ ഉലാത്തുന്നതായി കുരുവിക്ക് തോന്നിത്തുടങ്ങി. ഇടയ്ക്കൊരു കാല്‍പാദം, പിന്നൊരിക്കല്‍ നീണ്ട താടിയുള്ള ഒരു മുഖം ! വെറുതെ തോന്നിയതാകാം- കോടമഞ്ഞിന്‍ പുകിലില്‍ അങ്ങനെ എന്തെല്ലാം കാഴ്ചകള്‍ ? തോന്നലുകള്‍ തന്നെ. വെറും തോന്നലുകള്‍......

          വെറുംവെറുതെ സന്ധ്യ കൊള്ളാനിറങ്ങിയ കുരുവി താഴ്ന്ന് പൊങ്ങി പറന്നും, ഒറ്റപ്പുല്‍കൊമ്പത്ത് ഇരുന്നും ചുറ്റുമുള്ള 'ഹായ്ഹായ്'കളെ വീക്ഷിച്ചും സമയം പോക്കവേ പെട്ടെന്ന് തോളിലൊരു കൈ വീണു.

വരൂ , എനിക്ക് സന്ധ്യക്ക് ഉലാത്താന്‍ എന്തിഷ്ടമാണെന്നോ..... നീയും വരൂ കുരുവീ ......            

നോക്കിയിട്ടും നോക്കിയിട്ടും ആരെയും കാണാതെ ഒറ്റപ്പുല്‍കൊമ്പത്തു നിന്ന് തല ചുറ്റി വീഴാനൊരുങ്ങിയ കുരുവി, തന്നെ ആരോ പോക്കറ്റിലിട്ട് നടന്ന് തുടങ്ങിയതായും അവന്‍ ഒരു കഥ പറഞ്ഞുതുടങ്ങിയതായും അറിഞ്ഞു.

           അവനുണ്ടല്ലോ, അബിയായുടെ ഗണത്തില്‍പെട്ട സക്കറിയ . അവനായിരുന്നു അന്ന് നറുക്ക് വീണത്. യാഹ്വേയുടെ ആലയമായ ജറൂസലത്തെ അതിപൂജിതസ്ഥലത്ത് ധൂപം അര്‍പ്പിക്കാന്‍ ഭയപ്പാടോടെ അവന്‍ നടന്നു വന്നു. എന്‍റെ കൊത്തളത്തിലേക്ക് വിറച്ച് കാല്‍ കുത്തിയപ്പോള്‍ തന്നെ അവനെ ഞാന്‍ കാലില്‍പിടിച്ച് അകത്തേക്ക് വലിച്ചിട്ടു. ജോലി മറന്ന ശ്വാസകോശം വികസിക്കാനും ചുരുങ്ങാനും കൂട്ടാക്കാതെ നിന്നപ്പോള്‍ അവന്‍ മെല്ലെ ബോധം കെട്ടു. ആവശ്യത്തിന് സമയമെടുത്ത് അവനെ ഞാന്‍ തിരിച്ചും മറിച്ചും പരിശോധിച്ചു. ജനിച്ചപ്പോഴത്തെ നിര്‍മലത കളയാത്തവന്‍ ! അവന്‍റെ ദേഹത്ത് ഇപ്പോഴും അന്ന് ഞാനവനെ പടച്ചതിന്‍റെ കൈപ്പാടുകളും സ്വര്‍ഗ്ഗത്തിന്‍റെ രേണുക്കളും കണ്ട് സന്തുഷ്ടനായി,ഞാന്‍.

          അവന്‍ എന്‍റെ സ്ഥലത്തേക്ക് നടന്നുകയറി. അപ്പോള്‍ തന്നെ അവന്‍റെ ഘടികാരങ്ങള്‍ നിലച്ചുപോയി. ദിവസങ്ങളും വര്‍ഷങ്ങളും ഋതുക്കളും നിശ്ചയിക്കുന്ന കാലം നിശ്ചലമായി. അവന്‍ എന്നോടുകൂടി മാത്രമായി. അവന്‍റെ ഹൃദയത്തില്‍ നിന്ന് വീടിനെക്കുറിച്ചുള്ള ആശങ്കകളും നാവില്‍ നിന്ന് വാക്കും ഞാനെടുത്ത് മാറ്റി വച്ചു.അവന്‍ മൂകനായി. ദേവസങ്കീര്‍ത്തനങ്ങളില്‍ അവന്‍ ഒരു കുഞ്ഞിനെപോലെ തൊട്ടിലാടി. ഇടയ്ക്ക് അവന്‍റെ വായില്‍നിന്ന് കൈവിരലുകള്‍ സാവധാനം ഞാനെടുത്ത് മാറ്റി. ചിലപ്പോഴൊക്കെ ഉടുത്തിരുന്ന വസ്ത്രങ്ങള്‍ അഴിച്ച് കഴുകി ഉണങ്ങാനായി പന്ത്രണ്ടാം സങ്കീര്‍ത്തനത്തില്‍ അവന്‍ തൂക്കിയിട്ടു. അപ്പോഴൊക്കെ നഗ്നനായി അവന്‍ എന്‍റെ മുമ്പില്‍ നടന്നു. രാജാക്കന്മാരുടെ പുസ്തകത്തില്‍ നിന്നും അബീമലേക്കിന്‍റെ ആട്ടിന്‍കൂട്ടത്തില്‍നിന്നും വന്ന  സിംഹങ്ങളോടൊപ്പം അവന്‍ ബലിപീഠത്തിനുചുറ്റും കളിച്ചുനടന്നു. ഇതെല്ലാം കണ്ട് ഞാന്‍ പലപ്പോഴും ഒരു ശിശുവിനെപ്പോലെ പുഞ്ചിരിയിട്ടു. അവനിലും അവന്‍റെ ഗോത്രത്തിലും ഞാന്‍ പ്രസാദിച്ചു.

         ഒരു ദിവസം അവന്‍റെ ഭാര്യയുടെ ചാര്‍ച്ചക്കാര്‍ ദേവാലയത്തിന് പുറത്ത് വന്ന് ഭയപ്പാടോടെ കാത്ത് നിന്നു. വാര്‍ദ്ധക്യത്തില്‍ അവന്‍റെ ഭാര്യ ഒരു പുത്രനെ പ്രസവിച്ചു എന്ന് അവര്‍ അവനോട് പറഞ്ഞു. എന്നോടുകൂടിയുള്ള അവന്‍റെ ദിവസങ്ങള്‍ പൂര്‍ത്തിയാകാത്തതിനാല്‍ നാവില്‍നിന്ന് ഞാനെടുത്ത് മാറ്റിയിരുന്ന വാക്കുകള്‍ തിരികെ നല്കിയിരുന്നില്ല. അതിനാല്‍ അവന് അവരോടൊന്നും പറയാന്‍ കഴിഞ്ഞില്ല. ഒരു എഴുത്ത് പലക കൊണ്ടുവരാന്‍ അവനാവശ്യപ്പെട്ടു. അതില്‍ അവന്‍ വാര്‍ദ്ധക്യത്തില്‍ ജനിച്ച പുത്രന്‍റെ പേരെഴുതി.

                                   

                                       കുരുവി ജോണ്‍ .   തൊഴില്‍ , വഴികള്‍ വെടിപ്പാക്കുക


പിന്നിടുള്ള വാക്കുകള്‍ പലകയില്‍ താനെ തെളിഞ്ഞുവന്നു. അവന്‍ വനത്തില്‍ ജീവിക്കും , നേര്‍ത്ത തൂവല്‍ കൊണ്ടുള്ള വസ്ത്രം ധരിക്കും, കാട്ടുപൂക്കള്‍ തുളച്ച് കാട്ടുതേന്‍ ആഹരിക്കും.പിറകെ വരാനിരിക്കുന്ന മഹാന് വഴി വെട്ടി , കുന്നുകള്‍ നിരത്തി , ഹിതമല്ലാത്തത് തീയിട്ട് കര്‍ത്താവിന്‍റെ വത്സരങ്ങളുടെ കലണ്ടറെഴുതി  , സ്ത്രീയാല്‍ വഞ്ചിക്കപ്പെട്ട് , സ്ത്രീലോലനാല്‍ വധിക്കപ്പെടും.

           ഇനി നീ പറന്നു നടന്നോളൂ കുരുവീ.... പോക്കറ്റില്‍ നിന്ന് എന്നെ മോചിപ്പിച്ചുകൊണ്ട് അവന്‍ പറഞ്ഞു. മഞ്ഞ് പോലെ അവ്യക്തനായ സുഹൃത്ത് മറ്റൊരു കഥയിലേക്ക് എന്നെ ക്ഷണിച്ചു.

        " ഒരിക്കല്‍ ഞാനുലാത്തിയിരുന്നത് ഏദന്‍തോട്ടത്തിലായിരുന്നു. അതിസുന്ദരരായ രണ്ടു മനുഷ്യരെ അവിടെ ഞാന്‍ പാര്‍പ്പിച്ചിരുന്നു. ഭൂമിക്കും ജീവിതത്തിനും അതിരും പരിമിതികളും ഉണ്ടെന്ന് പഠിപ്പിക്കാന്‍ ഞാന്‍ നടത്തിയ ശ്രമം ദയനീയമായി പരാജയപ്പെട്ട്, വേണ്ടായെന്ന് പറഞ്ഞത് പിറ്റേദിവസംതന്നെ ചെയ്ത് നാണം കെട്ടോന്മാരായിപോയി അവര്‍. ഇല കൊണ്ട് തലയും മുലയും മറച്ച് കോമാളിവേഷങ്ങളായി മരത്തിന് പിറകില്‍ ഒളിച്ചുനില്ക്കുന്നോരുടെ കൂടെയെങ്ങനാ ഉലാത്തുന്നത്? കുറ്റവാളിയുടെ കൂടെ നടക്കാം. കുറ്റബോധത്തിനൊപ്പം നടക്ക വയ്യ............

           പിന്നെ ഞാന്‍ കാറ്റുകൊള്ളാനിറങ്ങിയത് ഇവിടെയാണ്. എന്‍റെ വീട്ടുമുറ്റത്തെപ്പോലെ പച്ചപ്പുല്‍മെത്തകളും പൂക്കളും കിളിപ്പാട്ടും പശുക്കളും മഞ്ഞും , കുരുവീ.. നീയുമുള്ള വാഗമണ്ണില്‍. കോലാഹലമൊന്നുമില്ലാതെ ഈ മേട്ടില്‍ നിനക്കു വളരെ മുമ്പേ ഞാന്‍ കാറ്റായി വീശിയിരുന്നു. "

         അപ്പോള്‍ ഞാന്‍ ചോദിച്ചു, സക്കറിയാ ധൂപം അര്‍പ്പിച്ചത് എന്തിനുവേണ്ടിയായിരുന്നു?

എന്നെ പോക്കറ്റിലിട്ട് നടന്നവന്‍ പറഞ്ഞു, ധൂപമെന്നത് ഹോമം.  ഹോമമെന്നത് ത്യാഗം.

          അനന്തതയും അതിന്‍റെ നിറമായ നീലിമയും , അതിന്‍റെ താഴെ
          പക്ഷങ്ങള്‍ വീശി പക്ഷികളും
          അതിനും താഴെ ശാഖികളും, ശാഖകള്‍ തോറും ഫലങ്ങളും
          തൊട്ടുതാഴെ ചെടിക്കുരുന്നുകളും പൂക്കളും കൊച്ചുസ്വര്‍ഗ്ഗങ്ങളും
          ഇവരെയെല്ലാം ഗര്‍ഭം ധരിച്ച് പുറപ്പെടുവിച്ച് ഊട്ടുന്ന
          ധരിത്രിയുടെ പുറംകാഴ്ചകളും
          അവളുടെ താഴ്വാരങ്ങളില്‍ നീലജലാശയങ്ങളും
          ഗഹനതകളില്‍ മഹാസമുദ്രങ്ങളും,
          മഹാസമുദ്രങ്ങളില്‍ നീന്തുന്ന ആഹ്ളാദങ്ങളും,
          നാലു ഘടികാരജന്മങ്ങള്‍ കൊണ്ടും കണ്ടുതീര്‍ക്കാന്‍ പറ്റാത്ത
          അത്ഭുതക്കാഴ്ചകളും ,
          ആകാശത്തില്‍ വീട് വച്ച് പാര്‍ക്കുന്ന അനേകഗ്രഹങ്ങളും എണ്ണാനക്ഷത്രങ്ങളും
          മണ്ണിലെ കോടാനുകോടി ചരങ്ങളും അചരങ്ങളും
          ഉരയാതെ, ഉരസ്സാതെ, ഉലയാതെ , ഉദിക്കാന്‍ മറക്കാതെ
          തളിര്‍ക്കാന്‍ മടിക്കാതെ,
          പൂക്കാലവും കായ്നേരവും തെറ്റാതെ                                                                         
                                           


എത്രയാ യുഗം മുമ്പേ ആരംഭിച്ച് തെറ്റാതിന്നും തുടരുന്ന ആ മഹാക്രമത്തിന് മുമ്പില്‍ തലയൊന്ന് കുനിച്ച് അഹമൊന്ന് വെടിഞ്ഞ് , സ്വന്തം ദുരകളെ  വെട്ടിയിടുന്നതാണ് ബലി . ആട്ടിന്‍കുഞ്ഞുങ്ങളെയും ചെങ്ങാലിയെയും വെറുതെ വിടുക. വര്‍ദ്ധിച്ച മോഹങ്ങളില്‍നിന്ന് അല്പമൊന്ന് മാറി നിന്നാല്‍, ഉഷ്ണചൂളയില്‍ നിന്നുയരുന്ന പുക കൊണ്ട് ശ്വാസം മുട്ടിക്കാതിരുന്നാല്‍ , ഭൂമി ഉറങ്ങിക്കൊള്ളും. അവള്‍ ഉറങ്ങിയാലല്ലേ അവളുടെ ഖനികളില്‍ നാളേക്കുള്ള പാല്‍ നിറയൂ?

     ഒന്നു മാറിനിലിക്കൂ....  ഈ മഹാക്രമം അവിരാമം രമിച്ചുകൊള്ളട്ടെ......!!!


    ഒറ്റപ്പുല്‍കൊമ്പത്തെ കുരുവീ... ഞാന്‍ നാളെയും വരും, ഉലാത്താന്‍ !!!

Tuesday, 9 April 2013

വാഗമണ്‍ കുരുവി

       1879-ല്‍ വാഗമണ്ണില്‍ നിന്ന് ഒരുപാട് അകലെ ജനിച്ചു. കൂടെപിറപ്പുകളെല്ലാം മനുഷ്യായുസ്സ് പൂര്‍ത്തിയായപ്പോള്‍ മരണപ്പെട്ടു. മനുഷ്യായുസ്സു പൂര്‍ത്തിയായാല്‍ മരിച്ചുപോകും എന്നറിയാവുന്നതിനാല്‍ 1947-ല്‍ ഭൂമിയുപേക്ഷിച്ച് വാഗമണ്ണിന് സമീപം നാടുനോക്കനില്‍ കയറി നിന്നു. അതിവിശാലമായ അമ്പരപ്പുകള്‍ മുമ്പിലും പിറകിലും തലക്കു ചുറ്റും കണ്ട് , അന്തം വിട്ട് ഒരു കുരുവിയായി ആ അമ്പരപ്പുകള്‍ക്കുള്ളില്‍ എമ്പാടും പറന്നു നടന്നു. മരിക്കാതെ , എന്‍റെ കുരുവി ഇന്നും പറന്നേ നടക്കുന്നു !!


      ജനിപ്പിച്ച ഭൂമിയമ്മയുടെ ആറായിരം മുഖങ്ങള്‍ക്കും ഭാവങ്ങള്‍ക്കുമൊപ്പം നിന്ന് ചിരിച്ചു. കേഴയാടുകളുടെ പ്രജനന കോലാഹലങ്ങള്‍ക്ക് വിസില്‍ വിളിച്ച് കോലാഹലമേട്ടിലെ പാറയില്‍ കൂട്ടിരുന്നു. നെറികേട് കാട്ടിയതിന് ഒരിക്കല്‍ ബാവാതമ്പുരാനോട് വഴക്കിട്ട് , വെണ്മ തന്നെയായ കോടമഞ്ഞിനൊപ്പം നിന്ന് കൈയുയര്‍ത്തി മേലാകാശങ്ങളെ വെല്ലുവിളിച്ചു.


     പശുക്കളെ പോറ്റി പാല്‍ കറന്നു കറന്ന് പാല്‍ പോലെ പുഞ്ചിരി ചുരത്താന്‍ പഠിച്ചു. സമുദ്രനിരപ്പില്‍ നിന്നും അടി മൂവായിരത്തിനും മേലെ നാടുനോക്കനിലേക്ക് കയറി പാര്‍പ്പാരംഭിച്ച  അവന്‍റെ പേര് കുഞ്ഞമ്മന്‍ അഥവാ കുരുവി.

                                                                  

 ദൈവമേ , ഞാന്‍ ദേവാലയത്തിലേക്ക് പോകുന്നു , ഇനി വന്നിട്ട് കാണാം ... എന്ന് വേദനയോടെ പറഞ്ഞ പുരോഹിതനോട് കുരുവിക്ക് സഹതാപമാണ്. ദൈവത്തിന്‍റെ പോക്കറ്റില്‍ തന്നെയാണ് കുരുവി താമസം. അതിവിശുദ്ധമായ വാഗമണ്‍ അര്‍പ്പണമേശയില്‍തന്നെ ഭൂമിയുടെ ഉടയോനൊപ്പം ഉറങ്ങിയുണര്‍ന്ന് കാലത്തെയും തോല്പിച്ച് ഇന്നും എനിക്ക് കൊതിയേറ്റുന്ന വാഗമണ്‍ കുരുവിയുടെ കുന്നായ്മക്കഥകള്‍ ഈ പേജില്‍ വരും ദിവസങ്ങളില്‍ തുടരുകയാണ്....