പൂച്ചമരണം
കുഞ്ഞിലെ മുറ്റത്ത് ഒരു തുളസിയുണ്ടായിരുന്നു. അതിന്‍റെ പിറകില്‍ കൊലുമ്പ് കുത്തി കയറ്റിയിരുന്ന പയറും കുറെ വെണ്ടയും ചീരയും.
വീട്ടിലെ കണ്ടന്‍പൂച്ച ആ തുളസിയുടെ ചുവട്ടിലാണ് ഒരിക്കലും മറക്കാന്‍ വയ്യാത്ത ചില കളികള്‍ അവതരിപ്പിച്ചു കാണിച്ചത്.
എവിടെ നിന്നോ അവന്‍ വിഷം കഴിച്ചു. എലിക്കോ പുലിക്കോ ആരെങ്കിലും വച്ചതാവണം. പരവശനായി വീടിനുള്ളില്‍ ഓടിനടന്നു. അമ്മയുടെ അടുത്തും ഞങ്ങളുടെ അടുത്തും മാറിമാറി വന്ന് എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു. എന്നാടാ... എന്നാടാ എന്ന് അമ്മ ചോദിച്ചു.
ഒരു നിമിഷത്തില്‍ വീടും അവകാശങ്ങളും സ്വയം ഉപേക്ഷിച്ച് മുറ്റത്തേക്ക് ചാടി. തുളസിച്ചുവട്ടില്‍ കിടന്നു. ഉറക്കെ കരഞ്ഞു, വളരെ ഉറക്കെ. അമിതവേദനയില്‍ പൊങ്ങിച്ചാടി, തുളസിയോളം ഉയരത്തില്‍. പിന്നെ അനങ്ങാതെ കിടക്കും. വീണ്ടും ചാടും.
മരണത്തിനു മുമ്പുള്ള ചാട്ടങ്ങള്‍ ഊക്കേറിയതായിരുന്നു. പന്തുപോലെ സ്വയം മുകളിലേക്കെറിഞ്ഞു ആറേഴുതവണ. പിന്നെ മീശയുള്ള മുഖം വീട്ടിലേക്ക് തിരിച്ച് വച്ച് സമാധാനത്തിലെത്തി. ഹൃദയം ആയിരിക്കണം പൊട്ടിപ്പോയത്.
മൂത്തോരില്‍ നിന്ന് വാങ്ങിയ എട്ടാം ക്ളാസിലെ പുസ്തകങ്ങള്‍ പൊതിഞ്ഞു റെഡിയാക്കിക്കൊണ്ടിരുന്നപ്പോഴാണ് വല്യമ്മച്ചിക്ക് നെഞ്ചുവേദന ആരംഭിച്ചത്. കരയുകയും ഞെളിപിരി കൊള്ളുകയും ചെയ്തപ്പോള്‍ എന്നെ അയല്‍വീട്ടിലേക്ക് ഓടിച്ചു. വീട്ടിലിരുന്ന് ഹോമിയോചികിത്സ ചെയ്യുന്ന വൈദ്യന്‍ എന്‍റെ കൂടെ വന്ന് ഓടിച്ചെന്ന് രോഗിയെ പൊതിഞ്ഞുപിടിച്ചു. മരണം കാണാന്‍ എനിക്ക് തന്നില്ല. ഒരു കടലാസില്‍ മരുന്ന് കുറിച്ച് വീണ്ടും വൈദ്യരുടെ വീട്ടിലേക്ക് എന്നെ ഓടിച്ചു. മരുന്നൊന്നും കിട്ടിയില്ല. തിരിച്ചുവന്നപ്പോഴേക്കും എല്ലാം സമാധാനത്തിലെത്തിയിരുന്നു.
ഒരു മരുന്ന് കൂടെ ഉണ്ടെന്നും അത് വന്നുകൊണ്ടിരിക്കുകയാണെന്നും രോഗിയ്ക്ക് പ്രതീക്ഷ കൊടുക്കുന്നതും ചെറിയ പിള്ളേരെ രംഗത്തുനിന്ന് മാറ്റുന്നതും നല്ല ഹോമിയോ ചികിത്സ തന്നെ.
അരകല്ല്
വലതുകൈയില്‍ ഒരു പിഞ്ഞാണവും ഇടതുകൈയിലെ പാത്രത്തില്‍ അരനിറവ് വെള്ളവും കൊണ്ടാണ് അമ്മിക്കലേക്ക് പോകേണ്ടത്, മറന്നിട്ടില്ലല്ലോ..
പലകയുടുപ്പ് പൊക്കിമാറ്റി, ഉറുമ്പുകളെ തോണ്ടിയെറിഞ്ഞ് , അഴുക്കും ചെളീമൊക്കെ വെള്ളം കൊണ്ട് കഴുകിഅരകല്ലിന് ദേഹശുദ്ധി വരുത്തണം.
അരകല്ലിന്‍റെ പിള്ളയെ നാട്ടിനിര്‍ത്തി വേണം കുളിപ്പിക്കാന്‍.
പിഞ്ഞാണത്തില്‍ വേറെ വേറെ സ്ഥലങ്ങളില്‍ ഇരുത്തിയിട്ടുള്ള തേങ്ങ, കാന്താരി, ഉള്ളി, ഉണക്കമഞ്ഞള്‍ എന്നിവയില്‍ മഞ്ഞളാണ് ആദ്യം എടുക്കേണ്ടത്.
അരകല്ലിന്‍റെ ഒത്ത നടുവില്‍ വച്ച ഉണക്കമഞ്ഞളിനെ പിള്ളക്കല്ലിന്‍റെ ചുവട് കൊണ്ട് ചതക്കുന്നു. ആ ചതക്കലില്‍ രാവിലെ കിണറ്റുകപ്പിയോട് തീര്‍ത്തതിന്‍റെ ബാക്കി നിസ്സഹായതകള്‍ കൂടി അമ്മ ഇടിച്ചുതീര്‍ക്കും. പറയാനവസരം കിട്ടാതെ പോകുന്ന വാക്കുകളൊക്കെ ഇങ്ങനെ ഉള്ളിമുളകുകളോടൊപ്പം അരഞ്ഞുചേരും.
ഉന്മാദകാലത്ത് ഭൂമിയമ്മ തുപ്പിയ ലാവ തണുത്തുറഞ്ഞ അമ്മിക്കല്ലിനുള്ളില്‍ നിന്ന് ആ അമ്മയുടെ രുചികളും ചേര്‍ന്ന് നാലുമണിക്കപ്പയ്ക്കുള്ള മുളകരക്കൂട്ട് പിഞ്ഞാണത്തിലാകുന്നു.
സ്കൂള്‍ വിട്ടു വരുമ്പോഴേക്ക് പുഴുക്കായും മൊരിഞ്ഞ മീനായും പുഞ്ചിരിയായും അമ്മ വാതില്‍ ചാരിനില്പുണ്ട്.
ആകാശദൂത്
ആകാശദൂത് എന്ന പുണ്യം പോലൊരു സിനിമയിലെ പിഞ്ചുകുഞ്ഞുങ്ങളെയും ആ കഥയെയും അതേ പേരിലൊരു സീരിയല്‍ പിടിച്ച് അതിക്രൂരമായും തവണതവണയായും നശിപ്പിച്ചെടുക്കുന്നത് പാവം മലയാളി കണ്ടുകഴിഞ്ഞു. മലയാളിക്കവകാശപ്പെട്ട ആ പേരിനെപ്പോലും വെറുതെ വിട്ടില്ല,ശുംഭന്‍.
മൂന്ന് തവണ ജനല്‍കര്‍ട്ടന്‍ വലിച്ചുകീറിയത് ആ ചപ്പ് എന്റെ പുരക്കാത്ത് വന്നു കേറിയപ്പോഴാണ്.
രതിനിര്‍വേദം രണ്ടാമത് വന്നത് പ്രശസ്തമായ ഒരു ദേഹത്തെ മലയാളിക്ക് വിളമ്പാനല്ലായിരുന്നോ...
പാറക്വാറി പൊട്ടിച്ച് പൊട്ടിച്ച് വിറ്റ് പണമാക്കുന്ന പോലെ
ഇരട്ടക്കുട്ടികളുടെ അച്ഛന്‍ എന്ന സി.വി ബാലകൃഷ്ണന്‍റെ പടത്തെയും രണ്ടാം ഭാഗമാക്കാം. കുഞ്ഞുങ്ങള്‍ രണ്ടല്ലേ... രണ്ടു വീട്ടിലല്ലേ... എന്തെല്ലാം സാദ്ധ്യതകള്‍.
പൊട്ടിച്ച് പൊട്ടിച്ച് ലോറിയേല്‍ കേറ്റാം നമുക്ക്.
നന്ദി. ആ സാധനം ഉണ്ടാവണം അന്തസുള്ള ആര്‍ക്കും. തന്ത, തള്ള, തറവാട്, തമ്പുരാന്‍ എന്നിവ സ്വന്തമായുള്ളവര്‍ക്ക് സ്മരണകള്‍ വേണം.
ഒരച്ഛന്‍റെ ഗന്ധം, അമ്മയുടെ ആ ചെറിയ കട്ടില്‍, അവര്‍ തന്ന കരുത്തുറ്റ ജീവന്‍, മണ്‍പൊത്തില്‍ ചെറുതേന്‍പറവ കാത്തുവച്ച ഇത്തിരി തേന്‍, നല്ല പുസ്തകങ്ങള്‍, നല്ല കഥകള്‍, അപൂര്‍വമായി പിറക്കുന്ന നല്ല സിനിമകള്‍...
പൊട്ടിച്ച് പൊട്ടിച്ച് ലോറിയേല്‍ കേറ്റരുത്.
തീരുമാനം
തൊടുപുഴയില്‍ സ്വകാര്യവാഹനങ്ങള്‍ ഉള്ളവര്‍ പത്തോ പന്ത്രണ്ടോ മാത്രമുള്ള കാലത്തെ ഒരു വര്‍ക് ഷോപ്പുടമ, അഥവാ വണ്ടിപ്പണിക്കാരന്‍. അദ്ദേഹത്തിന് ബഹു. ആനവണ്ടി വകുപ്പില്‍ അന്ന് ഡ്രൈവറായി ജോലി കിട്ടുന്നു.
അമ്പലമുറ്റത്ത് അറിയാതെ മുറുക്കിത്തുപ്പിയതിന് കോപിച്ച കൃഷ്ണന്‍ തന്ന ശിക്ഷയാണതെന്ന് മനസിലാക്കാതെ, കുഞ്ഞുങ്ങളുടെ ഭാഗ്യമായി കരുതി പാവം ആ ജോലിയിലേക്ക് കാല്‍ പൊക്കിവച്ചു.
ടൌണില്‍ സ്വന്തമായുള്ള സ്ഥലവും കെട്ടിടവും വര്‍ക് ഷോപ്പ് സാമഗ്രികളും ഒരു സുഹൃത്തിന് വിശാലഹൃദയം ചേര്‍ത്ത് വിലയിട്ട് കൊടുത്തൊഴിഞ്ഞു. ഡബിള്‍ബെല്ല് കേള്‍ക്കുമ്പോള്‍ ഇടത് ചവിട്ടി, ഗിയര്‍ അടിച്ച് വീഴ്ത്തി, വലതു ചവിട്ടി എരപ്പിക്കുന്ന പണിക്ക് യൂണിഫോറമിട്ടു.
പൊതികെട്ടി ഉന്മേഷത്തോടെ പുറപ്പെട്ട് വൈകുന്നേരങ്ങളില്‍ തളര്‍ന്ന് തിരിച്ചെത്തിയെത്തി ജീവിതം സന്ധ്യയോടടുത്തു.
തല നരച്ച് വെളുത്തു. പെന്‍ഷനാകാന്‍ സമയമെത്തി. എന്നു പറഞ്ഞാല്‍ കൊച്ചിക്കുപോകാന്‍ സമയമായി, വക്കീലിനെ കാണണം, കേസുകൊടുത്താലേ പെന്‍ഷന്‍പണം കീട്ടൂ. ആനപ്പെട്ടീല്‍ കാശില്ല,പാപ്പാന്‍റെ പെന്‍ഷന്‍ കൊടുക്കാന്‍.
ജോലിക്കുമുമ്പേ കല്യാണിച്ചതുകൊണ്ട് അതു നടന്നു. മക്കളുടെ കല്യാണം
നടക്കണേല് പുളിമൂട്ടില്‍ കവലേല് ഓംലറ്റടിക്കണ തട്ടുകട ഒരെണ്ണം തുടങ്ങണം. സ്ഥിര വരുമാനിക്കേ അന്തസുള്ള ബന്ധങ്ങള്‍ വരൂ. അല്ലാത്തവന്‍റെ ബന്ധം കിട്ടാവുന്നിടത്തെല്ലാം കടംവാങ്ങുന്ന, മുഖത്തുനോക്കാന്‍ സുഖമില്ലാത്ത ബന്ധമാണ്.
ചില കാലത്തെടുക്കുന്ന ഓരോ മണ്ടന്‍ തീരുമാനങ്ങളേ... ടൌണിലെ കെട്ടിടം ഇരുന്ന സ്ഥലത്തൂടെ പോകുമ്പോള്‍ സങ്കടത്തിന് ഡബിള്‍ ബെല്ലല്ല, കൂട്ടമണിയാണ് പൊട്ടുന്നത്. അതിന്‍റെ ഇന്നത്തെ വില ഓര്ത്താല്‍ മരണപ്പെട്ടേക്കുമോ എന്ന് പേടിയുള്ളതിനാല്‍ ഓര്‍ക്കുന്നേയില്ല.
ഇപ്പറഞ്ഞതെല്ലാം ഇന്ന് പുറപ്പെടാന്‍ അഞ്ച് മിനിട്ടുള്ള ഒരു ആനയില്‍ കയറിയിരുന്നപ്പോള്‍ രണ്ടു KSRTC പാവങ്ങള്‍ സങ്കടിക്കുന്നത് പിറകിലൊതുങ്ങിയിരുന്ന് കേട്ടെടുത്തതാണ്. ഇതിലും എത്രയോ വലിയ സങ്കടങ്ങളീ ഭൂമിയിലുണ്ടെന്നത് മാത്രം ഒരു ആശ്വാസം..