പത്രത്തിലും വന്നിരുന്നു ആ പട്ടിയുടെ വിശേഷം. ഉറങ്ങിപ്പോയ മനുഷ്യത്വത്തെ പലപ്പോഴും യജമാനന്മാരുടെയുള്ളില്‍ ഊതിയുണര്‍ത്തുന്നത് പട്ടികളാണെന്ന് പറഞ്ഞാല്‍ തെറ്റുകയൊന്നുമില്ല.
തൊടുപുഴയില്‍നിന്ന് ചെറുതോണിയിലേക്കുള്ള 60 കി.മീയില്‍ പകുതിയിലധികം വനമാണ്.രണ്ട് കൊല്ലം മുമ്പ് ഒരു വെളുത്ത പട്ടിയെ ആരോ ഈ കൊടുംവനത്തിലുപേക്ഷിച്ചു. കാറില്‍ കൊണ്ടുവന്നായിരിക്കണം ഇറക്കിവിട്ടത്. ആ പാവം ഏതു ദിക്കിലേക്ക് എത്ര ഓടിയാലും അണച്ചാലും ഒരു മനുഷ്യവീട്ടിലും എത്തില്ലാന്ന് ഉറപ്പ്. അതു ദീനമായ ഒരു സത്യമെന്ന് രണ്ടോ നാലോ ദിവസം കരഞ്ഞോടിയപ്പോള്‍ അവന് മനസിലായി. മൃഗമല്ലേ... അതാ കാട്ടിനോട് സമരസപ്പെട്ടു.
എന്നാലും ആ കാട്ടില്‍ അതാരോട് വാലാട്ടും.... അതിനാണെങ്കില്‍ വാലില്‍ ഒരുപാട് സ്നേഹം ബാക്കി നില്ക്കുന്നുമുണ്ട്. കാറുകള്‍ ആ വഴി വന്നാല്‍ രാത്രിയില്‍ പോലും വിജനമായ ആ കാട്ടില്‍ ഒരു വെളുത്ത പട്ടി ഇറങ്ങിവരുമെന്ന് പലരും അങ്ങോട്ടുമിങ്ങോട്ടും പറഞ്ഞു.
ഒരു ദിവസം ഒരാള്‍ കാര്‍ നിര്‍ത്തി മിച്ചമുണ്ടായിരുന്ന ബ്രഡ്ഡും ബിസ്കറ്റും കൊടുത്തു. ഐസ്ക്രീം പാത്രത്തില്‍ കുറച്ച് വെള്ളവും കൊടുത്തു.സ്ഥിരമായി അങ്ങിങ്ങ് ഓടുന്ന പട്ടി അന്ന് എല്ലാം കഴിച്ച് ആശ്വാസത്തോടെ കിടന്നു. എവിടെയാണെന്നു ചോദിക്ക്.... അയാളുടെ കാല്‍പാദത്തില്‍ ചുറ്റിവളഞ്ഞ്. ഇടക്കിടക്ക് തലയുയര്‍ത്തി നോക്കും അതൃപ്തിയുണ്ടോ യജമാനന് എന്നറിയാന്‍.
പിന്നെ പലരും ഇതാവര്‍ത്തിച്ചു. സ്ഥിരം യാത്രക്കാര്‍ അതിരാവിലെ വീട്ടില്‍ നിന്നിറങ്ങുംമുമ്പേ ഓര്‍മ്മിച്ച് പട്ടിക്കുള്ള ഭക്ഷണം എടുക്കാനാരംഭിച്ചു. കപ്പ, മീന്‍കഷണം, അപ്പം, അങ്ങനെ പലതും. ഒരഗതിയോട് എങ്ങനെ മനുഷ്യനാകണമെന്ന് കാട്ടില്‍പെട്ടുപോയ പട്ടി മനുഷ്യരെ പഠിപ്പിച്ചു.
ബൌ... എന്ന് ആ സ്നേഹിതന്‍ മനുഷ്യന്‍റെ മനങ്കാട്ടിലേക്ക് കുരച്ച് കയറി. കുളമാവ് ഡാമിനോട് ചേര്‍ന്ന് പട്ടികളുടെ ഗ്രൂപ്പ് തന്നെയുണ്ടെങ്കിലും അവരോടൊന്നും തോന്നാത്ത ഇഷ്ടവും കരുതലും യാത്രക്കാര്‍ ഈ പട്ടൂസനുവേണ്ടി കൊണ്ടുനടന്നു.
മീമ്മുട്ടിക്ക് സമീപം അവനങ്ങനെ റോഡില്‍ കാത്തുനിന്നും ചുമ്മാ നടന്നും പലരുടെയും പെറ്റായി. നിങ്ങള്‍ ബൈക്കിനോ കാറിലോ മറ്റ് ചെറുവാഹനങ്ങളിലോ വന്നാല്‍ ആ സ്നേഹിതനെ കണ്ടില്ലാന്ന് വച്ചുപോകാന്‍ കഴിയില്ല. അങ്ങനെ കണ്ടില്ലാന്ന് വയ്ക്കാന്‍ കഴിയാത്തതിനാല്‍ പത്രക്കാരും അവനെ കണ്ടു. ഒന്നരക്കൊല്ലം മുമ്പ് അവന്‍ പത്രത്തില്‍ പടം സഹിതം കയറി. ഇതാണ് ആ പട്ടിയെന്നും അതാണ് ഈ പട്ടിയെന്നും വീട്ടിലുള്ളവര്‍ക്ക് സ്ഥിരംയാത്രക്കാര്‍ പത്രത്തിലെ പടം സഹിതം
പരിചയപ്പെടുത്തി.
പരിചയപ്പെടുത്തി.
ഇത്രയും കാര്യം പത്രത്തില്‍ വന്നതല്ലേ... പിന്നെന്തിനാണ് പിന്നേം ഒരു പറച്ചില്‍... അതോ, ആ പട്ടിയെ ഇപ്പോള്‍ കാണാനില്ല. ആ സ്നേഹിതന്‍ മരിച്ചുപോയിട്ടുണ്ട്. ഏതെങ്കിലും ഒരു കാറിന്‍റെ ഡോറിലേക്ക കാലുയര്‍ത്തിവച്ച്, അകത്തേക്ക് തലയിട്ട് ഹോമോസാപ്പിയനെ ഊതിയുണര്‍ത്തുന്ന ആ വാലാട്ടിയെ ഇല്ല, ഇപ്പോള്‍ കാണുന്നില്ല.
No comments:
Post a Comment