Sunday, 21 April 2013

കോലാഹലമേട്



                   കുളി കഴിഞ്ഞ് കാച്ചിയ വെളിച്ചെണ്ണയുടെ മണം പരത്തി പുതിയ ചട്ടയും മുണ്ടുമണിഞ്ഞ്
 'ഒന്നു പോടാ നീ ' എന്ന് കണ്ണിലെഴുതി മുറ്റത്ത് മുടി ഉണക്കാന്‍ നടക്കുന്ന രൂപത്തെ ഇപ്പോള്‍ ഓര്‍ക്കാന്‍ കാരണം കാറ്റു കൊണ്ടുവന്ന ഈ മണമാണ്. ഇതേത് പൂവാണ് ?

                  വിളിക്കാതെ തന്നെ ചങ്കില്‍ കയറി ,  ഇപ്പോള്‍ കാച്ചിയെടുത്ത കൊച്ചരിവാള്‍ പോലെ , അകം മൂര്‍ച്ചപ്പെടുത്തുന്ന ഈ മണം അത്ര അപരിചിതമല്ല. ഒരു ജന്മത്തിന്‍റെ പുകില്‍വട്ടങ്ങള്‍ക്കൊടുവില്‍ ഒരുനാള്‍ ഈ മടിയില്‍കിടന്ന് മരിച്ചവളുടെ  നാവിനും കണ്ണിനും കാച്ചരിവാള്‍ തിളക്കമുണ്ടായിരുന്നു.

                 ലക്ഷണം കാട്ടുന്നതും അല്ലാത്തതുമായ പശുക്കള്‍ക്കു പിറകെ കുട്ടപ്പന്‍ മൂരി ഇന്ന് വിശേഷാല്‍ ഓടുന്നുണ്ട്. പശുക്കളെ പുല്ല് തിന്നാന്‍ സമ്മതിക്കാത്തതും ഈ വാഗമണ്‍ കാറ്റിനൊപ്പമെത്തിയ മണത്തിന്‍റെ  കുന്നായ്മ തന്നെയോ ? പശുക്കളും പല പ്രായത്തിലുള്ള കിടാങ്ങളും കുട്ടപ്പനും കൂടെ ആകെ ഇരുപതെണ്ണമുണ്ട്. കൂടാതെ ഒരു പുതിയ ചങ്ങാതി വന്നു കൂടിയിട്ടുമുണ്ട്. ഒരു കേഴയാട്ടിന്‍കുട്ടി. പേരിട്ടത് കുട്ടു എന്നാണ് . എന്തിനെയോ പേടിച്ച് വെകിളി പിടിച്ച് ഓടിയ പശുക്കള്‍ക്കിടയില്‍ പെട്ടുപോയതാണ് പാവം. ഒരു കാലൊടിഞ്ഞ പിഞ്ചിനെ വച്ച് കെട്ടി പാല്കുടിപ്പിച്ച് ജീവിപ്പിച്ചെടുത്തതാണ്. പിന്നെ അവന്‍ നേരിട്ട് പശുക്കളുടെ കൂടെ നടന്ന് അകിട്ടില്‍നിന്ന് കുടി തുടങ്ങി. കിടാങ്ങളുടെ കൂടെ ഓടിനടന്ന് ഇളംപുല്ല് തിന്ന് ഇന്നവന്‍ ഒരു മുക്കാല്‍ കേഴയായി കഴിഞ്ഞു.

                 പക്ഷേ ഇന്നവനെ കാണുന്നില്ല. കുട്ടു എവിടെഎന്ന് കുട്ടപ്പന്‍ മൂരിയോട് ചോദിച്ചാല്‍ അറുപതായിരം വര്‍ഷങ്ങളില്‍ കാട് പെറ്റുകൂട്ടിയ എല്ലാ പുരുഷജീവികളുടെയും വീര്യം സമാഹരിച്ച് അമറിയടുത്തുകളയും അവനിന്ന്. സംശയം വേണ്ട. ഇന്നവന്‍റെ പരുവമതാണ്
                  വെയില്‍ പടിഞ്ഞാറും പശുക്കള്‍ ആലയിലേക്കും ചെരിഞ്ഞു.  വൈകുന്നേരം ചെലവഴിക്കാനായി പതിവ് കാറ്റുകള്‍ പുള്ളിക്കാനത്തുനിന്ന് കോലാഹലമേട് വഴി തങ്ങള്‍പാറയിലുരഞ്ഞ് നാടുനോക്കനിലേക്ക് വീശിത്തുടങ്ങി. അപ്പോള്‍ ഒറ്റമരംമേടിന്‍റെ രണ്ടുമേട് അപ്പുറം ഒരു മിന്നായം.   കുട്ടുവാണോ ?  മേടുകള്‍ക്കിടയിലെ ചതുപ്പില്‍ വളരുന്ന പന്നല്‍തണുപ്പിലേക്ക് വീണ്ടും ഒന്നല്ല... രണ്ടല്ല.... കുട്ടുമാര്‍ കുറെയേറെ പായുന്നു !!

                  കുരുവിപ്പെടാം. അതാണ് നല്ലത്. കേഴക്കുട്ടിയുടെ വേഗത്തിനൊപ്പം കുരുവിവേഗമേ നില്ക്കൂ . കണ്ടാലുടനെ പോക്കറ്റില്‍ പിടിച്ചിട്ട് കാലത്തിന്‍റെ ഉല്പത്തി മുതലുള്ള കഥകള്‍ പറയുന്ന ബാവായെയും ഇന്ന് കാണുന്നില്ല. കാണാത്തത് നന്നായി. കാച്ചുവെളിച്ചെണ്ണയുടെ ഗന്ധത്തോട് നരച്ച താടിക്കാരന്‍ ബാവ തീരെ യോജിക്കില്ല.

                  പുള്ളിക്കാനം കാറ്റിനെ തുളച്ച്,  ഒറ്റമരംമേടും മരമില്ലാമേടുകളും ഒരു മിഴിചിമ്മുംനേരം കൊണ്ട്
തീര്‍പ്പാക്കിയപ്പോള്‍ കേഴകളുടെ പെരുന്നാളാണ് മുന്‍പില്‍ കണ്ടത്. ഒന്നും പത്തും നൂറുമല്ല. ഓടുകയാണ്. ആരുടെയും പുറകെയല്ല. എങ്ങോട്ടും അല്ല . ചുമ്മാ മേടിന് മുകളിലേയ്ക്ക് . ഉടനെ താഴെ പന്നല്‍കാട്ടിലേക്ക് . കുറെ തെക്കോട്ടും കുറെ വടക്കോട്ടും , യാതൊരു ബോധലക്ഷണങ്ങളും കാണിക്കാത്ത ഈ പോക്കിന് പിരാന്ത് എന്നുതന്നെയാണ് പേര് !! അതുതന്നെ പേര് എന്ന് ഉറപ്പിക്കാന്‍ തുടങ്ങിയപ്പോളാണ് എവിടെനിന്നോ  വിസില്‍മുഴക്കം പോലെ ഒരു സ്വരം കേട്ടത്. ഒരു പന്നല്‍കാട് മുഴുവന്‍ തകര്‍ത്ത് തരിപ്പണമാക്കി വിസില്‍ മുഴങ്ങിയ ദിക്കിലേക്ക് പിരാന്തുകള്‍ ഓടി മറഞ്ഞു.

                  ദിശയറിഞ്ഞ് കുരുവി ചിറകെറിഞ്ഞു. കോലാഹലമേടിന്‍റെ വടക്കേചെരിവിലെ ചെരിഞ്ഞ പാറവക്കത്തെ ഇത്തിരിപ്പുല്ലില്‍ കുരുവി താണു .

                 പിന്നെയും ആ മണം.  മണം കൊണ്ട് ഈ പാറ കഴുകിത്തുടച്ചതുപോലെയുണ്ട്. ചങ്കിലേക്ക് നേരെ കയറുന്ന ഗന്ധത്തില്‍ കണ്ണുകള്‍ അടഞ്ഞുപോകാതെ കുരുവി ഘനപ്പെട്ടിരുന്നു. വളരെയേറെ ചുവപ്പു വാരിയെറിഞ്ഞ് അസ്തമയദിക്കില്‍ ഒരു നാടകതിരശ്ശീലയും സജ്ജമാക്കിയിട്ടുണ്ട്,  ആരോ !

                  മദം കൊണ്ട കേഴയാടുകള്‍ ആരോ വാരിയെറിഞ്ഞ ചരല്‍ക്കല്ലുകള്‍ പോലെ പാറപ്പുറത്തേക്ക് വന്നു നീണുകൊണ്ടിരുന്നു. ഒത്ത നടുവില്‍തന്നെ കുട്ടുവും വന്നു വീണു . ഈരണ്ടുപേരുടെ ഇണക്കൂട്ടങ്ങളായി തിരിഞ്ഞ് വിശാലമായ പാറയുടെ ഞെളിവുകളിലും മടക്കുകളിലും കാലുറപ്പിച്ച് , ആദാദികാലത്തു നിന്നിങ്ങോട്ടു  തലമുറകളെ പകര്‍ത്തിയെഴുതുന്ന പുണ്യകര്‍മ്മത്തിനായി അവര്‍ രണ്ടു ജീവികളല്ലാതായി. അപ്പോള്‍ വീണ്ടും വിസില്‍ മുഴക്കിയതാരാണ് ??

                 ആ കാഴ്ച മങ്ങുകയാണ്. കണ്ണു തെളിയുന്നില്ല. രാവിലെ പല്ലുതേപ്പിനെടുക്കുന്ന ഉമിക്കരിയിലും പിശുപിശുക്ക് കാണിക്കുന്ന മഹാപിശുക്കനായി മാറി അന്തിസൂര്യന്‍ . തമ്പുരാന്‍ വിത്തുണങ്ങാന്‍ വിരിച്ച അനേകം പനമ്പുകള്‍ പോലത്തെ മലകള്‍ക്കപ്പുറം അവന്‍ കളമൊഴിഞ്ഞു . അരസികന്‍ !

                 ഇരിപ്പുറക്കാത്ത കുരുവി പാറയ്ക്കു മുകളില്‍ കറങ്ങിപറന്നുനടന്നു . ഇടയ്ക്കെപ്പോഴോ നിലാവുദിച്ചു. നിലാപ്പെരുമയില്‍ സ്വപ്നത്തിലെ നിറങ്ങളില്‍ , സ്വപ്നത്തിലെ താളത്തില്‍ ഈ കാണുന്നത് നൃത്തച്ചുവടുകള്‍ തന്നെ.             നാളെ കിളിര്‍ക്കേണ്ട ഇളംപുല്ലുകള്‍ക്കിടയിലേക്ക്   ആയിരം
 കേഴക്കൂത്താട്ടങ്ങളായി , ആയിരം കേഴക്കുഞ്ഞുങ്ങളായി ഈ നിമിഷങ്ങള്‍ രൂപമെടുക്കുമെന്ന് ഓര്‍ത്തപ്പോള്‍ കുരുവിക്ക് ഉന്മാദം വന്നു. കുരുവി വിസിലടിച്ചു.  

 പൂയ്....!      പുപ്പൂയ്....!!         പുപ്പുപ്പൂയ്....!!!

                 നാലാമത്തെ വിസിലിന് മുമ്പ് താനാരുടെയോ പോക്കറ്റിലേക്ക് വീണു എന്ന് കുരുവിയറിഞ്ഞു. താടിക്കാരന്‍ ബാവയുടെ പോക്കറ്റിലാണ് !  പോക്കറ്റിന് പുറമേ കൈയോടിച്ച്  തന്നെ തടവുന്നുമുണ്ട്. ഇയാളെവിടെയായിരുന്നു ??  അപ്പോള്‍ വീണ്ടും വിസില്‍ ശബ്ദം !ഇത് പിരാന്ത് പിടിച്ച കേഴയാടുകളെ കോലാഹലത്തിന് പാറയിലേക്ക് വിളിച്ച വിസില്‍ തന്നെ. അപ്പോള്‍ താടിക്കാരാാാ...., തമ്പുരാന്‍ ബാവേ... ഇയാളാണ് പടിഞ്ഞാറ് ചുവന്ന കര്‍ട്ടന്‍ വിരിച്ച് വിസിലടിച്ച് തുടങ്ങിയ നാടകത്തിന്‍റെ സംഘാടകനും സംവിധായകനും?
 മനസ്സിലായി കേട്ടോ .......... !!!!!!

2-ം ഭാഗം അടുത്താഴ്ച

No comments:

Post a Comment