അസാധ്യം.
എന്നു തന്നെ പറയാവുന്നത്ര ഊര്‍ജ്ജവുമായാണ് അമ്പാടിമിടുക്കന്‍ ജനിച്ചത്.
പൈതല്‍വായ തുറന്നുനോക്കിയ അമ്മ വായിലിരിപ്പ് കണ്ട് അമ്പരന്നുപോയി.
അമ്മ കണ്ടറിഞ്ഞു.
കാളിന്ദിയെ കലക്കിയടിച്ച കാളിയനാണ് മര്‍ദ്ദനലീലയുടെ ഊര്‍ജ്ജം കൊണ്ട് പൂജ്യമായത്.
കാളിയനോ കൊണ്ടറിഞ്ഞു.
ഒരു ഓടക്കുഴലാണല്ലോ ബാല്യകൌമാരകുതൂഹലങ്ങളുടെ ഉജ്ജ്വലിപ്പുകളെയെല്ലാം പാട്ടുകളാക്കിയത്.
ആ പാട്ടു കേട്ടാണ് അമ്പാടിയും പൈക്കളും ഉണര്‍ന്നത്.
ആ പാട്ടു കേട്ടാണ് വൃന്ദാവനം തളിരും പൂവുമായത്.
അതേ പാട്ടു കേട്ടാണ് കുറെ രാധമ്മമാര്‍ക്ക് ഉറക്കം പോയികിട്ടിയത്.
വസ്ത്രമോഷണം പിന്നീട് ചരിത്രമായ വസ്ത്രദാനം കൊണ്ട് ഊര്‍ജ്ജസ്വലമാക്കി.
കുലവഴക്കുകള്‍ക്ക് ദൂത് പോയി. അവിടെ പുഞ്ചിരിയും വാക്കും വഴക്കവുമായി ഊര്‍ജം പ്രസരിച്ചു.
ഒതുങ്ങാഗളങ്ങളിലേക്ക് ചക്രായുധമായി ഊര്‍ജം കാണാവേഗങ്ങളെടുത്തു.
ഇഷ്ടം പോലെ പുഞ്ചിരിച്ചു.
വെല്ലുവിളികള്‍ നിറഞ്ഞ യുദ്ധഭൂമിയിലേക്ക് മഹാ ഊര്‍ജത്തോടെ തേരു പായിച്ചു. കൌശലത്തെ കൌശലം കൊണ്ടു ഗുണിച്ചുപൊക്കി.
തേര്‍ത്തട്ടില്‍ ഗീത ചൊരിഞ്ഞു. തളര്‍ന്നുകിടന്നവന് അറിവോളം വലിയ ഊര്‍ജം വേറെയില്ലെന്ന് പറഞ്ഞുകൊടുത്തു. ധര്‍മ്മം ഊര്‍ജ്ജം കൊണ്ട് ഉരച്ചുനോക്കണമെന്ന്..... ജീവിതത്തിലേക്ക് തിരിച്ചുപിടിക്കണമെന്ന്...... പറഞ്ഞ് പറഞ്ഞ് ...... ഭഗവാനുമായി.
കണക്കപ്പെരുക്കങ്ങളില്‍ താന്‍ മുന്നേ കണ്ട ഉത്തരത്തില്‍ എത്താന്‍ ഇരുവശത്തും സമന്മാരെ വെട്ടിയിട്ടു.
ജീവിതം ആര്‍ത്തുജീവിക്കാനുള്ളതെന്നും,
ഇഷ്ടങ്ങളെല്ലാം പെരുമാറി പ്രസരിപ്പിക്കാനുള്ളതെന്നും,
പ്രേമികള്‍ പുണ്യരെന്നും,
പ്രയോഗിക്കേണ്ടിവരുമ്പോള്‍ ധര്‍മം ജീവിതത്തോട് ഒട്ടിനില്‍ക്കണമെന്നും,
പറയാതെ പറഞ്ഞ കറമ്പാ, കാര്‍മുകില്‍വര്‍ണ്ണാ.......
മയില്‍പീലിയുടെ കൂട്ടുകാരാ .....
" ഈ മുളംതണ്ടില്‍ ഞാന്‍ മീട്ടുന്നതോ ഘനശ്യാമ, നിന്‍
പ്രേമമാണല്ലോ ..... "


No comments:
Post a Comment