Monday, 13 January 2014

ആശുപത്രി, സ്നേഹം, സുഹൃത്ത്



സ്നേഹം
------------

ഇതിനും മാത്രം പരന്ന ഈ ദുനിയാവില്‍ അറിഞ്ഞാലേ അടുപ്പം തോന്നുകയുള്ളൂ, അത് തോന്നിയാല്‍ ഇഷ്ടം മൊട്ടിടുകയായ്, പിന്നെ സ്നേഹമെന്നും കവികള്‍ വാഴ്ത്തിപ്പാടും പ്രണയമെന്നുമുള്ള പൂക്കാലങ്ങളുടെ വരവായി.

അസഫ് ഖാന്‍റെ മകള്‍ അന്‍ജുമാന്‍ദ് ബാനുവിനെ ധനികനായ ഒരു മുസല്‍മാന്‍ സ്വന്തമാക്കിയത് പതിനാലാം വയസിലെ അവളുടെ മൊഞ്ച് കണ്ടിട്ടുമാത്രമായിരുന്നു. അസഫ്ഖാന്‍ മകളെ കൊടുത്തുവിടുന്നത് പണം കൊണ്ട് സുരക്ഷിതമെന്ന് തോന്നിയ കൈകളിലും. കൊടുക്കലിലോ വാങ്ങലിലോ സ്നേഹം ഉണ്ടായിരുന്നോ.. സംശയിക്കണം. ധനികന്‍റെ മൂന്നാമത്തെ പത്നിയാക്കാനാണ് മകളെ ഖാന്‍ പറഞ്ഞിറക്കിവിട്ടത്.

പക്ഷേ വിവാഹം അവരെ അടുത്തിരുത്തി. ഭര്‍ത്താവ് മൂന്നാം ഭാര്യയെയും പെണ്‍കുട്ടി ഒന്നാം ഭര്‍ത്താവിനെയും അടുത്തറിഞ്ഞ് സ്നേഹവും പ്രണയവും പതിമൂന്ന് മക്കളും, പതിനാലാം പ്രസവത്തോടെ മരണവുമായി. ലോകാത്ഭുതമായ ടാജ്മഹല്‍ പണിയാന്‍ ,ഷാജഹാന് രണ്ടാമതും മൂന്നാമതുമൊന്നും ആലോചിക്കേണ്ടിവന്നില്ല. അത്രമേല്‍ ഒന്നായിപ്പോയ ജീവിതങ്ങളെ എങ്ങനെയാണ് പറിച്ചെറിയുക...

ഒരേ കുഴിയില്‍ വീണ കുഞ്ഞാടും ചെന്നായും .... വീണതിന്‍റന്ന് വൈകിട്ടോടെ , അല്ലെങ്കില്‍ പിറ്റേന്ന് രാവിലെ മുതലേ... ഇഷ്ടപ്പെട്ടുതുടങ്ങിക്കാണും.. ഇല്ലേ..

ഈ സ്നേഹത്തിന്‍റെ ഒരു കാര്യം. ഇങ്ങനെയൊക്കെയാണേ.


സുഹൃത്ത്
--------------
എല്ലാവരുടെയും സുഹൃത്ത് ആരുടെയും സുഹൃത്തല്ല എന്നതാണ് കാര്യം. അയാള്‍ ഒരു ഫാക്ടറിയാണ്, ചിരിയും, മൃദുഭാവങ്ങളും, മെയ് വഴക്കവും ഉത്പാദിപ്പിക്കുന്ന ഇടം.

ആത്മസുഹൃത്തിന്‍റെ അടുത്ത് വരുന്നത് ആയാസരഹിതമായി അല്പസമയം ചെലവഴിക്കാനാണ്. മനസ്സിലോട്ട് ഇത്തിരി കാറ്റും നിലാവും കടത്തിവിടാനാണ്. മടങ്ങുമ്പോള്‍ വിഷമിടാതെ വളര്‍ത്തിയ ഒരു പുഞ്ചിരി കൊണ്ടുപോകാനാണ്.

വിളമ്പി വിളമ്പി കൊടുക്കാന്‍ മടിയില്ലാത്ത ഒരു കഥാപാത്രത്തെ ഓര്‍ക്കുന്നുവോ... മമ്മൂട്ടിയാണ് അത് ചെയ്തത്. തോപ്രാംകുടിയിലെ വിശുദ്ധി മുഴുവന്‍ ആ മലമുകളില്‍ നിന്ന് ചുമന്നിറക്കിക്കൊണ്ടുവന്ന് കൊച്ചിയിലെ ഒരു ഫ്ളാറ്റിലെ ഉന്നതരായ ദരിദ്രര്‍ക്ക് വിളമ്പുന്ന കഥ കണ്ടിട്ടില്ലേ... ഇല്ലെങ്കില്‍ കാണണം. ലൌഡ് സ്പീക്കര്‍ എന്നാണ് പേര്. ആ ഫ്ളാറ്റില്‍ നിന്ന് ഒരു ജീവനെ തോപ്രാംകുടിയോളമുയര്‍ത്താനും ആ കഥക്ക് കഴിയുന്നുണ്ട്.

സുഹൃത്തുക്കളെയോ മരുമക്കളെയോ കണ്ടെത്തുവാന്‍ ഫാക്ടറികളില്‍ പോകരുത്. പൂവിനെ പൂവേ... ന്ന് വിളിക്കാന്‍ ദൈവകൃപയുള്ളവരോട് കൂട്ടാകണം. സമയത്തെ പോലും പണത്തിലേക്ക് ട്രാന്‍സ്ലേറ്റ് ചെയ്യുന്നവരെ കണ്ടെത്തി ബിസിനസ് പങ്കാളിയാക്കാം. മനസ്സിന്‍റെയോ വിതുമ്പലിന്‍റെയോ പങ്കിന് കൂട്ടരുത്.

നമ്മള്‍ക്ക് സ്നേഹിക്കാനും കൂട്ടുകൂടാനും പറ്റിയ പുല്‍മൈതാനങ്ങള്‍ ഇനിയും ശേഷിക്കുന്നുണ്ട്. (മ്യൂസ് മേരി)

കുഞ്ഞുങ്ങളുടെ കണ്ണിലെ നിലാവിന്‍റെ സൌമ്യത നോക്കി വയ്ക്കുക. കണ്ണടച്ച് പിടിച്ച് അതിനെ തിരിച്ചറിയാന്‍ കഴിയുന്നുണ്ടോ എന്ന് പരിശോധിക്കണം.

ആ സൌമ്യനിലാവ് കണ്ണിലുള്ളവരെ സ്വന്തത്തിലേക്കും ബന്ധത്തിലേക്കും കൂട്ടിവരിക. അതിനിത്തിരി കൂടുതല്‍ യാത്രയും അന്വേഷണവും ആയിക്കോട്ടെ.

യാത്രക്ക് മുടി ചീകാന്‍ കണ്ണാടിയുടെ മുമ്പില്‍ നിന്ന്, നിലാവ് നിന്‍റെ കണ്ണിലും സൌമ്യമായി തിളങ്ങുന്നുണ്ടോ എന്നൊന്ന് നോക്കിയേക്കുക. ഉണ്ടെങ്കിലേ മുടി ചീകിയിറങ്ങേണ്ടതുള്ളൂ


ആശുപത്രി
--------------


ആശുപത്രി. കുനിഞ്ഞുനടപ്പിന്‍റെ സ്ഥലമാണ്. 

തലയെടുപ്പ്, കൈകാല്‍മസില്‍ എന്നിവയിലെ അഹങ്കാരം ഡോക്ടറുടെ മുറിയിലേക്ക് കയറിയപ്പോള്‍ എടുക്കാന്‍ മറന്നു.

ഡോക്ടറുടെ കുറിപ്പുള്ള ഫയലുമായി നേഴ്സുമാരങ്ങനെയാണ്, ഓടുകയാണ് സാധാരണ എന്നറിയാവുന്നതാണ്. 

കുറഞ്ഞുപോയി കനം നടപ്പിന്‍റെ. ഗ്രേസീ, അപ്പന്‍ വന്നു, ചവിട്ട് കേള്‍ക്കുന്നുണ്ട് എന്നായിരുന്നു വൈകിട്ടത്തെ വരവിനെ ഭാര്യ കൊച്ചാക്കിയിരുന്നത്. ആ കനമാണ് തീരെ പോയത്. 

ഭാര്യ ചില നുണകള്‍ മുമ്പും പറഞ്ഞിട്ടുണ്ട്. പക്ഷേ പേരമകളായ പഞ്ചാര നുണയിട്ടിളക്കിയല്ലേ ഇന്ന് പറഞ്ഞതെല്ലാം.. ഓ അപ്പൂപ്പന് ഒന്നുമില്ല.

ഇരുന്നപ്പോള്‍ കിടത്തിയത് നഴ്സ്, കിടന്നപ്പോള്‍ വീശിയത് പഞ്ചാര, ടോയ്ലറ്റിലോട്ട് കൂട്ട് അവള്‍.

തിരിച്ച് വന്നപ്പോള്‍ മുറ്റത്തേക്കിറക്കാന്‍ ഓട്ടോക്കാരന്‍ രണ്ടുകൈ സഹായം. അയല്‍ മതിലിന് മുകളില്‍ കണ്ണുകള്‍. അകന്നുനിന്ന് വാലാട്ടുന്ന കുട്ടൂസന്‍.

തെയ്യാമ്മേ എനിക്ക് തീരെ വയ്യാന്നാണ് തോന്നുന്നേ... ന്ന് പറയിപ്പിച്ചേ അടങ്ങൂ ഈ പനി.




No comments:

Post a Comment