Monday, 27 January 2014

നുറുങ്ങുകള്‍


  1. നെറ്റിയിടിച്ച കല്ല്
  2. നെറ്റിയില്‍ ഇടതുപുരികത്തിന് മുകളില്‍, പഴുതാരരൂപത്തില്‍ മുറിവുണങ്ങിയ പാട് തൊട്ടുകാണിച്ച് നാളെ മകന്‍ നിങ്ങളോട് ചോദിക്കും. അമ്മേ... ഞാന്‍ കുഞ്ഞായിരുന്നപ്പോള്‍ വീണ് നെറ്റി പൊട്ടിയ കല്ലെവിടെ അമ്മേ... ന്ന്.

    അവന്‍ അത് മുമ്പും ചോദിക്കാറുള്ളതാണ്. ക്രിസ്മസ് അവധിക്ക് പൂട്ടി വരുമ്പോള്‍ അടുക്കളനടയില്‍ അമ്മയോടൊപ്പമിരുന്ന് സ്വീറ്റ് മമ്മി, ക്യൂട്ട് മമ്മി, വാവ മമ്മി എന്നെല്ലാം വിളിച്ച്, ഈ കല്ലിന്‍റെ ഈ മൂലേലാണോ, ദേ മൂലേലാണോ അമ്മേ എന്‍റെ നെറ്റിയിടിച്ചത്? ഒന്നൂടെ പറ മമ്മി..

    അമ്മ സ്ഥലം തൊട്ടുകാണിക്കും. പിന്നെ അച്ഛന്‍ അവനെയെടുത്ത് ഒരു തൂവാല കൊണ്ട് മുറിവ് പൊതിഞ്ഞുപിടിച്ച് മുമ്പേ ഓടിയത്, വേവലാതിക്കരച്ചിലുമായി അമ്മ പിറകേ വന്നത്, ആട്ടോയില്‍ ആശുപത്രിയില്‍ ചെന്നത്, തുന്നിയത്,മരുന്ന് വച്ചത്, ഉമ്മ വച്ചത്, കുറേ ദിവസങ്ങളിലേക്ക് ഐസ്ക്രീമിന് തടസ്സം പോയത്...

    ആ വലിയ പരിഗണനയുടെ നാളുകള്‍ കേട്ടുകൊണ്ടിരിക്കാന്‍ എല്ലാ മക്കള്‍ക്കും വലിയ ഇഷ്ടമാണ്.

    ജീവിതത്തില്‍ അവന്‍ പോലീസുകാരനോ, പോസ്റ്റ്മാനോ, സിലിക്കണ്‍വാലിയിലെ കൂലിക്കാരനോ ആയി വളര്‍ന്നേക്കാം. വീട്ടില്‍ വരുമ്പോള്‍ മോന്‍ നരച്ചുതുടങ്ങിയല്ലോന്ന് കണക്കെടുക്കുന്ന അമ്മയുടെ മടിയിലേക്ക് തല വച്ച് ( ഇപ്പോഴത്തെ മക്കള്‍ക്ക് സ്നേഹിക്കാന്‍ തീരെ നാണമില്ല) ആ കല്ലെന്തിനാമ്മേ എടുത്ത് കള്ഞ്ഞേ... പുത്തന്‍ വീട് വച്ചപ്പോള്‍ ഒരു നടയായി എവിടെയെങ്കിലും ആ കല്ല് കൂടെ വച്ചിരുന്നെങ്കില്‍ ഇനിയുമെനിക്ക് ചോദിക്കാമായിരുന്നു. ആ
    മൂലേലാണോ...

    ന്‍റെ പുസ്തകങ്ങളും ഞാനെഴുതിവച്ച നോട്ടുകളും, ന്‍റെ കുഞ്ഞുമേശയും,മാടത്തയെ ചരട് കെട്ടിയിട്ടിരുന്ന ജനല്‍ കമ്പിയും കൂടെ ചില മക്കള്‍ ചോദിച്ചേക്കാം.

    അമ്മയും പേരമ്മയും പോകും.
    അടയാളങ്ങളും അനുഭൂതികളും
    നിന്നോട്ടെ അല്ലേ......?

  3. അവനൊന്നും അവാര്‍ഡ് കൊടുക്കരുത്


  4. -----------------------------------------------------
    രൂപഭംഗിയെന്ന സാമാന്യമലയാളി കാഴ്ചപ്പാടിനെ കുട്ടിക്കാനം വളവിലെ ബസപകടം പോലെ പല തവണ കീഴ്മേല്‍ മറിച്ചാണ് ശ്രീനിവാസന്‍ ഓരോ സിനിമയും ചെയ്തിറങ്ങുന്നത്. സ്വന്തം സ്ട്രക്ചറിന്‍റെ തെല്ലൊരു കോമാളിരൂപത്തെ ഒരു പ്ളസ് അഭിനയസാദ്ധ്യതയാക്കി, തനിയെ എഴുതിയുണ്ടാക്കിയ ചിന്തച്ചിരിബോംബായ കഥയിലെ ഏറ്റം വള്‍ഗര്‍ കഥാപാത്രത്തെഎടുത്ത് ജനഹൃദയങ്ങളിലേക്ക് ഓടികയറിയ ഈ നടന് ഒരിക്കലും അവാര്‍ഡ് കൊടുക്കരുത്.

    ശ്രീനിക്ക് ആദ്യം കാക്കിനിക്കര്‍ തയ്ച്ചത് ജി.അരവിന്ദനായിരുന്നു. ചിദംബരം എന്ന സിനിമയില്‍ മുനിയാണ്ടി വേഷത്തില്‍ ചെന്ന് സ്മിതാ പാട്ടീലിനെ കെട്ടിക്കൊണ്ടുവരാനായിരുന്നല്ലോ അത്. പിന്നീട് ആ കാക്കിനിക്കര്‍ ഇട്ടാണ് കുണ്ടിക്കുള്ളേ ഉണ്ട ഇറുക്ക് സാറേ ... എന്ന് കരഞ്ഞോടി മലയാളിയെ ചിരിപ്പിച്ച് ചിരിപ്പിച്ച് ചിരിക്കപ്പുറത്തേക്ക് കടത്തിക്കൊണ്ടുപോയത്.പ്രിയദര്‍ശന്‍റെ തേന്മാവിന്‍ കൊമ്പത്തെ അപ്പക്കാള ഏന്‍റെ ചെറ്യേ ബുദ്ധീല്‍ തോന്നിയ കാര്യങ്ങള്‍ പറയുമ്പോളും സ്വയം ചിരിക്കാതിരിക്കാനായി കട്ടിയുള്ള കാക്കിയാണ് ചുറ്റിക്കെട്ടിയിരിക്കുന്നത്.

    കല്യാണം കഴിച്ചോണ്ടു വന്ന് നാട്ടുകാര്‍ക്കും മലയാളിക്കും പണി കൊടുക്കുന്ന മഹത്തായ പണി ശ്രീനി തന്നെ തിരക്കഥയെഴുതി സംവിധാനം ചെയ്ത വടക്കുനോക്കിയന്ത്രത്തിലാണ് പിന്നെ നടപ്പാക്കിയത്. തളത്തില്‍ ദിനേശന്‍ പാര്‍വതിയെ കെട്ടേണ്ടിയിരുന്നില്ല എന്ന് അറുനൂറ് വട്ടം തോന്നിപ്പോകും. മഹത്തായ ആ കല്യാണഫോട്ടോ സീനിനെക്കുറിച്ച് കടലിനടിയില്‍ മരിച്ചുകിടക്കുന്ന മലയാളിയോട് ചോദിക്കൂ... അവനവിടെക്കിടന്ന് ചിരിക്കും. മനസ്സിന്‍റകത്തോട്ട് കയറി അവിടെ കപ്പയും വാഴയും ഇഞ്ചിയും നട്ടേച്ച് ആ കൃഷിയെല്ലാം മലയാളിക്ക് കാട്ടിക്കൊടുത്തപ്പോള്‍ ഞെട്ടിയത് K S David, P.M Mathew Velloor എന്നീ സ്ഥിരം പംക്തിക്കാരായ രണ്ട് മനശാസ്ത്രജ്ഞരായിരുന്നു. എത്രയെഴുതിയിട്ടും തുറന്ന് കിട്ടാതിരുന്ന മനസിന്‍റെ എസ്റ്റേറ്റ് വാതിലാണ് ഒറ്റ ചവിട്ടിന് തളത്തില്‍ ദിനേശന്‍ തുറന്നത്.

    ഒരുപാട് വര്‍ഷം ഏറ് കൊണ്ട ഒരു തെരുവ് നായുടെ
    മെയ് വഴക്കത്തോടെ , കൊഴുത്ത കള്ളത്തരങ്ങളോടെ ഒരു തിരക്കഥ മോഷ്ടിച്ചോടുന്ന ഈ മഹാനെ മലയാളി മറക്കൂല..

    പുട്ടില്‍ തട്ടുദോശക്കാരനായ, ഒഴിമുറി എഴുത്തുകാരനായ, ലാല്‍ എന്ന സ്മാര്‍ട് ബോയ്ക്കും ഒരിക്കലും ഒരവാര്‍ഡ് എറിഞ്ഞുപോലും ഇട്ട് കൊടുക്കരുത്.

    കഴുത്തില്‍ അഡീഷണലായി ഒരു സ്പ്രിംഗ് ഘടിപ്പിച്ചിട്ടുള്ള മഹാനായ ഇന്നച്ചന്‍ ഒരു സിനിമയില്‍ പോലും അഭിനയിച്ചില്ല എന്ന കാരണത്താല്‍, ലോട്ടറിയടിച്ച സീനില്‍ അഭിനയകുലപതിയായ തിലകനെ നിഷ്പ്രഭനാക്കികളഞ്ഞതുപോലുള്ള ഒരുപാട് കുറ്റങ്ങളാല്‍ അയാള്‍ക്കും കൊടുക്കരുതരുതവാര്‍ഡൊന്നും...

    അഭിനയിച്ചോ... ഞാനോ... എപ്പം?
    അവാര്‍ഡോ... എനിക്കോ എന്‍റെ ഫ്രാന്‍സീസ് പുണ്യാളാ...


  5. മണ്ണാങ്കട്ട
    എല്ലാ പെരുമഴയത്തും മണ്ണാങ്കട്ടയെ പൊതിഞ്ഞുസൂക്ഷിക്കുകയും മഴക്കുപിന്നെ യാത്ര തുടരുകയും ചെയ്തിരുന്ന കരിയില മഴക്കു മമ്പേ കാറ്റ് വന്ന ഒരു സന്ധ്യയില്‍ പറന്നുപോകുന്നതും ആവരണമില്ലാത്ത മണ്‍ദേഹം കുതിര്‍ന്ന് പൊടിഞ്ഞ് മഴയുടെ ശേഷഘോഷത്തിനൊപ്പം ഒഴുകി അപ്രത്യക്ഷമാകുന്നതും കണ്ടിരുന്നു , ഈ കഥ ഒരു വലിയ പെരുമഴയത്ത് ആദ്യമായി കേട്ട അന്ന് തന്നെ.

    പിന്നെ തെളിഞ്ഞ വെയിലത്ത് ദേഹമുണക്കി കരിയില യാത്ര തുടര്‍ന്നു കാണുമെന്നും ഒരു ദുഷ്ടനാണവനെന്നും കഥ പറച്ചിലുകാരന്‍ കാണാതെ മനസ്സില്‍ അന്ന് എഴുതുകയും ചെയ്തു.

    അല്ല ദുഷ്ടനല്ല. വീഴുന്നവര്‍ വീഴട്ടെ. വീണേടം അവര്‍ക്ക് കാശി.

    വീഴാത്തവര്‍ തുടരട്ടെ യാത്ര


  6. അരികുജീവിതങ്ങള്‍
    --------------------------------
    ശക്തയായ അമ്മയുടെ മകന്‍ സഞ്ജയഗാന്ധിയുടെ നേതൃത്വത്തില്‍ ബുള്‍ഡോസറുകള്‍ ഒറ്റ രാത്രി കൊണ്ട് ലക്നോ നഗരത്തിലെ അരികുജീവിതങ്ങളെയും, തുടര്‍ന്നു ജീവിക്കാനുള്ള അവരുടെ അവകാശത്തെയും, അവരുടെ ഉറക്കപ്പുരകളെയും തകര്‍ത്തുകളഞ്ഞു.

    തകരപ്പാട്ട, ചാക്കുമറ,അവരെത്രയോ തവണ ജയ് വിളിച്ചിട്ടുള്ള രാഷ്ട്രനേതാക്കന്മാരുടെ കൈകൂപ്പി് പുഞ്ചിരിക്കുന്ന ചിത്രം ചേര്‍ത്ത പരസ്യത്തുണികള്‍ എന്നിവകൊണ്ട് ഉണ്ടാക്കിയ മനോഹര രമ്യഹര്‍മ്മ്യങ്ങള്‍. ബലവത്തായ വാതിലുകള്‍ക്കു പകരം കുടുംബനാഥന്‍റെ,നാഥയുടെ നാക്കിന്‍റെ കവചം മാത്രമുള്ളവ.

    ലക്നോ ഒരു മനോഹരനഗരമായി ലിപ്സ്റ്റിക്കിട്ടുനില്ക്കാന്‍ അധികനാളുകള്‍ എടുത്തില്ല. വളരെ വീതിയേറിയ മഹാനഗരറോഡുകള്‍, ആസൂത്രണമികവ് എഴുന്നള്ളിക്കുന്ന കെട്ടിടസമുച്ചയങ്ങള്‍. ഇതിന്‍റെയെല്ലാം ക്രെഡിറ്റ് ആ ധീരപുത്രനുള്ളതാണ്. ആയുസെത്താതെ ഒടുങ്ങിയ ആ ധീരാത്മസ്മരണക്കായി ലക്നോവില്‍ സഞ്ജയഗാന്ധി പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ആഫ് മെഡിക്കല്‍ സയന്‍സസ് എന്ന നക്ഷത്ര ജീവന്‍രക്ഷാ സമുച്ചയം പരിലസിക്കുന്നു.

    രാത്രി തുടച്ചുനീക്കിയ ആ അരിക്ജീവിതങ്ങള്‍ എവിടെ പോയി? വൃത്തികേടുകളും അവശിഷ്ടങ്ങളും ഗോമതിനദിക്കരയില്‍ ഡംപ് ചെയ്തതിന്‍റെ അടിയില്‍ അവരുണ്ടോ... അതോ മിച്ചം കിട്ടിയ ശരീരഭാഗങ്ങളും അര്‍ദ്ധശ്വാസവുമായിഅവരെങ്ങോട്ടെങ്കിലും ഇഴഞ്ഞുപോയോ....

    പല വികസനങ്ങളുടെയും പേരില്‍ അരികുജീവിതങ്ങള്‍ ഉന്മൂലനം ചെയ്യപ്പെടുന്നു. അതിലോലപ്രദേശസംരക്ഷണം, വനപൂജ, റോഡുവികസനം, സ്പെഷല്‍ ഇക്കണോമിക് സോണുകള്‍, പറക്കുംവണ്ടി ഇറങ്ങാന്‍താവളം, നഗരസൌന്ദര്യവല്‍കരണം, വൈദ്യുതിലൈന്‍നീട്ടല്‍, ഇങ്ങനെ ആധുനികലോകത്തെ ഒഴിച്ചുകൂടാനാവാത്ത എല്ലാ മോടികളും നടപ്പാക്കുമ്പോള്‍ അവര്‍ ഇല്ലാതാകുന്നു. വെറും ശബ്ദം മാത്രമായിരുന്നവരുടെ ശബ്ദവുംകൂടെ നാമിങ്ങെടുക്കുന്നു.

    നമ്മള്‍ വികസിച്ചപ്പോള്‍ കെല്പ്,ബുദ്ധി, വക്രത എന്നിവയുടെ കുറവ് കൊണ്ട് മാത്രം അരികിലേക്ക് ഒതുക്കപ്പെട്ടവര്‍. ഒരിക്കലും ഒന്നിക്കാത്ത നാം എന്നെങ്കിലും ഒന്നിക്കുന്നെങ്കീല് അന്ന് ഇവരെ ഉന്മൂലനം ചെയ്യാം. പറപ്പിച്ചിട്ട് കാര്യമില്ല. ദാരിദ്ര്യവും വൃത്തികേടുകളുമായി എവിടെയെങ്കിലും വീണ്ടും പുണ്ണ് പിടിച്ച് വളരും. എന്തായാലും അവരുടെ ശ്വാസം ഈ നാടിന് അത്യന്താപേക്ഷിതമല്ല. കണ്ണുംവെട്ടത്തൂന്ന് പോയാല്‍ അരികിലൊതുക്കിയതിന്‍റെ കുറ്റബോധം നമ്മളെ മാന്താതെയുമിരിക്കും.

    എന്നിട്ട് മഹത്തായ ഭാരതയുദ്ധത്തിലെ ഓരോ ദിവസാവസാനവും കൌരവ,പാണ്ഡവപ്പാളയങ്ങളില്‍ നടന്ന കണക്കെടുപ്പ് പോലെ നമുക്ക് കണക്കെടുക്കാം. ഞാനിന്ന് 20 തലയെടുത്തു, 110 കാലൊടിച്ചു. നീയോടാ ഉവ്വേ...

    ഇറങ്ങിനടക്കാനൊക്കെ എന്തുരസം.... നാടെത്രയോ ഭംഗിയായി....




  7. അമ്മവീട്
    ചേന്നാടിന് നടത്തിയാണ് അമ്മ എന്നെ കൊണ്ടുപോകാറ്. പൂഞ്ഞാര്‍ വളതൂക്ക് വഴി അന്നത്തെ എന്‍റെ കാലിന് ഒരു മണിക്കൂര്‍ നടന്നാല്‍ മുറ്റത്ത് കിണറുള്ള, കിണര്‍ക്കരെ കല്‍ത്തൊട്ടിയുള്ള, നിറയെ തൈത്തെങ്ങുകളുള്ള, ചൂണ്ടയിട്ടാല്‍ വാള കൊത്തും തോടുള്ള അമ്മവീട്.

    അമ്മാവന് കൊമ്പനാമൊരു മീശയുണ്ട്, ടൌണില്‍ കടയുണ്ട്, കടയില്‍ പഴമുണ്ട്, വൈകിട്ട് വേണോടാ എന്ന് ചോദിച്ചിട്ട് എനിക്കും അര ഗ്ളാസ് പനയുണ്ട്.

    അമ്മായിക്ക് മുറ്റം നിറയെ കോഴിയുണ്ട്, ഞങ്ങളെത്തും വൈകിട്ട് ഒരു കോഴിക്ക് മരണമുണ്ട്.

    ദിവസം നാലഞ്ചു കഴിഞ്ഞാല്‍ തിരികെ ചിലപ്പോള്‍ ATS ബസിലാവും മടക്കം. കടയുടെ മുമ്പില്‍ കൊമ്പന്‍മീശ വിരിച്ച് നിന്ന് അമ്മാവന്‍ ബസ് തടയും, കയറ്റിവിടും. ബസ് ഈരാറ്റുപേട്ടക്കുള്ളതാണ്. പേട്ട ജംഗ്ഷനില്‍ മുരിക്കോലില്‍ മെഡിക്കത്സിനെതിര്‍വശം തൌഫീക്ക് ഹോട്ടലുണ്ട്, അവിടെ അപ്പമുണ്ട്, കറി പഞ്ചസാരയാണ്. അമ്മ ഇരുപത്തഞ്ചു പൈസ തന്ന് റോഡ് കടത്തിവിടും. അമ്മ കടയില്‍ കയറില്ല.

    സപ്ളയര്‍ അന്തുക്കായ്ക്ക് കാലിന് ഏന്തുണ്ട്, ഠേ ... എന്ന് പൊട്ടിച്ചാണ് മേശപ്പുറത്ത് ചായ വയ്ക്കുന്നത്. ഒരപ്പം,നിറയെ ചെറു സുഷിരങ്ങളുള്ളത്, നല്ല മണമുള്ളത്, പഞ്ചസാര കൂട്ടുള്ളത് തിന്നു കഴിഞ്ഞാല്‍ ... ചായ ഒന്നേ, വെള്ളേപ്പം ഒന്നേ, ഇരുപത്തഞ്ചേ... പറയുമ്പോള്‍ എനിക്ക് നടന്ന് ചെന്ന് പൈസ കൊടുക്കാം. കുഞ്ഞുമുഖമുള്ള ആ ഇരുപത്തഞ്ച് പൈസ വാങ്ങുമ്പോള്‍ മാനേജര്‍ ചിരിക്കില്ല. മുഖം കണ്ടാലല്ലേ ചിരിക്കാന്‍ പറ്റൂ... ഉയര്‍ന്ന ഇരിപ്പുമേശക്കു താഴെ നിന്ന് ഒരു ചെറുകൈ പൊങ്ങിവന്ന് പൈസ ഇട്ട് ഓടുകയാണല്ലോ.

    ഇന്ന് കയറിയാല്‍ ഒരപ്പത്തിനൊന്നും പഞ്ചസാരയിട്ട് തരില്ല. ഇരുപത്തഞ്ച് ഇരുപത്തഞ്ച് പൈസ കൊടുക്കാമെന്ന് വച്ചാലും ആ കുഞ്ഞനെ ആര്‍ക്കും വേണ്ട താനും.


3 comments:

  1. നമുക്കും ഒരരിക് ചേര്‍ന്ന് നടക്കാം .പറക്കും വണ്ടികള്‍ അതിന്റെ പാട്ടിനു പോട്ടെ

    ReplyDelete
  2. നുറുങ്ങുകള്‍ വായിച്ചു. ലളിതമായ ഭാഷ ...ശക്തമായ ഉള്ളടക്കം ...വളരെ ജോസേട്ടാ .....

    ReplyDelete
  3. നന്ദി ഷറഫുദീന്‍, സലാഹുദീന്‍ സുഹൃത്തുക്കളേ....

    ReplyDelete