Thursday, 6 February 2014

ചില പൂഞ്ഞാറന്‍ ചിന്തകള്‍


ആശാന്‍ X   ആശാന്‍
---------------------------

ഗുണനപ്പട്ടിക ചൊല്ലിച്ചൊല്ലി പൂഞ്ഞാര്‍ പെരുവഴിയേ നടന്നിരുന്ന അന്നത്തെ ആശാന് ശരിക്കും ഭ്രാന്തായിരുന്നോ... അല്ല എന്നാണ് ആലോചിച്ചപ്പോഴൊക്ക ഉത്തരം കിട്ടിയത്.

സംഖ്യകളെ ഗുണിച്ച് ബോറടിച്ച ആശാന്‍ റോഡിനെ റോഡ് കൊണ്ടും പാലത്തെ പാലം കൊണ്ടും ഗുണിച്ചുതുടങ്ങിയപ്പോള്‍ ഞങ്ങള്‍ പൂഞ്ഞാറുകാര് കിറുക്കനാശാന്‍ എന്ന് വിളിച്ചു എന്നത് ശരി.

കുഞ്ഞുങ്ങളെ എഞ്ചുവടിയും ഗണിതവും പഠിപ്പിച്ചിരുന്ന സാത്വികനായ കൊച്ചുമനുഷ്യന്‍ . പഠിപ്പിച്ചും വായിച്ചും തനിയെ ചിന്തിച്ചും ശരാശരി റേഞ്ചിനപ്പുറത്ത് വ്യാപരിച്ചിരുന്നു എന്നതും ശരി. ഗുണനമേ ജീവിതം. പാലം X പാലം = നാത്തനാല്‍പാലം. നാത്തനാല്‍പാലത്തിനെ പൂഞ്ഞാറ്റില്‍ തന്നെയുള്ള കാട്ടറാത്ത്പാലം കൊണ്ടു ഗുണിച്ചാല്‍ പാലാ വലിയ പാലം എന്നാണ് ഉത്തരം.

ഗുണിച്ചുത്തരം കിട്ടുമ്പോള്‍ കൈയുയര്‍ത്തി പിടിക്കും. സ്കൂള്‍കുട്ടികളെ കണ്ടാല്‍ രണ്ടു കണ്ണുകള്‍ക്കിടയിലുള്ള മര്‍മ്മസ്ഥലത്തേക്കു സൂക്ഷിച്ചുനോക്കി ഗുണനശേഷി മനസ്സിലാക്കും. പ്രശസ്തയായ പൂഞ്ഞാറ്റില്‍ അമ്മാമ്മ എന്ന മെമ്പറോട് സുബുദ്ധിയോടെ ഞായം പറയും.
മരിച്ചില്ലായിരുന്നെങ്കില്‍ ആശാന്‍ കൈ വയ്ക്കുമായിരുന്ന ചില
പെരുക്കങ്ങള്‍........

സ്നേഹം X സ്നേഹം = അടുക്കളയിലെ അമ്മ
നന്മ X നന്മ = തണലും  പഴവും തരും മരം
കരുണ X കരുണ = കല്‍ക്കത്ത
കാശ്മീര്‍ സില്‍ക്ക്X ചെന്നൈ സില്‍ക്ക് = നീലബോര്‍ഡറുള്ള വെള്ളസാരി
തഴക്കം X പഴക്കം = ആശാരി വേലുവേട്ടന്‍

കുഴപ്പങ്ങള്‍

തന്ത്രംX കുതന്ത്രം = കപട ആത്മീയത
അഭ്യാസം X അഭ്യാസം = തരവഴിരാഷ്ട്രീയം

ചിലരെയൊക്കെ ബഹുമാനിക്കേണ്ടതുണ്ട്.... ചിലരെ തിരിച്ചറിഞ്ഞ് ഒഴിവാക്കേണ്ടതുമുണ്ട്.






സുമിതേച്ചിയുടെ വിശ്വം
--------------------------------

ഇക്കാര്യത്തില്‍ സുമിതേച്ചി പറയുന്നത് തന്നെയാണ് എന്‍റെ ശരി. വിശ്വം ആരാണ്? സുമിതേച്ചിയുടെ ഭര്‍ത്താവാണ്. 

വിശ്വം ഇന്നലെ വൈകുന്നേരം സാധാരണയില്‍ കവിഞ്ഞ സന്തോഷത്തോടെ ടൌണിലേക്ക് ഒന്ന് പോയതാണ്. എന്നും സന്ധ്യക്ക് വിശ്വം അങ്ങനെ പോകാറുണ്ട്. സുഹൃത്തിന്‍റെ പഴക്കടയിലോ അല്ലെങ്കില്‍ വായനശാലയിലോ പോയിരുന്ന് ഇരുട്ട് കൂട്ടി തിരിച്ചുംവരും.

എന്നാല്‍ വിശ്വം ഇരുട്ടുകനത്തു വെളുത്തിട്ടും, ഇതുവരെ തിരിച്ചുവന്നില്ല. നാട്ടുകാര്‍ അതിന് പല വ്യാഖ്യാനങ്ങളാണ് പറയുന്നത്. എന്നാല്‍ എല്ലാവരും ഒന്നുതന്നെ പറയുന്നു. വിശ്വന്‍ ശ്യാമിനെ കാണാന്‍ പോയി. ഇത്ര നേരത്തെ പോകേണ്ടിയിരുന്നില്ല.

ശ്യാം എന്നൊരു സുഹൃത്ത് വിശ്വത്തിനുള്ളതായി സുമിതേച്ചിക്കറിയില്ല. അതുകൊണ്ട്തന്നെ വിശ്വം ശ്യാമിനെ കാണാന്‍ പോകില്ല. സുമിതേച്ചിക്കറിയില്ലെങ്കിലും ശ്യാമിന് വിശ്വത്തെയും തിരിച്ചും കാണാവുന്ന ലോകമാണ് ചുറ്റുവട്ടത്ത് മൂളിപ്പായുന്നത്.

മുറ്റം കൂടെ കൊത്തിക്കിളച്ച് കപ്പ നടാന്‍ വെറി കൂട്ടി നടന്ന തനിപ്പൂഞ്ഞാറുകാരനാണ് വിശ്വം. അതിനു മുമ്പ് പൂച്ചട്ടികള്‍ വരുത്തി മുറ്റം ഭരണങ്ങാനമാക്കുന്നതിനെക്കുറിച്ചും , അതിനും മുമ്പ് നെടുങ്കണ്ടത്തുപോയി അഞ്ചുകിലോ വരെ വളരുന്ന ചാരനിറമുള്ള മുയല്‍ക്കുഞ്ഞുങ്ങളെ വരുത്തി കൃഷി ചെയ്യുന്നതിനെക്കുറിച്ചും ഇളംതിണ്ണയിലിരുന്ന് ഉറക്കെ ആലോചിച്ചവനുമാണ് വിശ്വം.

ഒരു വലിയ ചുറ്റിക ഇരുമ്പു പൈപ്പില്‍ ആഞ്ഞടിക്കുന്ന ഒച്ച കേട്ടാണ് സുമിതേച്ചി മുറ്റത്തിറങ്ങി വന്നത്. മുറ്റത്ത് കൂട്ടിയിട്ടിരിക്കുന്ന നീലപ്പടുതകള്‍, സാമഗ്രികള്‍, ചകിതമനസ്സുകള്‍... എല്ലാം കണ്ട് സുമിതേച്ചി അകത്തേക്ക് തന്നെ കയറിപ്പോയി. പാവങ്ങള്‍... ഒളിച്ചാല്‍ എല്ലാം ഒളിഞ്ഞിരുന്നോളുമെന്ന് ധരിച്ചിരിക്കുകയാണ്. അങ്ങനിരിക്കട്ടെ. പിറകിലെ വേലിക്കല്‍ മിണ്ടാതിരിക്കുന്ന കാക്കയ്ക്കുപോലുമറിയാവുന്നതൊക്കെ ഞാനുമറിഞ്ഞു മക്കളേ..

ശ്യാമസുന്ദരാ മൃത്യുവും നിന്‍റെ നാമം....... വിശ്വം ശ്യാമിനെ അങ്ങോട്ടുചെന്ന് കാണുകയായിരുന്നില്ല. മറിച്ച് ശ്യാം മരണമുഴക്കമുള്ള ഒരു ഇരുചക്രത്തില്‍ മരണവേഗത്തില്‍ വന്ന് വിശ്വത്തെ കണ്ടു മുട്ടുകയായിരുന്നു. അപ്പോള്‍ അദ്ദേഹം വഴിയോരത്തുകൂടെ ഗ്രാമകലാ വായനശാലയുടെ അടുത്തെത്തിയിരുന്നു.

( ഏറ്റവും ആധുനിക കാറുകളെപ്പോലും തുളച്ചുകയറി പിന്നിലാക്കി റോഡില്‍ തീ പാറിക്കുന്ന ശ്യാമിനെ എറിഞ്ഞുപിടിച്ചുകൂടെ പോലീസെ... അതോ തലയില്‍ ചട്ടി ഇല്ലാത്തവരിലേക്ക് കര്‍ത്തവ്യങ്ങളൊതുങ്ങുകയോ..
അമ്മമാരേ പഴയ കിണറ്റുകയറെടുത്ത് ശ്യാമിനെ കെട്ടിയിട്ടോ.. നല്ലതതാണ്)






കുനിഞ്ഞുനിവരുന്ന പുണ്യം
-------------------------------------




നിഷ്ഠയുള്ള ഒരു കൊട്ടാരം സേവകനായിരുന്നു അയാള്‍. രാവിലെ പെണ്ണുങ്ങളുടെ അടിച്ചുതളിയും വാരലും കഴിഞ്ഞ് കൊട്ടാരമുറ്റത്ത് വീഴുന്ന ഇലകള്‍ അപ്പപ്പോള്‍ പെറുക്കിമാറ്റുന്നതാണ് ജോലി. 

മൂന്ന് പ്ളാവില വീണത് കുനിഞ്ഞെടുത്ത് നിവരുമ്പോള്‍ തെക്കേ മുറ്റത്ത് ബദാമിന്‍റെ പഴുത്ത ഇലകള്‍ വീഴുന്നത് കാണുന്നു. അവിടേക്ക് പോകണമെങ്കില്‍ പൊന്നുതമ്പുരാന്‍റെ തിരുവടി മുറിച്ചുകടക്കണം. അവിടെ ബഹുമാനത്തോടെ താണുകുമ്പിട്ട് ബദാമിന്‍ ചുവട്ടിലേക്ക്. അവിടെ കുനിഞ്ഞ്നിവര്‍ന്ന് വീണ്ടും കുമ്പിട്ട് ക്ഷേത്രമുറ്റത്തെ ആലിന്‍ചുവട്ടിലേക്ക്. വീണ്ടും കുമ്പിട്ട് മാവിന്‍ചുവട്ടിലേക്ക്.

ഒരു ദിവസം കുമ്പിട്ട് നിവര്‍ന്നപ്പോള്‍ ഉള്ളിലെവിടെയോ ഒരു ലൈറ്റ് കെട്ടുപോയി. ഓര്‍മ്മകളൊക്കെ ഇരുളില്‍ ഒളിച്ചു. പോയ പ്രകാശം പിന്നീട് തെളിയാഞ്ഞതിനാല്‍ രാജ്യം രാജഭരണത്തില്‍ നിന്ന് പ്രജാഭരണത്തിലേക്ക് മാറിയതോ, കൊട്ടാരം ഒരു കെട്ടിടം മാത്രമായിപ്പോയതോ അറിഞ്ഞില്ല.

പൂഞ്ഞാറിലൂടെ അങ്ങനെ നടന്നു. കൊട്ടാരമുറ്റം തന്നെയെന്നും പൊന്ന്തമ്പുരാന്‍ ഇരുന്നരുളുന്ന ഇടമെന്നും നിനച്ച് , കൊവേന്ത സ്കൂള്‍പടി മുതല്‍ പഞ്ചായത്ത് ലൈബ്രറി വരെയുള്ള റോഡിലെ ഇലകളപ്പടി, കടലാസ്, പഴത്തൊലി, അടക്കാത്തൊണ്ട്, സിനമാനോട്ടീസ്, അപ്പടി പെറുക്കിമാറ്റും. ഓരോ പത്തടി നടന്നുകഴിയുമ്പോഴും രാജസന്നിധിയിലെന്നപോലെ കൈ കൂപ്പി നെറ്റിയോട് ചേര്‍ത്ത് നിലംതാണ് കുമ്പിടും .ആരോടും ഒരിക്കല്‍ പോലും സംസാരിക്കാതെ , സ്വന്തമായി പേരുപോലുമില്ലാത്ത ആ മഹാനും എന്‍റെ ഹൈസ്കൂള്‍, കോളേജ് കാലം മുഴുവന്‍ പൂഞ്ഞാറില്‍ നിറഞ്ഞുനിന്നു. പിന്നെ ഞാന്‍ നാടുവിട്ടുപോയതിനാല്‍ അവസാനത്തെ കുമ്പിടല്‍ എന്നു നടന്നു എന്ന് അറിഞ്ഞില്ല.

ഓരോ ചായക്കടക്കാരും പണം വാങ്ങാതെ മാറിമാറി ഇയാളെയും ഭ്രാന്തനാശാനെയും ഒക്കെ തീറ്റി. ബോധപൂര്‍വമല്ലെങ്കിലും സമൂഹത്തില്‍ വളരെയേറെ ഇടപെട്ട് ജിവിച്ച ഇവരെ ഓര്‍മ്മിക്കുന്ന ഒരുപാട് പേര്‍ പൂഞ്ഞാറില്‍ ഇപ്പോഴുമുണ്ടാകും.

അവനവന്‍ദേശത്ത് ഓരോരുത്തരും കുനിഞ്ഞ്നിവര്‍ന്നാല്‍ ഈ നാട് തീര്‍ച്ചയായും വൃത്തിയായി കിടക്കും. അതിന് പക്ഷേ വണക്കം വേണം സമൂഹത്തോട്... കണ്ണടച്ച് , നെറ്റിയോട് കൂപ്പുകൈ ചേര്‍ത്ത്.....




1 comment:

  1. കുനിയാന്‍ മനസ്സുള്ളവര്‍ നന്നേ കുറവ്...അത് കൊണ്ട് തന്നെ വൃത്തിയും..നന്നായി എഴുതി :)

    ReplyDelete